സഞ്ചാരികളേ ഇപ്പോള്‍ വരേണ്ട, ഞങ്ങള്‍ അല്പം ബിസിയാണ്

2017jan30eravikulam

തൊടുപുഴ: വരയാടുകളെ കാണാന്‍ ഇനി രണ്ടു മാസത്തേക്ക് ആരും രാജമലയിലേക്കു പോകേണ്ട. കാരണം, അവര്‍ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കാനുള്ള തിരക്കിലാണ്.

ഇരവികുളം ദേശീയോദ്യാനത്തിലെ രാജമലയില്‍ രാജകീയമായി ജീവിക്കുന്ന വരയാടുകള്‍ക്ക് ഇനിയുള്ള രണ്ടു മാസം പ്രജനനകാലം. ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംരക്ഷിത മൃഗമായ വരയാടുകള്‍ക്കു പ്രജനനകാലത്തു മനുഷ്യസാന്നിധ്യം ദോഷകരമായതിനാല്‍ ഇരവികുളത്തേക്കുള്ള സഞ്ചാരികളുടെ കടന്നുവരവ് ഫെബ്രുവരി ഒന്നു മുതല്‍ ഏപ്രില്‍ ഒന്നുവരെ വനംവകുപ്പ് നിരോധിച്ചു.

മണ്‍സൂണ്‍ കാലത്താണു വരയാടുകളുടെ ഇണചേരല്‍. ജൂണ്‍ജൂലൈ മാസങ്ങളില്‍ ഇണചേരാനായി ആണ്‍ ആടുകള്‍ ഒരു പ്രദേശത്ത് ഒത്തു ചേരും. ഇതിനു ശേഷം ഒരോരുത്തരും തങ്ങള്‍ക്കു യോജിച്ച ഇണയെ കണ്ടെത്തുന്നു. ചിലപ്പോള്‍ ഒരു പെണ്ണാടിനായി ആണാടുകള്‍ തമ്മില്‍ പോരടിക്കാറുണ്ട്. കൂട്ടത്തിലെ കരുത്തനായ ആണാട് ഇഷ്ടപ്പെട്ട ഇണയെ സ്വന്തമാക്കും. മണ്‍സൂണ്‍ കാലം അവസാനിക്കുന്നതു വരെ ഇണചേരല്‍ തുടരും. ഇണചേരല്‍ സീസണ്‍ അവസാനിച്ച ശേഷം ആണാടുകള്‍ താഴ്്്വാരങ്ങളിലേക്കും പെണ്ണാടുകള്‍ മലമുകളിലേക്കും മാറും.

180 ദിവസമാണു ഗര്‍ഭകാലം. പ്രസവസമയം അടുക്കുന്നതോടെ പെണ്ണാടുകള്‍ പാറയിടുക്കിലേക്കു താമസം മാറുകയും ഫെബ്രുവരി മാര്‍ച്ചു മാസങ്ങളില്‍ കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്യും.

സാധാരണ ഒരു പ്രസവത്തില്‍ ഒരു കുട്ടി മാത്രമാണുണ്ടാവുക. എന്നാല്‍, അപൂര്‍വമായി രണ്ടു കുട്ടികള്‍ ഉണ്ടാകാറുണ്ട്. പ്രസവ ശേഷം രണ്ടു മാസം കുഞ്ഞ് തള്ളയാടിന്‍റെ സംരക്ഷണയില്‍ പാറയിടുക്കില്‍ തന്നെയാവും കഴിയുക. 16 മാസമാണു പ്രായപൂര്‍ത്തിയാവാന്‍ വേണ്ടത്. രണ്ടു മാസം തള്ളയാടിന്‍റെ മുലപ്പാല്‍ കുടിച്ച ശേഷം പുല്ലും കുറ്റിച്ചെടികളും തിന്നാന്‍ തുടങ്ങും.

തമിഴ്‌നാടിന്‍റെ സംസ്ഥാന മൃഗമായ വരയാടുകള്‍ക്ക് ഈ പേരു ലഭിച്ചതു തമിഴില്‍നിന്നാണ്. തമിഴില്‍ വരൈ എന്നാല്‍ പാറ എന്നാണ് അര്‍ഥം. പാറക്കെട്ടുകളുടെ ചരിവുകളിലൂടെ അനായാസം നടക്കാനുള്ള കഴിവു മൂലമാണ് ഈ പേരു ലഭിച്ചത്. ‘വരൈ ആട്’ മലയാളത്തില്‍ “വരയാടായി’ മാറിയെന്നു മാത്രം. പാറയിടുക്കിലൂടെ സഞ്ചരിക്കാനുള്ള കഴിവ് ഇവയെ ശത്രുക്കളില്‍നിന്നു രക്ഷിക്കുന്നു. ശത്രുക്കള്‍ക്കു കടന്നു കയറാന്‍ വിഷമമുള്ള പാറയുടെ ചെരിവുകളിലൂടെയെല്ലാം വരയാടുകള്‍ അനായാസം പായും.

ആണാടുകള്‍ പെണ്ണാടുകളെ അപേക്ഷിച്ച് തൂക്കത്തിലും ഉയരത്തിലും മുന്നിലാണ്. 100 മുതല്‍ 110 സെന്‍റിമീറ്റര്‍ വരെ ഉയരവും 100 കിലോഗ്രാമിലധികം തൂക്കവും ആണാടുകള്‍ക്കുണ്ട്. പെണ്ണാടുകള്‍ക്ക് 6585 സെന്‍റിമീറ്റര്‍ വരെ ഉയരവും 70 കിലോഗ്രാമോളം തൂക്കവും ഉണ്ടാവും.

ആണ്‍ആടുകള്‍ക്കും പെണ്‍ആടുകള്‍ക്കും പിന്നിലേക്കു വളഞ്ഞ കൊന്പുകള്‍ ഉണ്ടാവും. ഇരുണ്ട ബ്രൗണ്‍ നിറമായിരിക്കും അണിന്. എന്നാല്‍, പെണ്ണാടിന് ഐറിഷ് ബ്രൗണ്‍ നിറമായിരിക്കും. ഒന്പതു വര്‍ഷം വരെയാണ് ഇവയുടെ ആയുസെങ്കിലും മിക്കവയും 34 വര്‍ഷമേ ജീവിച്ചിരിക്കാറുള്ളൂ.

ബ്രിട്ടീഷ് ഭരണകാലത്തു വന്‍തോതില്‍ വേട്ടയാടപ്പെട്ടതാണു വരയാടുകള്‍ വംശനാശത്തിലേക്ക് എത്താന്‍ കാരണം. 1975ലാണ് വരയാടുകളെ സംരക്ഷിത മൃഗമായി പ്രഖ്യാപിച്ചത്. രാജമലയില്‍ ഇപ്പോള്‍ 2500നും 3000 ത്തിനും ഇടയ്ക്കു വരയാടുകള്‍ ഉണ്ടെന്നാണു കണക്ക്. ആടുവര്‍ഗത്തില്‍പ്പെട്ട ഇവയ്ക്കു വളര്‍ത്താടുകളോടു സാദൃശ്യമു ണ്ടെങ്കിലും ഇവയുടെ ആവാസവ്യവസ്ഥ വ്യത്യസ്തമായതിനാല്‍ മറ്റു സ്ഥലങ്ങളില്‍ വളര്‍ത്താനാവില്ല. തണുപ്പും വരണ്ട കാലാ വസ്ഥയും ഇഷ്ടപ്പെടുന്ന ഇവയ്ക്കു സമുദ്രനിരപ്പില്‍നിന്ന് 1500 അടി ഉയരത്തിലേ ജീവിക്കാനാവൂ.

സിജോ പി. ജോണ്‍

Related posts