ഗായകനു മാത്രം പണം കിട്ടിയാല്‍ മതിയോ? പാട്ടുകൾ പാടാനുള്ളതാണ്, നിയമക്കുരുക്കിൽ പിടയാനുള്ളതല്ല: വയലാർ ശരത്ചന്ദ്രവർമ

Vayalar_Sarathchandravarma_220317

ആലപ്പുഴ: പാട്ടുകള്‍ എല്ലാവര്‍ക്കും പാടാനും കേള്‍ക്കാനും അവസരമുണ്ടാകുന്നതല്ലേ പാട്ടെഴുത്തുകാരന്‍റെയും സംഗീത സംവിധായകന്‍റെയും പാട്ടുകാരന്‍റെയും വളര്‍ച്ചയ്ക്കും സംതൃപ്തിക്കും നല്ലതെന്ന് ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ. പാട്ടുകള്‍ പാടാനുള്ളതാണെന്നും നിയമക്കുരുക്കില്‍ പിടയാനുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്‍റെ ഗാനങ്ങള്‍ അനുമതിയില്ലാതെ വേദികളിൽ പാടുന്നതിനെതിരേ ഇളയരാജ രംഗത്തുവന്ന സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാട്ടുകള്‍ മറ്റുള്ളവര്‍ പാടിക്കേള്‍ക്കുമ്പോള്‍ സൃഷ്ടികര്‍ത്താക്കള്‍ക്ക് സന്തോഷമാണ് തോന്നുന്നതും തോന്നേണ്ടതും. പണ്ട് ഗാനമേളകളുടെ ആരംഭഘട്ടത്തില്‍ യേശുദാസിനെതിരെ ദേവരാജന്‍ മാസ്റ്ററും ഇതുപോലെ രംഗത്തുവന്നിരുന്നു. കേസിനു നിലനില്‍പ്പില്ലെന്നു വന്നപ്പോള്‍ വയലാറിന്‍റെ കുടുംബാംഗങ്ങളെന്ന നിലയ്ക്ക് അന്ന് കക്ഷിചേരാന്‍ അഭ്യര്‍ഥിച്ചിരുന്നു. അന്ന് വയലാര്‍ ട്രസ്റ്റിലെ അംഗമായിരുന്ന നോവലിസ്റ്റ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ ചോദിച്ചത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വയലാറിന്‍റെ പാട്ടുകളെ ഇല്ലാതാക്കണോ എന്നായിരുന്നു. വയലാറിന്‍റെ കവിതകള്‍ തലമുറകളോളം നിലനില്‍ക്കണമെന്നും പണത്തിനായി ആര്‍ക്കും അത് തീറെഴുതി കൊടുക്കരുതെന്നുമാണ് മലയാറ്റൂർ ഞങ്ങളോടു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഗാനത്തിന്‍റെ നിര്‍മിതിയില്‍ സംഗീത സംവിധായകനും രചയിതാവിനും അതിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കുമടക്കം നിരവധി പേര്‍ക്ക് പങ്കുണ്ട്. ഇളയരാജ തന്‍റെ ഗാനങ്ങളുടെ പകര്‍പ്പവകാശം വാങ്ങിയിട്ടുണ്ടോയെന്ന കാര്യം തനിക്കറിയില്ല. അതുകൊണ്ടു തന്നെ അതിനെ വിമര്‍ശിക്കാനും താനാളല്ല. ഒരു പക്ഷേ, ഗായകനു മാത്രം പണം കിട്ടിയാല്‍ മതിയോ എന്ന ചിന്തയാകാം ഇത്തരം നീക്കങ്ങളുടെ പിന്നില്‍. എന്നെ സംബന്ധിച്ചിടത്തോളം ആസ്വാദകരുടെ പിന്തുണയാണ് പ്രാധാന്യമുള്ളത്. അവരുടെ മുന്നില്‍ “തെണ്ടി’യാകാനുള്ള ധൈര്യം ഉണ്ട്. നിലവില്‍ ഐപിആര്‍എസ് എന്ന സംഘടനയുണ്ട്. അതുവഴി ആകാശവാണി, ദൂരദര്‍ശന്‍ തുടങ്ങിയ ഇടങ്ങളില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ റോയല്‍റ്റി ഇനത്തില്‍ വേണ്ട തുക ലഭ്യമാക്കുന്നുണ്ടെന്നാണ് അറിവ്. എന്നാല്‍ ഗാനമേളകളില്‍ ഇതു പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് അറിവില്ലെന്നും വയലാർ ശരത്ചന്ദവർമ പറഞ്ഞു.

Related posts