ലക്ഷങ്ങളുടെ നഷ്ടം..! കാട്ടാനശല്യത്തിൽ മനംനൊന്ത് കർഷകർ വാഴത്തോട്ടം വെട്ടി നശിപ്പിച്ചു; തെങ്ങും, ജാതിയും കമുകും രക്ഷിക്കാനാണ് ഇടവിളകൾ വെട്ടിമാറ്റിയത്

vazha-krishiകരിമ്പ: നിരന്തരമായ കാട്ടാനശല്യത്തിൽ മനംനൊന്ത് കർഷകർ വാഴത്തോട്ടം പൂർണമായും വെട്ടിനശിപ്പിച്ചു. കരിമ്പ മൂന്നേക്കർ ചെറുപറമ്പിൽ ജോസ്, സാബു എന്നിവരുടെ വാഴത്തോട്ടമാണ് നാട്ടുകാരുടെ സഹകരണത്തോടെ വെട്ടിനശിപ്പിച്ചത്. നാലേക്കർവരുന്ന സ്‌ഥലത്ത് വിവിധ ഇനങ്ങളിലുള്ള മൂവായിരത്തോളം വാഴകളുണ്ടായിരുന്നു.

രാത്രികാലങ്ങളിൽ കൂട്ടമായെത്തുന്ന കാട്ടാനകൾ കൃഷിനശിപ്പിക്കുന്ന വിവരം വനംവകുപ്പധികൃതരേയും മറ്റും യഥാസമയം അറിയിച്ചിട്ടും അനുകൂല നടപടിയുണ്ടാകാതിരിക്കുന്നതിൽ മനംനൊന്താണ് കർഷകർ ഇത്തരം സമീപനം സ്വീകരിച്ചത്. കാട്ടാനകൾ നൂറുക്കണക്കിന് വാഴകളും ജാതി, തെങ്ങ്, കവുങ്ങ് തുടങ്ങിയ വിളകളും നശിപ്പിച്ചിരുന്നു.

സ്‌ഥലമുടമകൾ സ്വന്തം ചിലവിൽ സ്‌ഥാപിച്ച വൈദ്യുതിവേലിവരെ തകർത്തശേഷമാണ് കാട്ടാനകൾ കൃഷിയിടത്തിൽ കടക്കുന്നത്.ചക്ക,മാങ്ങ തുടങ്ങിയ ഫലങ്ങൾ തേടി കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലെത്തുന്നത് പതിവായതോടെ പ്രദേശത്തെ ഒട്ടുമിക്ക കർഷകും ഇവ മൂപ്പെത്തുന്നതിനു മുമ്പേ നശിപ്പിച്ചുകളയുന്ന സ്‌ഥിതിവിശേഷമാണ് ഇവിടെയിപ്പോൾ. വാഴകൾ തള്ളിയിട്ടശേഷം തണ്ടുപൊളിച്ച് വാഴപ്പിണ്ടി തിന്നുന്ന ആനകൾ ഇവയെ ഓടിക്കാൻ ശ്രമിക്കുന്ന ആളുകൾക്കുനേരെ ആക്രമണത്തിനു മുതിരുകയാണ്.

കരിമ്പ പഞ്ചായത്തിലെ മൂന്നേക്കർ, തുടിക്കോട്,മീൻവല്ലം, കുറുമുഖം തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനശല്യം അതിരൂക്ഷമായി തുടരുകയാണിപ്പോഴും. ഇങ്ങനെയായിരിക്കെയാണ് കർഷകരുടെ കൃഷി നശിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധം. തെങ്ങ് ,ജാതി തുടങ്ങിയ വിളകൾ സംരക്ഷിക്കുന്നതിനായാണ് ഇടവിളയും ആനയുടെ ഇഷ്‌ടയിനവുമായ വാഴകൾ വെട്ടി ഒഴിവാക്കാൻ കർഷകരെ പ്രേരിപ്പിച്ചത്.

ഇതുമൂലം ഏകദേശം പത്തുലക്ഷത്തോളം രൂപയുടെ നഷ്‌ടം കണക്കാക്കുന്നതായി ഇവർ പറഞ്ഞു. ഏതാനും വർഷംമുമ്പ് പ്രദേശത്തെ തച്ചൊടിയിൽ രമേഷ് എന്ന കർഷകൻ സമാനരീതിയിൽ നാലായിരത്തോളം വാഴകൾ നശിപ്പിച്ചിരുന്നു.

Related posts