കരഞ്ഞതുമതി..പെണ്ണേ നീ തിരിച്ചുവരൂ! ഈ വരികളില്‍ തുളുമ്പുന്നത് എന്റെ ജീവിതം തന്നെ; ആത്മാവിനെ തൊടുന്ന സംഗീത വീഡിയോയുമായി അമൃത സുരേഷ്

amrtuha-suresh-music-video-anayathe.png.image.784.410ജീവിതപാതയില്‍ ഏകയായി പോകുന്ന ധാരാളം സ്ത്രീകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. പലകാരണങ്ങളാലാവാം അവര്‍ നിരാശയുടെ പടുകുഴിയിലേയ്ക്ക് വീണിട്ടുള്ളത്. കാരണം എന്തായാലും തിരിച്ചുവരാന്‍ അവള്‍ ബുദ്ധിമുട്ടുന്നു എന്ന് തോന്നിയാല്‍ വേണ്ടത് ചെയ്യാന്‍ ചുറ്റുമുള്ളവര്‍ക്ക് കടമയുണ്ട്. അമൃത സുരേഷ് സംഗീത സംവിധാനം നിര്‍വ്വഹിച്ച് പാടിയഭിനയിച്ച ‘അണയാതെ’ എന്ന മനോഹരമായ മ്യൂസിക് വീഡിയോ ഓരോ പെണ്‍മനസിനോടും മന്ത്രിക്കുന്നത് ഇക്കാര്യമാണ്. അണയാതെ എന്നു അമൃതയുടെ ആദ്യ സംഗീത സൃഷ്ടിയും അഭിനയവും അതിമനോഹരമാണ്. സംഗീതരംഗത്തേയ്ക്ക് കടന്നുവന്നിട്ട് കാലംകുറേയായെങ്കിലും ഇപ്പോഴാണ് അമൃത തന്റെയുള്ളിലെ കലയെ പൂര്‍ണ്ണമായി പുറത്തുകാണിച്ചത്.

സംഗീത ആല്‍ബങ്ങള്‍ ചെയ്തു തുടങ്ങുമ്പോള്‍ അത് പെണ്‍മനസുകള്‍ക്കുവേണ്ടിയാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. എല്ലാ സപ്പോര്‍ട്ടും നല്‍കിയത് നിര്‍മ്മാതാവും സംവിധായകനുമായ വിജയ് ബാബുവാണ്. ഒരുപാട് ദുഖങ്ങളില്‍പെട്ട് ഒറ്റയ്ക്കായി പോയ ഒരു പെണ്‍കുട്ടി, അവള്‍ അനുഭവിക്കുന്ന ഏകാന്തതയേയും ജീവിതത്തിന്റെ നിറങ്ങളിലേക്കുള്ള തിരിച്ചുവരവും കാടിന്റെ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. അനിയത്തി അഭിരാമിയാണ് തന്റെ വിമര്‍ശകയും ശക്തിയുമെന്ന് അമൃത പറയുന്നു. നെഞ്ചം വിങ്ങും നോവിന്‍ ഈണം പോലെ മാറും പെണ്ണേ…എന്ന വരികളില്‍ തുടങ്ങുന്ന പാട്ടിലുള്ളത് തന്റെ ജീവിതം തന്നെയാണെന്ന് അമൃത പറയുന്നു. എന്റെ ജീവിതത്തില്‍ ഞാനും കുറേ കരഞ്ഞിട്ടുണ്ട്…അങ്ങനെ കരഞ്ഞ ഒരുപാടു പേരെ എനിക്കറിയാം…എന്നെപ്പോലെ കരഞ്ഞു മടുത്ത് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയവരെ ഉദ്ദേശിച്ചാണ് ഈ വീഡിയോ തയാറാക്കിയത്. അത്തരത്തില്‍ വിഷമിക്കുന്നവരോട് ഇതേ പറയാനുള്ളു. മടങ്ങിവരൂ..ജീവിതം ഒന്നേയുള്ളു.

Related posts