Set us Home Page

പീഡനത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ച വിഷ്ണും കുടുംബവും ഒളിവില്‍, പോലീസ് വീട്ടില്‍ അന്വേഷിച്ച് ചെന്നപ്പോള്‍ കണ്ടത് പൂട്ടിയ വീട്, വിഷ്ണു ബിജെപി നേതാവിന്റെ അനന്തിരവന്‍

ജമ്മു കാഷ്മീരിലെ കഠുവ വില്ലേജില്‍ കൂട്ടബലാത്സംഗത്തിനിടെ എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഇരയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം നവമാധ്യമങ്ങളില്‍ പ്രതികരിച്ച മുന്‍ ബാങ്ക് മാനേജര്‍ക്കെതിരേ പോലീസ് കേസെടുത്തു.

കൊട്ടക് മഹീന്ദ്ര ബാങ്ക് പാലാരിവട്ടം ബ്രാഞ്ച് അസിസ്റ്റന്റ് മാനേജരായിരുന്ന നെട്ടൂര്‍ സ്വദേശി കുഴിപ്പിള്ളില്‍ വീട്ടില്‍ വിഷ്ണു നന്ദകുമാറിനെതിരേ പനങ്ങാട് പോലീസാണു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവത്തെത്തുടര്‍ന്നു യുവാവിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടതിനു പിന്നാലെ ഇന്നലെയാണ് പോലീസ് കേസെടുത്തത്.

എറണാകുളം ജില്ലയിലെ മുതിര്‍ന്ന ബിജെപി നേതാവിന്റെ മകനായ ഇയാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നു പോലീസ് വ്യക്തമാക്കി. വിവിധ രാഷ്ട്രീയ സംഘടനകളുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോണ്‍ഗ്രസ്, സിപിഎം, സിപിഐ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ യുവാവിനെതിരേ രംഗത്തുവരികയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ യുവാവ് കുടുംബസമേതം സ്ഥലത്തുനിന്നു മുങ്ങിയതായാണു പോലീസ് പറയുന്നത്. ഇന്നലെ വൈകിട്ടോടെ വിഷ്ണുവിനെതേടി പോലീസ് സംഘം ഇയാളുടെ വീട്ടിലെത്തിയെങ്കിലും വീട്ടുകാര്‍ ആരും സ്ഥലത്തില്ലായിരുന്നുവെന്നും മുങ്ങിയതായാണു വിവരം ലഭിച്ചതെന്നും അധികൃതര്‍ പറഞ്ഞു. ഇയാളെ പിടികൂടി ചോദ്യം ചെയ്യുന്നതിനായി കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരി പത്തിനാണു കഠുവയില്‍ എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയെ മയക്കുമരുന്നു നല്‍കി ഉറക്കിയ ശേഷം ക്ഷേത്രത്തിനുള്ളില്‍ വച്ച് എട്ടോളം പേര്‍ ദിവസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടി കൊല്ലപ്പെട്ട വാര്‍ത്ത വന്നതിന്റെ താഴെ ‘ഇവളെയെല്ലാം ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യയ്‌ക്കെതിരേ തന്നെ ബോംബായി വന്നേനെ’ എന്ന് യുവാവ് കമന്റ് ചെയ്യുകയായിരുന്നു. പോസ്റ്റിനെതിരേ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണു 24 മണിക്കൂറിനുള്ളില്‍ വിഷ്ണു നന്ദകുമാറിനെ പുറത്താക്കാന്‍ ബാങ്ക് നടപടി സ്വീകരിച്ചത്.

യുവാവിനെ പുറത്താക്കിയക്കാര്യം ട്വറ്ററിലൂടെയാണു ബാങ്ക് അറിയിച്ചത്. കമന്റിനെതിരെയും ബാങ്കിനു നേരെയും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ പ്രതിഷേധം ശക്തമായതോടെയാണു ബാങ്ക് ശക്തമായ നടപടി സ്വീകരിച്ചത്.

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റിട്ടും പേജിന്റെ ലൈക്ക് പിന്‍വലിച്ചും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. ഇതിനു പുറമെ വിഷ്ണു നന്ദകുമാറിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കെഎസ്യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വൈ. ഷാജഹാനും പരാതി നല്‍കിയിരുന്നു.

 

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS