സ്മാര്‍ട്ടായവര്‍ക്ക് സ്മാര്‍ട്ടര്‍ വാഗണ്‍

wagonrമാരുതി സുസുകിയുടെ ബജറ്റ് ഫ്രണ്ട്‌ലി കാറുകളിലൊന്നാണ് വാഗണ്‍ ആര്‍. സമീപകാലങ്ങിളില്‍ മാരുതിയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളില്‍ മുന്‍നിരയിലുള്ള മോഡലും. വാഗണ്‍ ആര്‍ ശ്രേണിയില്‍ നിര്‍മാതാക്കള്‍ ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഗിയര്‍ബോക്‌സ് മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. കൂടാതെ ഓപ്ഷണലായി ആന്‍റി ലോക്ക് ബ്രേക്കിംസ് സംവിധാനവും ഡുവല്‍ ഫ്രണ്ട് എയര്‍ബാഗും നല്കുന്നതൊഴിച്ചാല്‍ വാഹനത്തിന്‍റെ രൂപത്തിലും ഭാവത്തിലും മാറ്റമൊന്നും വരുത്തിയിട്ടില്ല.

പുറംമോടി: ഭംഗിയുള്ള എയ്‌റോഡൈനാമിക് ബോഡി സ്ട്രക്ചര്‍. വലിയ ടെയില്‍ലൈറ്റ് ക്ലസ്റ്റര്‍, വൈപ്പറും ഡീഫോഗറുമുള്ള വലിയ വിന്‍ഡ്ഷീല്‍ഡ് എന്നിവയാണ് പിന്നിലെ പ്രത്യേകത. ബംപറുകള്‍ക്ക് ബോഡി കളര്‍ തന്നെയാണു നല്കിയിരിക്കുന്നത്. മുന്നിലെ ബംപറില്‍ വലിയ എയര്‍ ഡാമിന് ഇരുവശത്തുമായി ഫോഗ് ലാമ്പുകള്‍. എയര്‍ഡാമിനും ഫോഗ് ലാമ്പുകള്‍ക്കും സ്റ്റിംഗ്‌റേ മോഡലിനോട് സാമ്യമുണ്ടെങ്കിലും ഹെഡ് ലാമ്പിനും ഗ്രില്ലിനും മാറ്റമുണ്ട്. മറ്റു പറയത്തക്ക മാറ്റങ്ങള്‍ പുറത്തു വരുത്തിയിട്ടില്ല.

വലുപ്പം: 3636 എംഎം നീളവും 1,670 എംഎം ഉയരവുമുള്ള വാഗണ്‍ ആറിന് 1475 എംഎം വീതിയാണുള്ളത്. ഗ്രൗണ്ട് ക്ലിയറന്‍സ് 165 എംഎം ആണ്. ടേണിംഗ് റേഡിയസ് 4.6 മീറ്റര്‍.

ഉള്‍വശം: സ്ഥലമുള്ള കാബിന്‍ എന്ന് ഒറ്റവാക്കില്‍ പറയാം. പ്രീമിയം ബ്ലാക്ക് കളര്‍ സ്കീമാണ് ഉള്‍വശത്തിന്. സുഖയാത്ര നല്കാന്‍ കഴിയുന്ന സീറ്റുകള്‍. ഹെഡ് റെസ്റ്റുകള്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയും. പിയാനോ ബ്ലാക്ക് ഫിനിഷിംഗോടുകൂടിയ ഡാഷ്‌ബോര്‍ഡാണ് കോക്പിറ്റിലുള്ളത്. ഇരുവശത്തും പുഷ് ടൈപ് കപ് ട്രേകള്‍, രണ്ടു ഗ്ലവ് ബോക്‌സുകള്‍ എന്നിവയുണ്ട്. മുന്നിലും പിന്നിലും സ്പീക്കര്‍ ഉള്‍ക്കൊണ്ട സിഡി പ്ലെയര്‍, എഫ്എം/എഎം റേഡിയോ, യുഎസ്ബി മ്യൂസിക് സിസ്റ്റമാണ് സെന്‍ട്രല്‍ കണ്‍സോളിലുള്ളത്. കോ െ്രെഡവര്‍ സീറ്റിന്‍റെ അടിയില്‍ ട്രേയോടുകൂടിയ സ്‌റ്റോറേജ് സ്‌പേസ് നല്കിയിരിക്കുന്നു. ഡേ ആന്‍ഡ് നൈറ്റ് ഇന്‍റേണല്‍ റിയര്‍ വ്യൂ മിററാണ് മറ്റൊരു പ്രത്യേകത.

പവര്‍ വിന്‍ഡോകള്‍, 12 വോള്‍ട്ട് ആക്‌സസറി സോക്കറ്റ്, ടില്‍സ്റ്റ് അഡ്ജസ്റ്റ്‌മെന്‍റ് ഉള്ള സ്റ്റിയറിംഗ് വീല്‍, കൂടാതെ ഓഡോമീറ്റര്‍, ടാക്കോമീറ്റര്‍, ട്രിപ് മീറ്റര്‍, ഇന്ധന ഉപയോഗം തുടങ്ങിയ വിവരങ്ങള്‍ കാണിക്കുന്ന മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ മീറ്റര്‍ കണ്‍സോളില്‍. ബൂട്ട് സ്‌പേസ് 180 ലിറ്റര്‍.

എന്‍ജിന്‍: 67.06 ബിച്ച്പി പവറും 90 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1 ലിറ്റര്‍ കെ സീരിസ് പെട്രോള്‍ എന്‍ജിനാണ് വാഗണ്‍ ആറിന്‍റെ കരുത്ത്. 5 സ്പീഡ് മാന്വല്‍, ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ്. മികച്ച ഇന്ധനക്ഷമതയുള്ളതാണ് മാരുതിയുടെ കെ സീരിസ് എന്‍ജിന്‍.

മൈലേജ്: ലിറ്ററിന് 20.51 കിലോമീറ്റര്‍ (എഎംടി).

സുരക്ഷ: വാഗണ്‍ ആര്‍ സീരിസിലെ മികച്ച ബ്രേക്കിംഗ് സംവിധാനമാണ് പുതിയ മോഡലിനു നല്കിയിരിക്കുന്നത്. മുന്‍ചക്രങ്ങളില്‍ ഡിസ്ക് ബ്രേക്കുകളും പിന്നില്‍ ഡ്രം ബ്രേക്കുകളുമാണുള്ളത്. ടോപ് വേരിയന്‍റില്‍ മാത്രമാണ് ആന്‍റി ലോക്ക് ബ്രേക്കിംഗ് സംവിധാനമുള്ളത്.

പിന്‍ ഡോറുകളില്‍ ചൈല്‍ഡ് സേഫ്റ്റി ലോക്ക്, സെന്‍ട്രല്‍ ലോക്ക് എല്ലാ വേരിയന്‍റിലുമുള്ളപ്പോള്‍ ഡുവല്‍ ഫ്രണ്ട് എയര്‍ബാഗ് ഓപ്ഷണലാണ്. കൂടാതെ ഡ്രൈവര്‍ സീറ്റ്‌ബെല്‍റ്റ് വാണിംഗ് ഇന്‍ഡിക്കേറ്റര്‍ പുതുമയാണ്.

വില: ഓട്ടോമാറ്റിക് വേരിയന്‍റ് 4.95 ലക്ഷം രൂപ മുതല്‍.

ടെസ്റ്റ് ഡൈവ്ര്: എവിജി മോട്ടോഴ്‌സ്, കോട്ടയം ഫോണ്‍: 8547916352

ഐബി

Related posts