ശശികലയുടെ പ്ലാനുകള്‍ തെറ്റുന്നു, പോയസ് ഗാര്‍ഡന്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ജയയുടെ അനന്തിരവന്‍, ദീപക്കിന്റെ നീക്കങ്ങള്‍ക്കു പിന്നില്‍ ബിജെപിയോ?

poesജയലളിതയുടെ ദുരൂഹ മരണത്തിനുശേഷവും വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയായതോടെ ജയ അധ്യായം അവസാനിച്ചെന്നു കരുതിയവരെ ഞെട്ടിച്ച് പോയസ് ഗാര്‍ഡനില്‍ അവകാശമുന്നയിച്ച് പുതിയ അവതാരം രംഗത്ത്. ജയലളിതയുടെ അനന്തരവന്‍ ദീപക് ജയകുമാര്‍ ആണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ശശികലയുടെ പക്ഷത്ത് ഉറച്ചുനിന്നിരുന്ന വ്യക്തിയായിരുന്നു ദീപക്. പോയസ് ഗാര്‍ഡന്‍ വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കുമെന്നാണ് ഇയാള്‍ പറയുന്നത്. ജയയുടെ 69-ാം ജന്മദിനം ആഘോഷമാക്കാനിരിക്കുന്ന ശശികല ക്യാമ്പിന് വലിയ തിരിച്ചടിയാണ് ദീപക്കിന്റെ കടന്നുവരവ്.

“എന്റെ അമ്മായി ജയലളിതയ്ക്കു വേണ്ടി 100 കോടി രൂപാ പിഴയടക്കാന്‍ ഞാന്‍ തയാറാണ്. എന്റെ കൈയില്‍ പണമില്ല, പക്ഷേ സ്ഥലം വില്‍ക്കാന്‍ തയ്യാറാണ്. ഏത് സ്ഥലമാണ് വില്‍ക്കാന്‍ പോകുന്നതെന്ന് ഇപ്പോള്‍ പറയാനാവില്ല. പോയസ് ഗാര്‍ഡന്‍ എനിക്കും സഹോദരി ദീപയ്ക്കും അവകാശപ്പെട്ടതാണ്.” ദീപക് പറയുന്നു. പുതിയ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കാന്‍ തയാറെടുക്കുന്ന ദീപ ജയകുമാറിന്റെ സഹോദരനാണ് ദീപക്.

ദീപ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ശശികലയെ എതിര്‍ക്കുന്നത്. എന്നാല്‍ ദീപക്കിന് രാഷ്ട്രീയലക്ഷ്യങ്ങള്‍ ഒന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയതിനോടും ദീപക് വിരോധമൊന്നും പ്രകടിപ്പിച്ചിരുന്നില്ല. പക്ഷേ, ശശികലയുടെ അനന്തരവന്മാര്‍ക്കെതിരെ സംസാരിക്കുകയും ചെയ്യുന്നുണ്ട്. തന്റെ സഹോദരി ദീപ ജയകുമാര്‍ സജീവരാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെയും ദീപക് പിന്തുണയ്ക്കുന്നുണ്ട്. ജയലളിതയുടെ സ്വത്തുക്കള്‍ അനുഭവിക്കാനുള്ള അവകാശം തനിക്കും ദീപയ്ക്കും മാത്രമാണെന്നും ദീപക് വ്യക്തമാക്കുന്നു.

Related posts