രാവിലെ ആറരയോടെ ഉണര്‍ന്നു ഭക്ഷണം തയാറാക്കി കഴിച്ച ശേഷം കടുംനീല ചുരിദാര്‍ ധരിച്ചാണു ജെസ്‌ന പുറപ്പെട്ടത്, ആ യാത്രയില്‍ അപ്രതീക്ഷിതമായെന്തോ സംഭവിച്ചു, സഹോദരന് പറയാനുള്ളത്

ജെസ്‌നയുടെ തിരോധാനത്തിലെ ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ജെസ്‌ന മരിയ ജയിംസിന്റെ സഹോദരന്‍ ജെയ്‌സ്. ജെസ്‌ന അവിചാരിതമായി എന്തെങ്കിലും ആപത്തില്‍പ്പെട്ടതാകാം. ആസൂത്രിതമായ ഒരു നീക്കത്തിലാവില്ല അവള്‍ കാണാമറയത്തായത്. അതിനാല്‍ സിബിഐ അന്വേഷണം ഉടനുണ്ടാകണമെന്നും സഹോദരിയെ കണ്ടെത്താനാകുമെന്നാണു പ്രതീക്ഷയെന്നും ജെയ്‌സ് രാഷ്ട്രദീപികയോടു പറഞ്ഞു.

സിബിഐ അന്വേഷണത്തിനൊപ്പം ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലും ഉടന്‍ അനുകൂല നടപടി പ്രതീക്ഷിക്കുന്നു. ലോക്കല്‍ പോലീസ് നന്നായി കേസ് അന്വേഷിക്കുന്നുണ്ടെങ്കിലും ആശാവഹമായ ഒരു ഘട്ടത്തിലേക്കു പോകാത്ത സാഹചര്യത്തില്‍ സിബിഐ അന്വേഷണമാണ് നല്ലത്. സിബിഐ അന്വേഷത്തിനു മുന്നോടിയായി ഇതുവരെയുള്ള അന്വേഷണ പുരോഗതി അറിയിക്കാന്‍ പോലീസിനോടു കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ നാലിനു വീണ്ടും കോടതി അപേക്ഷ പരിഗണിക്കും. ഹേബിയസ് കോര്‍പസ് ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കുന്നുണ്ട്.

മാര്‍ച്ച് 22നു മുക്കൂട്ടുതറയിലെ വീട്ടില്‍നിന്നു ജെസ്‌ന പോകുമ്പോള്‍ അസാധാരണമായി ഒന്നുമുണ്ടായിരുന്നില്ല. രാവിലെ ആറരയോടെ ഉണര്‍ന്നു ഭക്ഷണം തയാറാക്കി കഴിച്ച ശേഷം കടുംനീല ചുരിദാര്‍ ധരിച്ചാണു പുറപ്പെട്ടത്. ആ യാത്രയില്‍ അപ്രതീക്ഷിതമായുണ്ടായ എന്തെങ്കിലും സംഭവമോ സാഹചര്യമോ മറ്റോ ആകാം ഈ തിരോധാനത്തിനു പിന്നില്‍. ഫോണ്‍ കോളുകളുടെയും സൗഹൃദങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ നടത്തുന്ന അന്വേഷണത്തില്‍ ഇതുവരെ കാര്യമായ സൂചനകളുണ്ടാകുന്നില്ല.

ഈ നിലയില്‍ ജെസ്‌ന പെട്ടന്നൊരു അപകടത്തിലോ ആരുടെയെങ്കിലും പിടിയിലോ അകപ്പെട്ടതായാണു സംശയിക്കേണ്ടത്. ഇത്തരമൊരു സാധ്യതയിലേക്കു കാര്യമായ അന്വേഷണങ്ങള്‍ നടന്നതായി തോന്നുന്നില്ല. ജെസ്‌നയെക്കുറിച്ചു സൂചന നല്‍കുന്നവര്‍ക്കു പ്രതിഫലം രണ്ടു ലക്ഷത്തില്‍നിന്ന് അഞ്ചു ലക്ഷമായി വര്‍ധിപ്പിച്ചതോടെ ദിവസവും നിരവധി ഫോണ്‍ കോളുകളാണു പോലീസിനു ലഭിക്കുന്നത്. ഇവയെല്ലാം സ്‌പെഷല്‍ ടീമിന് അന്വേഷിക്കേണ്ടിവരുന്നതിനാല്‍ പുതിയ സാധ്യതയിലേക്കു പരിശോധന നീളുന്നില്ല. മൂന്നോളം ജെസ്‌ന ആക്ഷന്‍ കൗണ്‍സിലുകളും നിലവിലുണ്ട്.

അജ്ഞാത ഫോണുകളുടെയും കിംവദന്തികളുടെയും പിറകെ അന്വേഷണം നീങ്ങുന്നതല്ലാതെ കൃത്യമായ സൂചനകളൊന്നും ലഭ്യമായിട്ടില്ല. ബംഗളുരു, ചെന്നൈ, മലപ്പുറം തുടങ്ങി ഒട്ടേറെ ഇടങ്ങളില്‍ അന്വേഷണം നീണ്ടു. മുക്കൂട്ടുതറയില്‍നിന്ന് എരുമേലി വരെയെത്തിയ ജെസ്‌ന പിന്നീട് എങ്ങോട്ടുപോയി എന്നതില്‍ തുടങ്ങണം അന്വേഷണം. ജെസ്‌നയെ കണ്ടെത്താതായിട്ടു മൂന്നു മാസം പിന്നിടുന്നു. അന്വേഷണം ഒരേ സാധ്യതകളിലും ഈഹാപോഹങ്ങളിലും കറങ്ങുന്നതേയുള്ളു.

അതിവിപുലമായ ഒരു പോലീസ് ടീമിനെ ഇക്കാര്യത്തില്‍ നിയോഗിക്കാന്‍ സാധിക്കില്ലെന്നിരിക്കെ സിബിഐതന്നെ അന്വേഷണം തുടങ്ങിയാല്‍ ജെസ്‌നയെ കണ്ടെത്താനാകുമെന്നാണു പ്രതീക്ഷ. മാസങ്ങള്‍ക്കും ആഴ്ചകള്‍ക്കും മുന്‍പു നടന്ന പരിശോധനകളും അന്വേഷണങ്ങളുമാണു പുതിയ സംഭവമെന്ന പേരില്‍ ചില ചാനലുകളിലും മാധ്യമങ്ങളിലും വന്നുകാണുന്നത്. സഹോദരിയെ തിരികെക്കിട്ടുമെന്നു തന്നെയാണു പ്രതീക്ഷയെന്ന് ജെയ്‌സ് പറഞ്ഞു.

Related posts