പ്രണയിച്ചയാളെ സ്വന്തമാക്കാന്‍ വീട്ടുകാരെ ധിക്കരിച്ച് മതംമാറി, ദാമ്പത്യത്തില്‍ വിള്ളല്‍ വീണതോടെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു, അമരത്തിലെ മുത്തായി മലയാളികള്‍ക്ക് സുപരിചിതയായ മാതുവിന്റെ ജീവിതം ദുരന്തമായതിങ്ങനെ

mathu 4മാതു എന്ന നടിയെ മറക്കാന്‍ മലയാളികള്‍ക്കാകുമോ? അമരത്തില്‍ മമ്മൂട്ടിയുടെ മകളായ മുത്തെന്ന കഥാപാത്രത്തെ അനശ്വരമാക്കിയ അതേ നടി. അഭിനയിച്ച ചിത്രങ്ങളിലെല്ലാം സ്വന്തം കൈയൊപ്പ് ചാര്‍ത്തിയ മാതുവിന്റെ ജീവിതം സിനിമക്കഥകളേക്കാള്‍ വലിയ ട്വിസ്റ്റുകളുടേതാണ്. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ അന്യമതസ്ഥനുമായുള്ള പ്രണയവും വിദേശവാസവും ഒടുവില്‍ ദാമ്പത്യ പരാജയവും മാതുവെന്ന മീനയെ തളര്‍ത്തി. ചെന്നൈ സ്വദേശികളായ വെങ്കിടിന്റേയും ശാന്തമ്മയുടേയും മകളായി ജനിച്ച മാതു ബാലതാരമായാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. ഡോക്ടര്‍ ആവാനായിരുന്നു മാതുവിന് ആഗ്രഹം. ചേച്ചി സരളയും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. സഹോദരന്‍ മധു യുറേക്ക ഫോബ്‌സ് ലിമിറ്റഡില്‍ ജോലി ചെയ്യുന്നു.

കന്നട സിനിമയിലാണ് ആദ്യ കാലങ്ങളില്‍ അവര്‍ ബാലതാരമായി തിളങ്ങിയത്. അമ്മയുടെ കസിന്‍ ആയ ശൈലജയും അച്ഛന്‍ വെങ്കിടും ഒക്കെ സിനിമയുമായി അടുത്ത ബന്ധമുള്ളവരായിരുന്നു. കന്നഡയില്‍ സന്നാധി അപ്പനാണ് മാതുവിന്റെ ആദ്യ സിനിമ. ബാലതാരത്തിനുള്ള കര്‍ണാടക സര്‍ക്കാരിന്റെ അവാര്‍ഡും ഈ സിനിമയിലൂടെ അവരെ തേടിയെത്തി. പിന്നീട് ഗീതയുടേയും രജനീകാന്തിന്റേയും കൂടെ ഭൈരവി എന്ന ചിത്രത്തിലും അഭിനയിച്ചു. നെടുമുടി വേണു ആദ്യമായി സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിലൂടെയാണ് മാതു മലയാളത്തിന്റെ സ്വന്തമാവുന്നത്. കൂടുതലും നാടന്‍ വേഷങ്ങളിലായിരുന്നു അവര്‍ പ്രത്യക്ഷപ്പെട്ടത്. സെറ്റുമുണ്ടും പട്ടുപാവാടയും ധരിച്ചെത്തുന്ന മലയാളത്തനിമയുള്ള വേഷങ്ങളോടാടിരുന്നു മാതുവിനും താത്പര്യം. തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചു.mathu actor

സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടെയാണ് ഡോ. ജാക്കോബുമായി മാതു കണ്ടുമുട്ടുന്നത്. പരിചയം പ്രണയത്തിലേക്ക് വഴിമാറാന്‍ സമയം വേണ്ടിവന്നില്ല. വീട്ടുകാരെ ധിക്കരിച്ച് അന്യമതസ്ഥനായ ജാക്കോബുമായി മാതുവിന്റെ വിവാഹം നടന്നു. 1999 ലാണ് മാതുവും അമേരിക്കയില്‍ സെറ്റില്‍ഡായ ഡോ. ജാക്കോബും തമ്മിലുള്ള വിവാഹം നടന്നത്. മീന എന്ന് പേരും മാറ്റി. വിവാഹ ശേഷം സിനിമ ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയി. എന്നാല്‍ ദാമ്പത്യം അത്ര സുഖകരമായിരുന്നില്ല. പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ടതോടെ ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. അതോടെ വിവാഹ മോചനം എന്ന പോംവഴി കണ്ടെത്തി. 2012ല്‍ ഇരുവരും വേര്‍പിരിഞ്ഞു. വിവാഹ മോചനം കഴിഞ്ഞുവെങ്കിലും 15, 12 ഉം വയസ്സുള്ള മക്കള്‍ക്കും അച്ഛനും അമ്മയ്ക്കുമൊപ്പം ന്യൂയോര്‍ക്കില്‍ തന്നെയാണ് ഇപ്പോഴും മാതു. ന്യൂയോര്‍ക്കില്‍ സ്വന്തമായി നൃത്താഞ്ജലി ഡാന്‍സ് അക്കാദമി നടത്തുകയാണ് താരം. അഭിനയിക്കാനുള്ള മോഹം കൊണ്ട് വിവാഹ മോചനം നേടി തിരിച്ചുവരുന്ന നായികമാരുടെ കൂട്ടത്തില്‍ മാതുവിനെ ഉള്‍പ്പെടുത്താന്‍ കഴിയില്ല. പ്രണയത്തിന് വേണ്ടി എല്ലാം ത്യജിച്ച മാതു ഇപ്പോള്‍ ഒന്നുമില്ലാതെ ഒറ്റയ്ക്കാണ്.സമയവും അവസരവും ഒത്തുവന്നാല്‍ വീണ്ടും സിനിമയിലേക്ക് മടങ്ങിവരുമെന്നും മാതു പറയുന്നു.

(രാഷ്ട്രദീപികഡോട്ട്‌കോം തയാറാക്കുന്ന സ്‌പെഷ്യല്‍ ഫീച്ചറുകള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കോപ്പി ചെയ്ത് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആവര്‍ത്തിക്കുന്നപക്ഷം നിയമനടപടി സ്വീകരിക്കുന്നതാണ്)

Related posts