‘മുഖം മറച്ച സ്ത്രീകള്‍ സംസ്ഥാനത്തിന്റെ മുഖമുദ്ര’! ഹരിയാന സര്‍ക്കാരിന്റെ പരസ്യം വിവാദമാകുന്നു; ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ എന്ന മുദ്രാവാക്യത്തിന് പിന്നിലെ തട്ടിപ്പ് പുറത്തായെന്ന് കോണ്‍ഗ്രസ്

ad-1498638946മുഖംമറച്ച സ്ത്രീകള്‍ സംസ്ഥാനത്തിന്റെ മുഖമുദ്രയെന്ന് രേഖപ്പെടുത്തി കൊണ്ടുള്ള ഹരിയാന സര്‍ക്കാരിന്റെ പരസ്യം വിവാദമാകുന്നു. കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ പുറത്തിറക്കിയ കൈപ്പുസ്തകത്തിലാണ് മുഖം പുറത്ത് കാണിക്കാത്ത സ്ത്രീകള്‍ സംസ്ഥാനത്തിന്റെ മുഖമുദ്ര എന്ന അര്‍ഥത്തിലുള്ള തലക്കെട്ട് നല്‍കിയിരിക്കുന്നത്. തലയില്‍ കാലിത്തീറ്റയുമേന്തി നില്‍ക്കുന്ന മുഖം പൂര്‍ണമായും തുണി കൊണ്ട് മറച്ച സ്ത്രീയുടെ ചിത്രമാണ് 2017 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച കൃഷി സംവാദ് മാഗസിനിലുള്ളത്. സ്ത്രീകളുടെ മുഖപടം ഹരിയാനയുടെ അഭിമാന ചിഹ്നം എന്നര്‍ഥം വരുന്ന വാക്കുകളാണ് ഹിന്ദിയില്‍ ഫോട്ടോയ്ക്ക് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. സ്ത്രീകളോടുള്ള ബിജെപി സര്‍ക്കാരിന്റെ പിന്തിരിപ്പന്‍ സമീപനമാണ് ഈ ചിത്രം വെളിവാക്കുന്നതെന്നാണ് കോണ്‍ഗ്രസ്സ് വക്താവ് റണ്‍ദീപ് സുര്‍ജാവാല ഇതേക്കുറിച്ച് പ്രതികരിച്ചത്.

ഒരു വശത്ത് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി സര്‍ക്കാര്‍ പദ്ധതികള്‍ രംഗത്തിറങ്ങുമ്പോഴും മറുവശത്ത് ലഘുലേഖകളിലൂടെ സ്ത്രീയെ ശാക്തീകരിക്കുന്നതിന് എതിരായ നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് കോണ്‍ഗ്രസ്സ് ആരോപിക്കുന്നു. ഏറ്റവും മോശമായ സ്ത്രീ പുരുഷ അനുപാതമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് ഹരിയാന. 879 സ്ത്രീകള്‍ക്ക് 1000 പുരുഷന്മാര്‍ എന്നതാണ് 2011 സെന്‍സസ് പ്രകാരമുള്ള ഇവിടങ്ങളിലെ കണക്ക്. സ്‌പേയ്‌സ് സയന്‍സ്, കായികം, ആയോധനകലകള്‍ എന്നിവയില്‍ ഹരിയാനയിലെ സ്ത്രീകള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ എത്ര വലുതാണെന്ന കാര്യം സര്‍ക്കാര്‍ മറന്നുപോയോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഒരു സ്ത്രീകളെയും തങ്ങള്‍ മുഖംമറയ്ക്കുന്നതിനായി നിര്‍ബന്ധിച്ചിട്ടില്ലെന്നും സ്ത്രീകളുടെ ഉന്നമനത്തിനായി നൂതനമായ പല കാര്യങ്ങളും തങ്ങള്‍ ചെയ്യാറുണ്ടെന്നും ഹരിയാന മന്ത്രി അനില്‍ വിജ് പറഞ്ഞു. ഒരു പുസ്തകത്തിലോ നോട്ടീസിലോ എന്തെങ്കിലും കണ്ടെന്ന് കരുതി അതാണ് ആ സംസ്ഥാനത്തിന്റെ നയം എന്ന് കരുതരുതെന്നും പ്രതിപക്ഷമുന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

Related posts