ദിലീപിന് പാരയായത് മഹാനടന്‍ തിലകന്റെ ശാപമോ; ദിലീപ് വിഷമാണെന്ന് അന്നേ തിലകന്‍ പറഞ്ഞിരുന്നു; അമ്മ പ്രവര്‍ത്തിക്കുന്നത് മാഫിയാസംഘത്തേപ്പോലെ; തിലകന്‍ അന്നു പറഞ്ഞതിങ്ങനെ…

thikl600 മഹാനടന്‍ തിലകന്റെ ശാപമോ ഇത് ? നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ സിനിമാപ്രേമികളുടെ മനസില്‍ ഉയരുന്ന ചോദ്യമിതാണ്. ഇപ്പോള്‍ ദിലീപ് കുറ്റക്കാരനാണെന്നു സംശയാതീതമായി തെളിഞ്ഞപ്പോള്‍ സിനിമാ സംഘടനയായ അമ്മ അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. എന്നാല്‍ ഇത്രയധികം ആരോപണങ്ങള്‍ ദിലീപിനെതിരെ ഉയര്‍ന്നപ്പോഴും താരത്തിനെ പിന്തുണച്ച അമ്മ അന്തരിച്ച മഹാനടന്‍ തിലകനോടു ചെയ്തത് നീതീകരിക്കാനാവില്ലയെന്ന പൊതു അഭിപ്രായമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

മുമ്പ് താരസംഘടന വിലക്ക് കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയപ്പോള്‍  തിലകന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ അമ്മയ്ക്കും ഭാരവാഹികള്‍ക്കുമെതിരേ ആഞ്ഞടിച്ചിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. അന്ന് തിലകന്‍ പറഞ്ഞ വാക്കുകള്‍ ഇന്ന് വൈറലാണ്…

ദിലീപ് വിഷമാണെന്നായിരുന്നു തിലകന്‍ അന്നു പറഞ്ഞത്. തന്റെ അനുഭവത്തില്‍ നിന്നാണ് അങ്ങനെ പറഞ്ഞതെന്നും തിലകന്‍ വ്യക്തമാക്കിയിരുന്നു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തിലകന്‍ ദിലീപിനെതിരേ തുറന്നടിച്ചത്.അമ്മ എന്ന സംഘടനയോട് എനിക്ക് ബഹുമാനമാണ്. അമ്മയ്‌ക്കെതിരെ ഒരിക്കലും ഞാന്‍ സംസാരിച്ചിട്ടില്ല. പക്ഷെ അമ്മ എന്ന സംഘടനയിലെ എക്‌സിക്യൂട്ടീവിലിരിക്കുന്ന ചില അംഗങ്ങള്‍ ചെയ്യുന്ന പ്രവൃത്തികള്‍ ഒരു മാഫിയ ചെയ്യുന്നതിന് സമാനവും തീവ്രവാദപരവും വളരെ മോശവുമാണെന്നും തിലകന്‍ അന്ന് വെട്ടിത്തുറന്നു പറഞ്ഞു.

അതേപോലെ മറ്റൊരു അഭിമുഖത്തിലും തിലകന്‍ ദിലീപിനെതിരേ ആഞ്ഞടിച്ചിരുന്നു.മീശമാധവനില്‍ അഭിനയിച്ച പ്രധാന നടന്‍ എന്റെ ശത്രുവാണെന്നായിരുന്നു അന്ന് തിലകന്‍ പറഞ്ഞത്. മീശമാധവന്റെ നിര്‍മാതാവ് സുബൈറുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും തന്നെ അച്ഛനെപ്പോലെയാണ് കാണുന്നതെന്ന് സുബൈര്‍ ഒരിക്കല്‍ പറഞ്ഞിരുന്നതായും തിലകന്‍ പറയുന്നു.” ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രം നിര്‍മ്മിച്ചതും സുബൈറാണ്. ഈ ചിത്രത്തിന് വേണ്ടി എന്റെ 25 ദിവസം കരാര്‍ ചെയ്ത് അഡ്വാന്‍സ് വാങ്ങിയിരുന്നു. മോഹന്‍ലാലിന്റെയും ദിലീപിന്റെയുമൊക്കെ അച്ഛനായിട്ടാണ് അഭിനയിക്കേണ്ടത് എന്നും, ചേട്ടനല്ലാതെ മറ്റൊരു ഓപ്ഷനില്ല എന്നും സുബൈര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ഈ ചിത്രത്തില്‍ നിന്നും എന്നെ ഒഴിവാക്കി. അമ്മ എന്ന സംഘടന ഇടപെട്ടാണ് ആ അവസരം ഇല്ലാതാക്കിയത് .മലയാള സിനിമയില്‍ ഇന്നുള്ള ഒരു സൂപ്പര്‍സ്റ്റാറിന്റെ നിലനില്‍പിന്റെ പ്രശ്‌നമാണത്രെ എന്നെ അഭിനയിപ്പിക്കാതിരിപ്പിക്കുന്നത്.” തിലകന്റെ ഈ വാക്കുകള്‍ ദിലീപിനെ ചൂണ്ടിയായിരുന്നെന്ന് അന്നേ സ്പഷ്ടമായിരുന്നു.

എന്നാല്‍, തിലകന്‍ ചേട്ടന് എന്നെ വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്നായിരുന്നു അന്ന് വിഷയത്തില്‍ പ്രതികരിച്ച ദിലീപ് പറഞ്ഞത്. വീട്ടിലെ കാരണവര്‍ക്ക് നമ്മളെ എന്തും പറയാമെന്നും മലയാള സിനിമയിലെ അഭിനയ പ്രതിഭയാണ് തിലകനെന്നും എറണാകുളത്ത് വച്ച് നടന്ന പത്ര സമ്മേളനത്തില്‍ അന്ന് ദിലീപ് പറഞ്ഞിരുന്നു. വലിയവര്‍ സംസാരിക്കുമ്പോള്‍ ചെറിയവര്‍ മിണ്ടാതിരിക്കണം, തിലകന്‍ ചേട്ടന്‍ എന്റെ പേര് പറഞ്ഞതില്‍ സന്തോഷമുണ്ട് എന്നും അന്ന് ദിലീപ് പറഞ്ഞിരുന്നു.

അന്ന് താരസംഘടന മാറ്റി നിര്‍ത്തിയവരുടെ കൂട്ടത്തില്‍ സംവിധായകന്‍ വിനയനുമുണ്ടായിരുന്നു. അടുത്തിടെ ചേര്‍ന്ന താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ തന്റെ വിലക്ക് നീക്കുന്നതിന് മമ്മൂട്ടി അനുകൂലമായി സംസാരിച്ചിരുന്നുവെന്ന് സംവിധായകന്‍ വിനയന്‍ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയുടെ ഈ നിലപാടിനോട് ബഹുമാനം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. അമ്മയുടെ മീറ്റിങ് രഹസ്യമല്ലെന്നും അതിനകത്ത് തന്നെ ഇഷ്ടപ്പെടുന്ന ഒത്തിരി പേരുണ്ടെന്നും വിനയന്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുടെ സൂത്രധാരന്‍  ദിലീപ് ആകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലയെന്നും അന്ന് വിനയന്‍ പറഞ്ഞിരുന്നു. തന്റെ സ്വപ്‌നത്തില്‍ പോലും ഫാന്റസി ചിന്തയില്‍ പോലും ദിലീപ് അങ്ങനെ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നുവെന്നും വിനയന്‍ പറഞ്ഞിരുന്നു.

എന്നെ വിലക്കാന്‍ ഒത്തിരി മുന്നില്‍ നിന്നിട്ടുള്ളയാളാണ്. അതൊക്കെ സംഘടനാ പ്രശ്‌നം. പക്ഷെ ഇത് അതല്ലല്ലോ, ഇതൊരു നീചമായ പ്രവൃത്തിയല്ലേ, നിര്‍ഭയ കേസിനെക്കാള്‍ നീചമായ സംഭവം. ഈ ഇന്‍ഡസ്ട്രിയിലെ കൂടെ സഹകരിക്കുന്ന ഒരു പെണ്‍കുട്ടിയെ, ഒരു നടിയെ ആക്രമിക്കണമെങ്കിലോ, പീഡിപ്പിക്കണമെങ്കിലോ സിനിമക്കാര്‍ പ്ലാന്‍ ചെയ്താല്‍ നടക്കും. കാരണം അത്രയ്ക്ക് പരസ്പരം കെയറുണ്ടെന്ന് വിശ്വസിച്ച് നടക്കുന്ന ഒരു മേഖലയാണിത്. ആ മേഖലയില്‍ ഇങ്ങനെയൊരു സംഭവത്തിന് ഈയൊരു വ്യക്തിയുണ്ടാകരുതെ എന്ന് ചിന്തിക്കുന്നയാളാണ് ഞാന്‍. വിനയന്‍ പറയുന്നു. അന്ന് തിലകനോടു ചെയ്തതിന്റെ ഫലമാണ് ദിലീപ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ആവര്‍ത്തിച്ചു പറയുന്നത്.

Related posts