സര്‍ക്കാര്‍ ജോലി ഇല്ലെന്നു കരുതി ബിടെക്കുകാരായ ഞങ്ങള്‍ക്കും വിവാഹം കഴിക്കണ്ടേ! വിവാഹപ്രായമായ പെണ്‍കുട്ടികളുള്ള മതാപിതാക്കളോടുള്ള യുവാവിന്റെ ചോദ്യം വൈറലാവുന്നു

കല്യാണത്തിന് ശ്രമിച്ച് നിരാശനായ ഒരു യുവാവിന്റെ രോദനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. സര്‍ക്കാര്‍ ജോലി ഇല്ലാത്ത യുവാക്കളെക്കൊണ്ട് തങ്ങളുടെ പെണ്‍മക്കളെ വിവാഹം കഴിപ്പിക്കാന്‍ മാതാപിതാക്കള്‍ മടി കാണിക്കുന്നു എന്നതാണ് ഇന്നത്തെ ചെറുപ്പക്കാരായ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നാണ് ജോമിച്ചന്‍ മണ്ണൂര്‍ എന്ന ചെറുപ്പക്കാരന്‍ ചൂണ്ടികാണിക്കുന്നത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ജോമിച്ചന്റെ പ്രതികരണം. കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തികമേഖലകളെ ബാധിച്ചിരിക്കുന്ന രൂക്ഷമായ ഒരു പ്രശ്നവും കൂടിയാണ് ഈ യുവാവ് ഉന്നയിക്കുന്നത്. പ്രതിവിധി നിങ്ങളാണ് തരേണ്ടത്. മറുപടി പറഞ്ഞേ പററൂ എന്ന നിലയിലാണ് ഫേസ്ബുക്കില്‍ ഈ വീഡിയോ സന്ദേശവുമായി ജോമിച്ചന്‍ കണ്ണൂര്‍ എത്തിയത്. കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അതു സാധിക്കാതെ പോകുന്ന സാമൂഹ്യ സാഹചര്യമാണ് നാട്ടില്‍ നിലനില്‍ക്കുന്നതെന്നാണ് ജോമിച്ചന്‍ പറയുന്നത്.

മാട്രിമോണിയല്‍ ഏജന്‍സികള്‍ ഏറെയുണ്ട് . പക്ഷേ ഒന്നിനേയും വിശ്വസിക്കാനാവില്ല. ഇവര്‍ക്കിഷ്ടമുള്ള ആരുടെയൊക്കെയോ നമ്പര്‍ നല്‍കി പറ്റിക്കുകയാണ്. കാശു വാങ്ങി ബ്യൂറോക്കാര്‍ കോടികള്‍ സമ്പാദിക്കുന്നു. നഴ്സമാര്‍ക്കു വേണ്ടി സംസാരിക്കാനും സമരം ചെയ്യാനും സര്‍ക്കാരുണ്ട്, ഒട്ടേറെ സംഘടനകളുണ്ട്. എന്നാല്‍ ഡിപ്ളോമയും എന്‍ജിനീയറിംഗും പാസ്സായ ഞങ്ങള്‍ക്കു വേണ്ടി ആരാണ് സംസാരിക്കാനുള്ളത്. ആരാണ് ജോലി തരാനുള്ളത്. ജോമിച്ചന്‍ ചോദിക്കുന്നത് ഇതാണ്. എന്‍ജിനീറിംഗ് കഴിഞ്ഞവര്‍ക്ക് പെണ്ണില്ലാത്ത സ്ഥിതിയാണ് ഇന്നുള്ളത്. പേരന്റ്സ് ഒരു കാര്യം മനസ്സിലാക്കണം.

ഒരു സര്‍ക്കാര്‍ ജോലി ഇല്ല എന്ന ഒറ്റക്കാരണത്താല്‍ കല്യാണം നടക്കാത്ത പതിനായിരക്കണക്കിന് എന്‍ജിനീയര്‍മാര്‍ ഈ കേരളത്തിലുണ്ട്. പ്രായമെത്തിയിട്ടും കല്യാണം കഴിപ്പിക്കാതെ പെണ്‍കുട്ടികളെ വീട്ടില്‍ തന്നെ നിര്‍ത്തുന്ന പേരന്റസിനോട് ഒന്നേ പറയാനുള്ളൂ, ഞങ്ങള്‍ക്കും ജീവിക്കണം. വല്യ വല്യ കുടുംബങ്ങളും കാശും ഉദ്യോഗവും നോക്കി കെട്ടിച്ചു വിടാന്‍ കാത്തിരിക്കുന്നവര്‍ കാണുന്നുണ്ടോ ഒരു ദിവസം പോലും നിങ്ങളുടെ മകള്‍ സമാധാനത്തോടെ ഉറങ്ങുന്നുണ്ടോ. എന്നിട്ടും നിങ്ങളുടെ കടുംവാശി ആരോടാണ്. പെണ്‍കുട്ടികള്‍ പുര നിറഞ്ഞു നില്‍ക്കുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ല. അതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ മകളെ അദ്ധ്വാനിയായ കര്‍ഷക കുടുംബത്തിലേയ്്ക്ക് കെട്ടിച്ചു വിടൂ.

നിങ്ങളുടെ അവസാന കാലത്തു വെള്ളം തരണമെന്നുണ്ടെങ്കില്‍ അവനേ കാണുകയുള്ളൂ. സര്‍ക്കാര്‍ ജോലിക്കാരൊക്കെ രണ്ടു ദിവസം കാണും മൂന്നാം ദിവസം അവന്‍ പോകും. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി ഉണ്ടായിരുന്നെങ്കില്‍ കേരളം എത്രപണ്ടേ രക്ഷപ്പെട്ടേനേ. പെട്രോളടിച്ചാല്‍ കക്കൂസു പണിയാമെന്ന് മോദി സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ബി ടെക് പഠിച്ചാല്‍ ജോലി കിട്ടുമെന്ന് ആരും ഉറപ്പു പറയുന്നില്ല. അങ്ങിനെയുള്ള രാജ്യമാണിത്. കേരളത്തിലെ ലക്ഷക്കണക്കിന് യുവാക്കളുടെ പ്രതിനിധിയായി നിന്നുകൊണ്ട് ജോമിച്ചന്‍ പറയുന്നു.

Related posts