തലശേരി: ലഹരിയുടെ മറവിൽ കണ്ണൂരിൽ കുട്ടി ക്വട്ടേഷൻസംഘങ്ങളും. കുട്ടികളുടെ നിയന്ത്രണത്തിലുള്ള ലഹരിമാഫിയ ജില്ലയിൽ പിടിമുറുക്കുന്നു.
കോവിഡ് കാലത്ത് സ്കൂൾ, കോളജുകൾ തുറക്കാത്തതിനാൽ ലഹരി എത്തിക്കാൻ ഡോർ ഡെലിവറിയുമായി കുട്ടി ലഹരി മാഫിയ സജീവമായിരിക്കുന്നത്.
പാനൂരിനടുത്ത ഗ്രാമത്തിൽ കോവിഡ് കാലത്ത് അഞ്ചംഗ വിദ്യാർഥി സംഘം ലഹരി വില്പനയിലൂടെ നേടിയത് ലക്ഷങ്ങളാണ്. ചുരുങ്ങിയ കാലംകൊണ്ടു തന്നെ ഈ സംഘം ആഢംബര കാറുകൾ സ്വന്തമാക്കിയിട്ടുണ്ട്.
ഈ സംഘം മൊബൈൽ ഫോണിന്റെ ബോക്സുകൾ ഉപയോഗിച്ചാണ് ലഹരി കടത്തുന്നത്. ഫോണുകളുടെ ബോക്സുകളിലാണ് വിവിധ കേന്ദ്രങളിൽ ലഹരി മരുന്നുകൾ എത്തിക്കുന്നത്.
ഇവരുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് വിവരം പുറത്തു പറഞ്ഞ യുവാവിനെ സംഘം വീട് കയറി അക്രമിക്കുകയും ചെയ്തു.വീട് കയറിയുള്ള അക്രമത്തെ കുറിച്ച് പോലീസിൽ പരാതിപ്പെട്ടാൽ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു.
ചില രാഷ്ട്രീയ ക്രിമിനൽ സംഘങ്ങളുടെ ഒത്താശയും കുട്ടി ക്വട്ടേഷൻ സംഘങ്ങൾക്കുള്ളതായി നാട്ടുകാർ പറഞ്ഞു.
ഇന്നലെ വൈകുന്നേരം തലശേരി ട്രാഫിക് പോലീസ് സ്റ്റേഷന് വിളിപ്പാടകലെ പാരീസ് ലൈനിൽ ലഹരി മാഫിയകൾ തമ്മിൽ ഏറ്റുമുട്ടി. ചേരി തിരിഞ്ഞുളള ഉത്തരേന്ത്യൻ മോഡലിലുള്ള ഏറ്റുമുട്ടൽ കണ്ട് വഴിയാത്രക്കാരായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പരിഭ്രാന്തരായി. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും അക്രമികൾ രക്ഷപെട്ടിരുന്നു.
തലശേരി മാർക്കറ്റിലും കടൽപ്പാലത്തിനു സമീപം പുതിയ ബസ്സ്റ്റാൻഡിലും പഴയ ബസ്സ്റ്റാൻഡിലുമെല്ലാം കഞ്ചാവും ബ്രൗൺ ഷുഗറും ഉൾപ്പെട്ടെയുള്ള ലഹരി വില്പന സജീവമാണ്.
സിഡി പാർട്ടികൾ ഇല്ലാതായതോടെ ലഹരി മാഫിയയെ തേടി പോകാൻ പോലീസിൽ പ്രത്യേക സംവിധാനങ്ങളും ഇല്ലാതായി. ജില്ലയിൽ നർക്കോട്ടിക് സെൽ ഉണ്ടെങ്കിലും അതും നിർവീര്യമാണ്.