ഒറ്റപ്പാലം: കേരളത്തിന്റെ സ്വന്തം ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചേക്കും. നടപടിക്രമം പൂര്‍ത്തിയായതായി അറിയുന്നു. ഈ വര്‍ഷത്തെ കര്‍ഷകദിനാഘോഷത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന. പാലക്കാട്ടാണ് ഈ വര്‍ഷത്തെ കര്‍ഷകദിനാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. കാര്‍ഷിക കേരളത്തിന്റെ സ്വന്തം ഫലമായ ചക്കയ്ക്ക് ഇതോടുകൂടി പ്രചാരം വര്‍ധിക്കും. അധ്യാപകനും എഴുത്തുകാരനുമായ മനിശീരി പനയംകണ്ടത്ത് മഠത്തില്‍ ബാലകൃഷ്ണന് തൃക്കങ്ങോടാണു ചക്കയെ സംസ്ഥാനഫലമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു വകുപ്പുമന്ത്രിക്ക് ആദ്യമായി നിവേദനം നല്‍കിയത്. അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരംകൂടിയാവും പ്രഖ്യാപനം.
ചക്കയ്ക്കു കാന്‍സറിനെ പ്രതിരോധിക്കാനടക്കം കഴിവുണ്ടെന്നു പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. സ്വര്‍ണത്തിന്റെ അംശം കൂടുതലുള്ള ഫലംകൂടിയാണിത്. അയല്‍നാടുകളിലും വിദേശത്തും ചക്കയ്ക്കും ചക്കവിഭവങ്ങള്ക്കും പ്രിയം കൂടിവരുന്ന സമയവുമാണ്. ഒരുകാലത്തു കേരളീയരുടെ പ്രധാന ഭക്ഷണവിഭവമായിരുന്ന ചക്കയുടെ മൂല്യം പുതിയ തലമുറ തിരിച്ചറിയാത്ത സാഹചര്യവുമുണ്ട്.
കീടനാശിനിയുടെയോ രാസവളത്തിന്റെയോ സ്പര്ശമേല്ക്കാത്ത ചക്കയുടെ ഔഷധമൂല്യം കൂടുതലായി വെളിപ്പെട്ടുവരികയാണ്. നാരുസമ്പുഷ്ടമായ ചക്കവിഭവങ്ങള്‍ ആരോഗ്യത്തിന് അത്യുത്തമമാണെന്നു പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ തനതുഫലമായ ചക്കയുടെ പെരുമ ജന ങ്ങളില്‍ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടുകൂടിയാണ് സംസ്ഥാന ഫലമായി ഇതിനെ പ്രഖ്യാപിക്കണമെന്ന ആവശ്യം.

