ജലസംഭരണിയുടെ സംരക്ഷണത്തിന് നടപടിയായില്ല; ജനം ആശങ്കയില്‍

ekm-tankമൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം കോര്‍മല ഇടിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും അധികൃതര്‍ ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാത്തതു ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ ജൂണിലാണ് കോര്‍മല ഇടിഞ്ഞത്.  എംസി റോഡരികിലെ നാലേക്കറോളം വിസ്തൃതിയുള്ള മലയിടിഞ്ഞ് ബഹുനില മന്ദിരം ഉള്‍പ്പെടെ തകര്‍ന്നിരുന്നു. ജലഅഥോറിറ്റിയുടെ കൂറ്റന്‍ ജലസംഭരണിയോട് ചേര്‍ന്ന പ്രദേശമാണ് ഇടിഞ്ഞത്.തലനാരിഴയ്ക്കാണ് ജലസംഭരണി തകരാതിരുന്നത്.

കനത്ത മഴയെ തുടര്‍ന്നായിരുന്നു മലയിടിച്ചില്‍.രാത്രിസമയമായതിനാല്‍ വന്‍ ദുരന്തം ഒഴിവായിരുന്നു. തല നാരിഴയ്ക്കാണ് സമീപത്തു താമസിച്ചിരുന്ന കുടുംബം രക്ഷപ്പെട്ടത്. ചെളിയും വെള്ളവും കയറി ഇവരുടെ വീട് താമസയോഗ്യമല്ലാതാകുകയും ചെയ്തു. റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണും കെട്ടിട അവശിഷ്ടങ്ങളും നീക്കം ചെയ്യുകയല്ലാതെ മറ്റു നടപടികളൊന്നും അന്ന് അധികൃതര്‍  സ്വീകരിച്ചിരുന്നില്ല. കനത്ത മഴയില്‍ മണ്ണ് കുതിര്‍ന്നിരിക്കുന്നതിനാല്‍ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്താല്‍ വീണ്ടും മണ്ണിടിയാനുള്ള സാധ്യത കൂടുതലാണെന്ന് ചൂണ്ടികാട്ടിയാണ് തുടര്‍ജോലികളൊന്നും അന്നു നടത്താതിരുന്നത്.

ജിയോളജി വകുപ്പധികൃതര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി ആവശ്യമായ പരിശോധന നടത്തിയിരുന്നു.ഇവരുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് ധൃതി കൂട്ടി തുടര്‍ജോലികള്‍ ചെയ്യാതിരുന്നത്. എന്നാല്‍, മഴമാറി വേനല്‍ക്കാലമായിട്ടും പഴയ അവസ്ഥയില്‍ തന്നെ തുടരുകയാണ്. കനത്തമഴയുണ്ടായാല്‍ വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യതയും നില നില്‍ക്കുന്നുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായാല്‍ ജല സംഭരണി അപകടത്തിലാകുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ജലസംഭരണിയില്‍ നിന്നു വെള്ളം ചോര്‍ന്ന് സമീപ സ്ഥലങ്ങളില്‍ നീര്‍വാഴ്ചയുള്ളതിനാല്‍ ഇവിടെ അപകട ഭീഷണിയും നില നില്‍ക്കുന്നുണ്ട്.

ഇതിനാല്‍ ടാങ്കില്‍ ശേഖരിക്കുന്ന വെള്ളത്തിന്റെ അളവു കുറച്ചിരുന്നു.ഇതു വേനലില്‍ പല പ്രദേശങ്ങളിലേക്കും ആവശ്യത്തിന് വെള്ളം പമ്പുചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഇതു ചില പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമത്തിനും കാരണമായിട്ടുണ്ട്.മലയിടിഞ്ഞ ഭാഗത്ത് ആവശ്യമായ സുരക്ഷാ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍  നഗരസഭാ ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മാണ ജോലികള്‍ വൈകുന്ന സ്ഥിതിയാണ്. മഴക്കാലം ആരംഭിക്കാന്‍ രണ്ടുമാസം മാത്രം അവശേഷിക്കെ അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കാത്തത് ജനങ്ങളില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.ഇവിടെ വീണ്ടും  മലയിടിച്ചില്‍ ഉണ്ടായാല്‍ ജലസംഭരണി അടക്കം നിലം തകരാനുള്ള സാധ്യതയുമുണ്ട്.

Related posts