ന്യൂഡല്‍ഹി: സ്വവര്‍ഗരതി തെറ്റാണെന്ന സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിന് വിട്ടു. വിധിക്കെതിരേ സമര്‍പ്പിച്ച നിരവധി തിരുത്തല്‍ ഹര്‍ജികള്‍ നിലനില്‍ക്കുന്നതിനാല്‍ ഹര്‍ജിക്കാരുടെ ആവശ്യം ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ ഹര്‍ജി ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിന് വിടുന്നുവെന്നും കോടതി അറിയിച്ചു. എന്നാല്‍ ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് എന്ന് ഹര്‍ജി പരിഗണിക്കുമെന്ന് വ്യക്തമായിട്ടില്ല. അടിയന്തരമായി പരിഗണിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ തന്നെ ഹര്‍ജി പരിഗണിച്ചേക്കുമെന്നാണ് സൂചന.
12 വര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് സ്വവര്‍ഗരതി നിയമപരമായി തെറ്റാണെന്നാണ് സുപ്രീം കോടതി നേരത്തെ വിധിച്ചത്. സ്വവര്‍ഗാനുരാഗം അംഗീകരിച്ചുകൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി വിധി റദ്ദാക്കികൊണ്ടായിരുന്നു സുപ്രീം കോടതി വിധി. ഭരണഘടന മറികടന്ന് ഉത്തരവിടാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ലമെന്റാണെന്നും സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു. ജസ്റ്റീസുമാരായ എസ്.ജെ.മുഖോപാധ്യ, ജി.എസ്.സിംഗ്വി എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു വിധി.

