കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ആര്‍എംപി തീരുമാനം. പാര്‍ട്ടി ഉള്‍പ്പെട്ട ഇടതുപക്ഷ ഐക്യമുന്നണി 90 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും. ആര്എംപിയെക്കൂടാതെ എസ്്യുസിഐ, എംസിപിയു തുടങ്ങിയ കക്ഷികളാണു മുന്നണിയിലുള്ളത്. ഇന്നലെ കോഴിക്കോട്ടു ചേര്‍ന്ന ആര്‍എംപി സെക്രട്ടേറിയറ്റ് യോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. എല്ലാ ജില്ലകളിലും ഒരു മണ്ഡലത്തിലെങ്കിലും മത്സരിക്കണമെന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായത്. ഒരു മണ്ഡലത്തിലും യുഡിഎഫിന്റെ പിന്തുണ സ്വീകരിക്കേണ്ടെന്നും തീരുമാനിച്ചു.
പാര്‍ട്ടിക്കു സ്വാധീനമുള്ള കോഴിക്കോട് ജില്ലയില്‍ വടകര ഉള്‍പ്പെടെ നാലുമണ്ഡലങ്ങളില്‍ മത്സരിക്കും. മറ്റു ജില്ലകളില്‍ മത്സരിക്കേണ്ടുന്ന മണ്ഡലം സംബന്ധിച്ച് അതതു ജില്ലാകമ്മിറ്റികള്‍ തീരുമാനമെടുക്കും. സ്ഥാനാര്‍ഥികളെ സംബന്ധിച്ച കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. കെ.കെ.രമ, എന്‍. വേണു, അഡ്വ. കുമാരന്‍കുട്ടി, അഡ്വ. പ്രതാപ്കുമാര്‍, കെ.പി. പ്രകാശന്, പി. ജയരാജന് തുടങ്ങിയവരാണ് സാധ്യതാ പട്ടികയിലുള്ളത്.

