മൊബൈലിലൂടെ പരിചയപ്പെട്ട യുവതിയെ തേടിയിറങ്ങിയ 68കാരന് ഒടുവില്‍ രക്ഷയായത് പോലീസ് ! വണ്ടിക്കൂലി നല്‍കി വൃദ്ധനെ പോലീസ് പറഞ്ഞു വിട്ടു…

ഫോണിലൂടെ പരിചയപ്പെട്ട വനിതാ സുഹൃത്തിനെ കാണാന്‍ ഇറങ്ങിത്തിരിച്ച 68കാരന് കിട്ടിയത് നല്ല ഒന്നാന്തരം പണി. ഞാറയ്ക്കല്‍ സ്വദേശിയായ 68കാരനാണ് യുവതിയെ കണ്ടെത്താനാകാതെ വലഞ്ഞത്.

വനിതാ ‘സുഹൃത്ത്’ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതാണ് 68-കാരനെ വലച്ചത്. ഒടുവില്‍ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ എത്തിയ ഇയാളെ യുവതി കബളിപ്പിച്ചതാണെന്ന് ബോധ്യപ്പെടുത്തിയ പോലീസ് വണ്ടിക്കൂലി നല്‍കി പറഞ്ഞുവിടുകയായിരുന്നു.

മൊബൈല്‍ഫോണിലൂടെ സൗഹൃദത്തിലായ യുവതിയെ തേടിയാണ് വ്യാഴാഴ്ച വൈകിട്ടോടെ ഇയാള്‍ കൂത്തുപറമ്പിലെത്തിയത്. യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.

തുടര്‍ന്ന് യുവതി പറഞ്ഞ സ്ഥലങ്ങളന്വേഷിച്ച് ഓട്ടോറിക്ഷയില്‍ കറങ്ങിയെങ്കിലും കണ്ടെത്താനായില്ല. ഓട്ടോകൂലി കൊടുക്കാന്‍പോലും ഇയാളുടെ കൈയില്‍ പണമുണ്ടായിരുന്നില്ല.

ഒടുവില്‍ ഓട്ടോഡ്രൈവര്‍ ഇയാളെ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പോലീസിനോട് ഇയാള്‍ എല്ലാ കാര്യവും തുറന്നുപറഞ്ഞു.

മൂന്നുമാസത്തോളമായി ഇരുവരും ഫോണിലൂടെ സൗഹൃദത്തിലായിട്ട്. ദിവസം ഒട്ടേറെ തവണ വിളിക്കാറുണ്ടത്രെ. ഭാര്യ മരിച്ച വയോധികന് മക്കളും ചെറുമക്കളുമുണ്ട്.

ഭര്‍ത്താവ് മരിച്ച യുവതിയെ സാമ്പത്തികമായി സഹായിക്കാമെന്ന് കരുതി, കാര്യങ്ങള്‍ നേരിട്ടറിയാനാണ് കൂത്തുപറമ്പിലെത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

പോലീസ് ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞതെല്ലാം സത്യമാണെന്നും എന്നാല്‍ നേരിട്ട് വരാന്‍ താത്പര്യമില്ലെന്നും യുവതി പറയുകയായിരുന്നു. ഇതോടെ പോലീസ് ഇയാളെ വണ്ടിക്കൂലി കൊടുത്ത് മടക്കി അയയ്ക്കുകയായിരുന്നു.

Related posts

Leave a Comment