ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ ഉൾപ്പെടെയുള്ള സപ്പോർട്ടിംഗ് സ്റ്റാഫ് പദവികളിലേക്കു ബിസിസിഐ അപേക്ഷ ക്ഷണിക്കും. അടുത്ത മാസം നടക്കുന്ന വെസ്റ്റ്ഇൻഡീസ് പര്യടനത്തോടെ കാലാവധി അവസാനിക്കുന്ന നിലവിലെ പരിശീലകൻ രവിശാസ്ത്രി ഉൾപ്പെടെ പുതിയ അപേക്ഷ സമർപ്പിക്കേണ്ടി വരും.
ലോകകപ്പിനു പിന്നാലെ രവിശാസ്ത്രി, ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാർ, ഫീൽഡിംഗ് കോച്ച് ആർ. ശ്രീധർ എനന്നിവർക്ക് ബിസിസിഐ 45 ദിവസത്തെ കാലാവധി നീട്ടിനൽകിയിരുന്നു. ഓഗസ്റ്റ് മൂന്നു മുതൽ സെപ്റ്റംബർ മൂന്നു വരെയാണ് ഇന്ത്യയുടെ വെസ്റ്റ്ഇൻഡീസ് പര്യടനം.
ട്രയിനർ, ഫിസിയോ സ്ഥാനങ്ങളിലേക്കു ബിസിസിഐ പുതുമുഖങ്ങളെ തെരഞ്ഞെടുക്കേണ്ടി വരും. ശങ്കർ ബസുവും, പാട്രിക് ഫർഹാതും സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണിത്. ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ പുറത്തായതിനു പിന്നാലെയാണ് ഇരുവരും സ്ഥാനമൊഴിഞ്ഞത്.
2017-ൽ അനിൽ കുംബ്ലെയുടെ പകരക്കാരനായാണ് ശാസ്ത്രി ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് എത്തുന്നത്. നേരത്തെ 2014-2016 കാലത്ത് ഇന്ത്യൻ ടീമിന്റെ ഡയറക്ടറായിരുന്നു ശാസ്ത്രി.