ഇടുക്കി: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. രാജാക്കാട് ആത്മാവ് സിറ്റി വെട്ടിക്കുളം മധു (57) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മകന് സുധീഷാ (26) ണ് മദ്യപിച്ചെത്തി പിതാവ് മധുവിനെയും അമ്മ സുജാത (50)യെയും വിറകുകമ്പ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചത്.
സംഭവത്തിനു ശേഷം ഇയാളെ വീടിനു സമീപത്തു നിന്ന് ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ്ചെയ്തിരുന്നു. മധു മരിച്ചതോടെ റിമാന്‍ഡില്‍ കഴിയുന്ന സുധീഷിനെതിരേ കൊലക്കുറ്റം ചുമത്തും.കഴിഞ്ഞ 14-നാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം മദ്യലഹരിയിലെത്തിയ സുധീഷ് സ്വത്ത് എഴുതി നല്‍കണമെന്ന് മധുവിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ പട്ടയമില്ലാത്തതിനാല്‍ സുധീഷിന്റെ പേരിലേക്ക് സ്ഥലം എഴുതി നല്‍കാനാവില്ലെന്ന് മധു അറിയിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.തുടര്‍ന്ന് സുധീഷ് വിറകുകമ്പെടുത്ത് മധുവിനെ അടിക്കുകയാ യിരുന്നു. മധുവിന്റെ വാരിയെല്ലുകള്‍ ഒടിയുകയും തലയില്‍ ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
ഇടതുകണ്ണിനും ഗുരുതരമായി പരുക്കേറ്റു. മധുവിനെ അടിക്കുന്നതു തടയാനെത്തിയപ്പോഴാണ് സുജാതയെയും മര്‍ദിച്ചത്. ഇവരുടെ കരച്ചില് കേട്ട് ഓടിയെത്തിയ നാ ട്ടുകാരാണ് ഇരുവരെയും രാജാക്കാട്ടിലെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കും നില ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോകുകയായിരുന്നു.
മധു കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണു മരിച്ചത്. ഉടുമ്പന്‍ചോല സിഐ പി.ഡി. അനൂപ്മോന്റെ നേതൃത്വത്തിലാണു കേസ് അന്വേഷിക്കുന്നത്.