കൊച്ചി: ശബരിമലയില്‍ സ്വര്‍ണപ്പാളി കാണാതായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി. അടച്ചിട്ട മുറിയിലാണ് ഹൈക്കോടതി നടപടികള്‍ നടക്കുന്നത്.
എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. ജസ്റ്റിസ് വി. രാജ വിജയരാഘവന്, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുടെ ബെഞ്ചിലാണ് സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥന് എസ്. ശശിധരന് നേരിട്ട് കോടതിയില്‍ ഹാജരായാണ് റിപ്പോര്‍ട്ട് നല്‍കിയത്.1998ല്‍ ദ്വാരപാലക ശില്പങ്ങള് അടക്കം വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞാണ് നല്‍കിയതെന്നും ഇതിനുപകരം സ്വര്‍ണം പൂശി നല്കിയാല് പിടിക്കപ്പെടില്ലെന്നുമുള്ള കണക്കുകൂട്ടലിലാണ് പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്.
ഉണ്ണികൃഷ്ണന് പോറ്റിയെ അറസ്റ്റുചെയ്തെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചതായാണ് വിവരം.