ഹൈദരാബാദ്: തെലങ്കാനയിൽ നഴ്സിംഗ് വിദ്യാർഥിനിക്കുനേരേ രാസവസ്തു ആക്രമണം. വാറങ്കൽ ജില്ലയിലെ കാസിംപേട്ട് മണ്ഡൽ പ്രദേശത്ത് ഇന്നലെ വൈകുന്നേരമാണു സംഭവം. അജ്ഞാതരായ മൂന്നുപേർ രാസവസ്തു ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ജങ്കാവ് ജില്ല സ്വദേശിനിയായ ഇരയുടെ ഇടതുകാലിനും അരക്കെട്ടിനും പൊള്ളലേറ്റു. എംജിഎം ആശുപത്രിയിൽ ചികിത്സയിലാണു വിദ്യാർഥിനി.
ഹനംകൊണ്ടയിലെ കോളജിൽനിന്ന് മുത്തശിയുടെ വീട്ടിലേക്ക് ഇരുചക്രവാഹനത്തിൽ പോകുമ്പോഴാണു സംഭവം. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, മുഖംമൂടി ധരിച്ച മൂന്ന് പേർ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി വിഷാംശം കലർന്ന ദ്രാവകം എറിഞ്ഞശേഷം കടന്നുകളയുകയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല. 2008-ലെ കുപ്രസിദ്ധമായ ആസിഡ് ആക്രമണ കേസിന്റെ വേദനാജനകമായ ഓർമകളെ ഉണർത്തുന്നതാണ് പുതിയ സംഭവമെന്ന് നാട്ടുകാർ പറഞ്ഞു.
അന്നത്തെ ആക്രമണത്തിൽ ഒരു വിദ്യാർഥിനി മരിച്ചിരുന്നു. അന്നത്തെ വാറങ്കൽ പോലീസ് സൂപ്രണ്ട് വി.സി. സജ്ജനാറിന്റെ നേതൃത്വത്തിൽ നടന്ന ഏറ്റുമുട്ടലിൽ കേസിലെ പ്രതികൾ കൊല്ലപ്പെടുകയായിരുന്നു.

