ഇരുപതുകളിൽ നിന്ന് മുപ്പതിലേക്കു കടക്കുന്നത് ഒട്ടും സുഖമില്ലാത്ത പരിപാടിയായിരുന്നു. മുപ്പതാമത്തെ പിറന്നാളിന്റെ തലേരാത്രി അവസാനിക്കാതിരിക്കണേ എന്നാഗ്രഹിച്ചിട്ടുണ്ട്. മുപ്പതുകൾ ഒരു സ്ത്രീയെ സംബന്ധിച്ച് തിരിച്ചറിവുകളുടെ കാലമാണെന്ന് മുന്നേനടന്ന പലരും പറഞ്ഞതായിരുന്നു ആകെയുള്ള ആശ്വാസം.
തിരിച്ചറിവ് എന്നൊന്നും പറഞ്ഞാൽ പോരാ… പണ്ടത്തെ എന്റെ പൊടി പോലുമില്ല കണ്ടുപിടിക്കാനെന്നവണ്ണം ഉടച്ചു വാർക്കേണ്ടി വന്ന വർഷങ്ങളായിരുന്നു പിന്നിങ്ങോട്ട്. പണ്ടത്തെ ഒരു ചാറ്റിന്റെ സ്ക്രീൻ ഷോട്ട് ഈയിടെ ഒരു സുഹൃത്ത് അയച്ചു തന്നു-അതിൽ സങ്കടങ്ങൾ എണ്ണിപ്പെറുക്കി പറയുന്ന, ചുറ്റുപാടുകളിൽ മുഴുവൻ പ്രശ്നങ്ങൾ കാണുന്ന, നിസഹായയായ പെൺകുട്ടിയെ കണ്ട് ഇവളേതാ എന്ന് ഞാൻ തന്നെ അമ്പരന്നു.
മുപ്പതുകളുടെ അവസാന ലാപ്പിലാണ് ഇപ്പോൾ. അത് തീരും മുന്നേ ഈയൊരു കാലം അടയാളപ്പെടുത്തണമെന്ന് തോന്നുന്നു… ഇരുപത്തൊന്പതാം പിറന്നാളിന്റെ രാത്രി സംഘർഷത്തിലാവുന്ന ഒരാൾക്കെങ്കിലും ഉപകാരപ്പെട്ടാലോ..! -അശ്വതി ശ്രീകാന്ത്

