എട്ടു സെന്റിമീറ്റർ മാത്രം നീളമുള്ള ചോക്കിൽ ഇതൾ വിരിയുന്നത് ലോകനേതാക്കളും പുരാണ കഥാപാത്രങ്ങളും. ഇതിനു പുറമേ ഉണ്ണീശോ സെറ്റുൾപ്പെടെയുള്ളവയും ചോക്കിലൂടെ മെനഞ്ഞെടുക്കാൻ ഈ കലാകാരന് ചുരുങ്ങിയ സമയം മതി.
പുൽക്കൂട്ടിലെ ആട്ടിൻകുട്ടിയുടെ നീളം ഒന്നര സെന്റി മീറ്റർ മാത്രമാണ്. ചെറിയ ചോക്കിലെ വലിയ കാര്യങ്ങൾ ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിലും ഇടംപിടിച്ചു. മൂന്നാർ ഗവ. ഹൈസ്കൂൾ അധ്യാപകൻ എം. രഞ്ജിത് കുമാറാണ് ചോക്കുപയോഗിച്ച് വിസ്മയം തീർക്കുന്നത്. ഇദ്ദേഹം ചോക്കുകളിൽ പരീക്ഷണം ആരംഭിച്ചിട്ട് ആറു വർഷമായി.
മൊട്ടുസൂചി ഉപയോഗിച്ചാണ് രൂപങ്ങൾ മെനയുന്നത്. ലെൻസോ കണ്ണടയോ ഉപയാഗിക്കാറില്ല. 20 മിനിറ്റിൽ ഒരു സൃഷ്ടി പുറത്തുവരും. മുൻ ഇന്ത്യൻ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുൾ കലാം തുടങ്ങിയ രാഷ്ട്രനേതാക്കളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ദശാവതാരം പൂർണമായും ആവിഷ്കരിച്ചിട്ടുണ്ട്.

പഴങ്ങളും പച്ചക്കറികളും മൈക്രോ ശില്പങ്ങളായി ശേഖരത്തിലുണ്ട്. 140ലേറെ ചോക്ക് ശില്പങ്ങൾ ഇദ്ദേഹം നിർമിച്ചുകഴിഞ്ഞു. പ്ലാസ്റ്റിക് ചേർന്ന പെയിന്റ് ഉപയോഗിച്ച് കളർ നൽകുന്നതിനാൽ നനഞ്ഞാലും ചോക്ക് അലിയുന്നില്ല. എങ്കിലും തണുപ്പും ചൂടും ഏൽക്കാതെ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും ചെറിയ ശില്പങ്ങൾ എന്ന പേരിലാണ് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഉൾപ്പെടുത്തിയത്. രബീന്ദ്ര രത്നപുരസ്കാരം, ഭാരത് വിഭൂഷണ് പുരസ്കാരം, വേൾഡ് ടാലന്റ് അവാർഡ്, ഭാരത് പ്രതിഭ സമ്മാൻ എന്നിവ രഞ്ജിത് കുമാറിനെ തേടി എത്തിയിട്ടുണ്ട്. സാമൂഹ്യശാസ്ത്ര അധ്യാപകനായ രഞ്ജിത്കുമാർ ഇപ്പോൾ തമിഴ് ടിടിഐയിലാണ് സേവനം ചെയ്യുന്നത്.

