ബെയ്ജിംഗ്/വാഷിംഗ്ടൺ: പന്ത്രണ്ടു പേരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ട സ്ഫോടനത്തിൽ അനുശോചനം അറിയിച്ചും ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും യുഎസും ചൈനയും ജപ്പാനും ഇസ്രയേലും ഉൾപ്പെടെയുടെ രാജ്യങ്ങൾ.
ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ച യുഎസ് ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും യുഎസ് വിദേശകാര്യവകുപ്പിലെ സൗത്ത് അൻഡ് സെട്രൽ ഏഷ്യയുടെ ചുമതലയുള്ള വിഭാഗം ആശംസിച്ചു.
ഞെട്ടിക്കുന്ന സംഭവമാണെന്നു പറഞ്ഞ ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലിൻ ജിയാൻ, കൊല്ലപ്പെട്ടവർക്ക് അനുശോചനവും രേഖപ്പെടുത്തി.
സ്ഫോടനത്തിൽ വിലപ്പെട്ട ജീവനുകൾ നഷ്ടമായതിൽ ആഘാത ദു:ഖം രേഖപ്പെടുത്തുകയാണെന്നു പറഞ്ഞ ജപ്പാൻ പ്രധാനമന്ത്രി സനെ തകൈച്ചി പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കാൻ പ്രാർഥിക്കുകയാണെന്നും വ്യക്തമാക്കി.
ഇന്ത്യൻ ജനതയ്ക്ക് ഐക്യദാർഢ്യം അറിയിക്കുകയാണെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പറഞ്ഞു.ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക്, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ഇസ്രയേൽ വിദേശകാര്യമന്ത്രി ഗിദെയോൻ സാർ, നേപ്പാൾ ഇടക്കാല പ്രധാനമന്ത്രി സുശീല കാർകി തുടങ്ങിയവരും അനുശോചിച്ചു.

