ഐപിഎല്‍ 2026 ചര്‍ച്ചകള്‍ക്കു തീപിടിപ്പിച്ച് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസൻ രാജസ്ഥാന് റോയല്‍സില്‍നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തി. സഞ്ജുവിനു പകരമായി രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാനു ചെന്നൈ കൈമാറി.
ചെന്നൈയില്‍ എം.എസ്. ധോണിയുടെ ബാക്കപ്പായാണ് സഞ്ജു എത്തുന്നത്. ക്യാപ്റ്റന്‍സി ചുമതല ഉണ്ടാകില്ല. ക്യാപ്റ്റന്‍ ഋതുരാഗ് ഗെയ്ക്വാദിനൊപ്പം ഓപ്പണിംഗ് റോളില്‍ സഞ്ജു എത്താനാണ് സാധ്യത. വിക്കറ്റ് കീപ്പിംഗില്‍ ചെന്നൈക്കായി 44കാരനായ ധോണി അടുത്ത സീസണിലും കളിച്ചേക്കും.
അതേസമയം, ക്യാപ്റ്റനായാണ് രവീന്ദ്ര ജഡേജയെ രാജസ്ഥാൻ റോയൽസ് ജയ്പുരില്‍ എത്തിക്കുക എന്നാണ് സൂചന. ചെന്നൈയും രാജസ്ഥാനും താരങ്ങളെ പരസ്പരം കൈമാറാനുള്ള എഴുത്തുകുത്തുകൾ പൂർത്തിയാക്കി എന്നാണ് റിപ്പോർട്ടെങ്കിലും ഇരു ഫ്രാഞ്ചൈസികളും ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി 15 ആയിരിക്കേ, അതിനുള്ളിൽ പ്രഖ്യാപനം എത്തുമെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽനിന്നുള്ള വിവരം. 2013ൽ രാജസ്ഥാനുവേണ്ടി ഐപിഎൽ അരങ്ങേറ്റം നടത്തിയ സഞ്ജു, 2016ൽ ഡൽഹിയിലേക്കു ചേക്കേറിയിരുന്നു. രണ്ടു സീസണിനുശേഷം രാജസ്ഥാനിൽ തിരിച്ചെത്തി. 2021 മുതൽ രാജസ്ഥാന്റെ ക്യാപ്റ്റനാണ്. ഐപിഎല്ലിൽ 117 മത്സരങ്ങളിൽനിന്ന് മൂന്ന് സെഞ്ചുറിയും 26 അർധസെഞ്ചുറിയും അടക്കം 4704 റൺസ് സഞ്ജു നേടിയിട്ടുണ്ട്.

