പത്തനംതിട്ട: സ്വര്‍ണപ്പാളി വിവാദത്തോടെ നഷ്ടപ്പെട്ട പ്രതിച്ഛായ നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് വീണ്ടെടുക്കാന്‍ സിപിഎം ശ്രമം. ഇതിന്റെ ഭാഗമായാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രാഷ്ട്രീയത്തില്‍നിന്നു തത്കാലം വിട്ടുനില്‍ക്കാന്‍ സിപിഎം തീരുമാനിച്ചത്. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചതു തന്ത്രപരമായ നീക്കത്തിലൂടെയാണ്. രാഷ്ട്രീയക്കാരനല്ലാത്ത കെ. ജയകുമാര്‍ വരുന്നതോടെ ശബരിമല വിവാദങ്ങളില്‍നിന്നു തലയൂരാനാണ് സിപിഎം ശ്രമിക്കുന്നത്.
എന്നാല്‍ ഇതിനിടെയില്‍ പാര്‍ട്ടി നേതാക്കള്‍ അടക്കം സ്വര്‍ണക്കൊള്ളയില്‍ കുരുങ്ങുമ്പോള്‍ മുഖം രക്ഷിക്കാന്‍ സിപിഎം പാടുപെടും. എന്‍. വാസു സിപിഎം നോമിനിയായിട്ടാണ് കമ്മീഷണറും പ്രസിഡന്റുമൊക്കെയായത്. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവരുമായി അടുത്ത ബന്ധമാണ് വാസുവിനുണ്ടായിരുന്നത്.
വാസുവിനെതിരേ ആക്ഷേപം ഉയര്‍ന്നപ്പോള്‍ മുന്‍മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയടക്കം അദ്ദേഹത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നതും ശ്രദ്ധേയമാണ്. ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലായതിനാല്‍ എസ്ഐടി അന്വേഷണം മരവിപ്പിക്കാനും സര്ക്കാരിനാകാത്ത സ്ഥിതിയാണ്. തദ്ദേശ തെരഞ്ഞെടുപ്പു കാലത്ത് ഇതിന്റെ പ്രത്യാഘാതം എത്രമാത്രമാകുമെന്നത് സിപിഎമ്മിനെ ഭയപ്പെടുത്തുന്നുണ്ട്. സ്വര്‍ണക്കൊള്ള വിവാദം പ്രതിപക്ഷകക്ഷികള്‍ തെരഞ്ഞെടുപ്പ് വിഷയമായി കൊണ്ടുവന്നിട്ടുണ്ട്.
ശബരിമല തീര്‍ഥാടനകാലം പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോഴാണ് പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും ഒരംഗത്തെയും നിയമിച്ചിരിക്കുന്നത്. നിലവിലെ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും മെംബര്‍ അജികുമാറിന്റെയും കാലാവധി നാളെ അവസാനിക്കുകയാണ്. ശനിയാഴ്ച പുതിയ പ്രസിഡന്റായി കെ. ജയകുമാറും മെംബറായി സിപിഐ നോമിനി മുന്‍മന്ത്രി കെ. രാജുവും ചുമതലയേല്‍ക്കും.
രാഷ്ട്രീയക്കാരനാണെങ്കിലും അഭിഭാഷകനും മന്ത്രിയെന്ന നിലയിലുള്ള പരിചയവും പ്രയോജനപ്പെടുത്താന്‍ പാകത്തിലാണ് കെ. രാജുവിനെ സിപിഐയും നിര്‍ദേശിച്ചത്. കുഴഞ്ഞുമറിഞ്ഞ ശബരിമല വിവാദങ്ങള്‍ക്കിടെ തീര്‍ഥാടനകാലം കുറ്റമറ്റതാക്കാനുള്ള ചുമതലയും പുതിയ ബോര്‍ഡിനു വന്നുചേരുകയാണ്.

