സ്വർണപ്പാളി തട്ടിപ്പ്, വന്യജീവി-തെരുവുനായ ശല്യം, സാന്പത്തികത്തകർച്ച, കടക്കെണി, അഴിമതിയാരോപണങ്ങൾ, ആരോഗ്യ-കാർഷികമേഖലകളുടെ തകർച്ച, കെടുകാര്യസ്ഥത, വികസനമുരടിപ്പ് തുടങ്ങിയ അടിസ്ഥാനവിഷയങ്ങൾക്കു മുകളിലാണോ രാഷ്ട്രീയ നേതാക്കൾക്കെതിരേയുള്ള ലൈംഗികാരോപണങ്ങൾ? അല്ലെങ്കിൽ സർക്കാർ പറയേണ്ടത്, മേൽപ്പറഞ്ഞ വിഷയങ്ങൾക്കുള്ള മറുപടികളോ ഭരണനേട്ടങ്ങളോ ആണ്.
സമൂഹമാധ്യമങ്ങളിൽ ചിലതിന്റെ നിലവാരത്തിലേക്ക് മുഖ്യധാരാ മാധ്യമങ്ങളിൽ ചിലതു താഴുന്നതു ഖേദകരമാണ്. സോളാർ കേസ് മുതൽ കേരളത്തിൽ സജീവമായ അശ്ലീല രാഷ്ട്രീയത്തിനൊപ്പം ശയിക്കുന്നത് ആരായാലും ഓരോ തെരഞ്ഞെടുപ്പുകാലത്തും പിറക്കുന്നൊരു ജാരസന്തതിയായി സ്ത്രീവിഷയം മാറിയിരിക്കുന്നു. അതിലും അരോചകമാണ്, പീഡനാരോപണങ്ങൾ കഴുകിക്കളയാത്ത സ്വന്തക്കാരെ ഒക്കത്തിരുത്തിക്കൊണ്ടുള്ള സദാചാര പ്രസംഗങ്ങൾ! നമ്മുടെ തെരഞ്ഞെടുപ്പ് മുൻഗണനാവിഷയങ്ങളെ ‘ചുവന്നതെരുവ്’ നാടകങ്ങൾ വഴിതെറ്റിക്കുകയാണോ?
2013 മുതൽ ഒമ്പത് വര്‍ഷം കേരള രാഷ്ട്രീയത്തെയും കോണ്‍ഗ്രസിനെയും മുൾമുനയിലാക്കിയ സോളാർ കേസ് രാഷ്ട്രീയ അപചയത്തിന്റെ കേരള സ്റ്റോറിയായിരുന്നു. തെരഞ്ഞെടുപ്പുകളുടെ അടിസ്ഥാനവിഷയങ്ങളെ അതു വിഴുങ്ങിക്കളഞ്ഞു. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന്റെ അധികാരലബ്ധിക്ക് അതു സഹായിച്ചിട്ടുമുണ്ട്. കേരള പോലീസ്, ക്രൈംബ്രാഞ്ച്, സിബിഐ എന്നിവയുടെ അന്വേഷണങ്ങൾക്കൊടുവിൽ ഉമ്മൻ ചാണ്ടിക്കു ക്ലീൻ ചിറ്റ് നൽകിയെങ്കിലും വൈകിപ്പോയി.
പോലീസ് കസ്റ്റഡിയിലിരിക്കെ, സോളാർ കേസ് പ്രതി ലൈംഗികപീഡനമാരോപിച്ച് എഴുതിയെന്നു പറയപ്പെടുന്ന 25 പേജുള്ള കത്തിലെ അവസാന നാലു പേജാണ് ഉമ്മൻ ചാണ്ടിക്കെതിരേ ഉപയോഗിച്ചത്. എന്നാൽ, കത്തിന് 21 പേജേ ഉണ്ടായിരുന്നുള്ളൂ എന്നു കഴിഞ്ഞദിവസം, പത്തനംതിട്ട ജില്ലാ ജയിൽ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പ് കൊട്ടാരക്കര കോടതിയിൽ മൊഴി നൽകി. നാലു പേജ് പിന്നീട് എഴുതിച്ചേർത്ത് ഉമ്മൻ ചാണ്ടിയെ കുടുക്കുകയായിരുന്നെന്ന ആരോപണത്തെ അതു ശരിവച്ചിരിക്കുകയാണ്. പക്ഷേ, ആ മനുഷ്യൻ നീതിമാനായിരുന്നെന്ന് ഇനി പറഞ്ഞിട്ടെന്തു കാര്യം?
പഞ്ചായത്ത് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ കേരളത്തിൽ മറ്റൊരു പീഡനക്കേസ് സജീവമാക്കിയിരിക്കുകയാണ്. ലൈംഗിക അരാജകത്വം ഏതു രാഷ്ട്രീയ നേതാവിന്റേതാണെങ്കിലും വച്ചുപൊറുപ്പിക്കേണ്ടതില്ല. കോൺഗ്രസ് ആരോപണവിധേയനെ പുറത്താക്കുകയും ചെയ്തു. കുറ്റാരോപിതനെ കോൺഗ്രസുകാർ പിന്തുണയ്ക്കരുതെന്നും നേതൃത്വത്തിന്റെ പിന്തുണ ഇല്ലെന്നുമാണ് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പറഞ്ഞത്. പാർട്ടിയിലില്ലാത്ത, തങ്ങൾ മാറ്റിനിർത്തിയ ആരെങ്കിലും ഒളിവിലുണ്ടെങ്കിൽ കണ്ടുപിടിക്കേണ്ടത് പോലീസാണെന്നു കെ. മുരളീധരനും പറഞ്ഞിരുന്നു.
അഴുക്കു പറ്റിയവരെ ചുമന്നാൽ ചുമക്കുന്നവരും നാറുമെന്ന് അവർക്കറിയാം. അതേസമയം, തങ്ങളുടെ എളിയിലിരിക്കുന്നവരുടെ ദുർഗന്ധം എൽഡിഎഫിന് അനുഭവപ്പെടുന്നില്ല. ആരോപണത്തിന്റെ പേരിൽ തങ്ങളുടെ എംഎൽഎ രാജിവച്ചാൽ പിന്നീടു കോടതി കുറ്റവിമുക്തനാക്കിയെങ്കിൽ എംഎൽഎ സ്ഥാനം തിരിച്ചുകൊടുക്കാനാകുമോയെന്നു ചോദിച്ച സിപിഎം, ഒരു സങ്കോചവുമില്ലാതെ ഇപ്പോൾ കോൺഗ്രസിലെ ആരോപണവിധേയൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. നയതന്ത്ര ബാഗേജ് സ്വർണക്കടത്തു കേസിലെ യുവതി നേതാക്കൾക്കെതിരേ ആരോപണം ഉന്നയിച്ചപ്പോഴും ഇടതുപക്ഷ ധാർമികത പെട്ടിയിലായിരുന്നു.
ചില കോടതിവിധികൾകൂടി പരാമർശിക്കാതെ വയ്യ. വിവാഹിതരാകാതെ ഒരുമിച്ചു കഴിയുകയും പരസ്പര സമ്മതത്തോടെ പിരിയുകയും ചെയ്തശേഷം പുരുഷനെതിരേ ബലാത്സംഗക്കുറ്റം ആരോപിക്കാനാകില്ലെന്ന് സുപ്രീംകോടതി ദിവസങ്ങൾക്കു മുന്‍പും ആവർത്തിച്ചു. ബലാത്സംഗ വകുപ്പുകളെ ദുരുപയോഗിക്കുന്നത് ഗുരുതര അനീതിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടശേഷം ബലാത്സംഗ ആരോപണം ഉന്നയിക്കുന്ന കേസിൽ ജാഗ്രത വേണമെന്ന് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് പറഞ്ഞത് ഇക്കഴിഞ്ഞ ജൂലൈയിലാണ്. കുറ്റമുക്തനാക്കിയാലും ഇത്തരം കേസുകൾ ജീവിതത്തെയാകെ ബാധിക്കുമെന്നും ജീവിതത്തിലൊരിക്കലും ആ കറ കഴുകിക്കളയാനാകില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.
ഉഭയസമ്മതത്തോടെയുള്ള ശാരീരികബന്ധം ബലാത്സംഗമല്ലെന്നും പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെട്ട സ്ത്രീകള്‍ ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതിയുമായി വരുന്നത് ദുഃഖകരമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചത് 2024 നവംബറിലാണ്. അതായത്, ഇപ്പോൾ കേരളത്തിൽ ഉയർത്തിക്കൊണ്ടുവന്നിരിക്കുന്ന ആരോപണത്തിലും കേസെടുത്തിട്ടുണ്ട്. കുറ്റാരോപിതനെ ബന്ധപ്പെട്ട പാർട്ടി തള്ളിപ്പറയുകയു ചെയ്തു. അതു പീഡനമോ ഉഭയസമ്മതപ്രകാരമുള്ള ബന്ധമോ എന്ന് കോടതി തീരുമാനിക്കട്ടെ.
പാർട്ടി ഏതായാലും, ഗൗരവമാർന്ന തെരഞ്ഞെടുപ്പു വിഷയങ്ങളിൽനിന്നു രക്ഷപ്പെടാൻ ലൈംഗികാരോപണക്കേസുകളെ ഉപയോഗിക്കരുത്. അതിനെ ആശ്രയിക്കുന്നത് ഭരിക്കുന്നവരായാലും പ്രതിപക്ഷമായാലും രാഷ്ട്രീയത്തെ മലിനമാക്കുകയാണ്. വർഷങ്ങളായി വന്യജീവികളും തെരുവുനായകളും നരഹത്യ തുടരുകയാണ്. ഈ സർക്കാർ അധികാരത്തിലെത്തിയപ്പോൾ 1.57 ലക്ഷം കോടിയായിരുന്ന പൊതുകടം ഇപ്പോൾ 5.5 ലക്ഷം കോടിയായി. അഴിമതിയാരോപണങ്ങൾ വീടും നാടും വിട്ട് ശബരിമലയിൽ വരെയെത്തി. കർഷകരുടെ അവസ്ഥ ദയനീയമായി. നെല്ലുസംഭരണം വെള്ളത്തിലായി, പഞ്ചായത്തുകളെല്ലാം മയക്കുമരുന്നു കേന്ദ്രങ്ങളായി!
ആത്മവിശ്വാസമുണ്ടെങ്കിൽ സർക്കാർ ഈ വിഷയങ്ങളെ ജനങ്ങൾക്കു മനസിലാകുന്ന ഭാഷയിൽ വിശദീകരിക്കണം. ഇതൊന്നുമല്ല, ഒരു വ്യക്തിക്കെതിരേയുള്ള ലൈംഗികാരോപണമാണ് പ്രധാനമെന്ന നിലയിൽ പ്രതികരിക്കുന്പോൾ മേൽപ്പറഞ്ഞത് ഉൾപ്പെടെയുള്ള ഭരണകെടുകാര്യസ്ഥ ആരോപണങ്ങൾ ശരിയാണെന്ന പൊതുബോധം സൃഷ്ടിക്കപ്പെടും. പാർട്ടിയിൽനിന്നു പുറത്താക്കിയ ആളെക്കുറിച്ചു മറുപടി പറയാൻ നിൽക്കാതെ, പ്രതിപക്ഷവും അതിന്റെ ഉത്തരവാദിത്വം നിറവേറ്റണം. എന്തായാലും ഈ രാഷ്ട്രീയ മാനഭംഗം അവസാനിപ്പിക്കാൻ സമയമായി.
