കൊച്ചി: എറണാകുളം കുമ്പളങ്ങി കായിപ്പുറത്ത് വീട്ടില്‍ കെ.സി. കുഞ്ഞുകുട്ടി – രാധാ ദമ്പതികളുടെ വീട്ടില്‍ സംസാരം പ്രചാരണവിശേഷങ്ങള്‍ മാത്രം. മക്കളായ ദിപു കുഞ്ഞുകുട്ടിയും ദിവ്യ രാജേഷും മല്‍സരിക്കുന്നതിന്റെ ആവേശത്തിലാണ് കുടുംബാംഗങ്ങള്‍. യുഡിഎഫ് സ്ഥാനാര്‍ഥികളായാണ് ഇരുവരും മത്സരരംഗത്തുള്ളത്.
ജില്ലാ പഞ്ചായത്ത് മുന്‍ അംഗമായ ദിപു കുഞ്ഞുകുട്ടി പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ആഞ്ഞിലിത്തറ ഡിവിഷനില്‍ നിന്നാണ് മത്സരിക്കുന്നത്. ദിപുവിന്റെ സഹോദരി അങ്കണവാടി ടീച്ചര്‍ കൂടിയായ ദിവ്യ രാജേഷ് കൊച്ചി കോര്പറേഷന് തമ്മനം 41-ാം ഡിവിഷനിലെ സ്ഥാനാര്‍ഥിയാണ്.
പട്ടികജാതി വനിതാ സംവരണ സീറ്റാണിത്. 2000- 2006 ല്‍ കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ എസ്സി പ്രമോട്ടറായി പ്രവര്‍ത്തിച്ച പരിചയവുമായാണ് ദിവ്യ കന്നിയങ്കത്തിന് ഇറങ്ങിയിരിക്കുന്നത്. തമ്മനം ലേബര്‍ കോളനിയില്‍ പാലാതുരുത്തിപ്പറമ്പില് രാജേഷിന്റെ ഭാര്യയാണ് ദിവ്യ.
സഹോദരങ്ങളുടെ പ്രചാരണം കൊഴുക്കുമ്പോള്‍ പിന്തുണയുമായി കുടുംബവും കൂടെയുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി കുമ്പളങ്ങി സര്‍വീസ് സഹകരണ ബാങ്ക് ബോര്‍ഡ് അംഗവും കുമ്പളങ്ങി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാണ് ഇവരുടെ പിതാവ് കുഞ്ഞുകുട്ടി.
സഹോദരന് ദിലീപ് കുഞ്ഞുകുട്ടി ഡിസിസി ജനറല്‍ സെക്രട്ടറിയാണ്. 2010 ല്‍ കുമ്പളങ്ങി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി ദിലീപ് മല്‍സരിച്ചു വിജയിച്ചിരുന്നു.

