കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാന്‍ ഹരിത മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. പ്രചരണം മുതല്‍ പോളിംഗ് ബൂത്ത് വരെയും പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കണം എന്ന് കമ്മീഷന് നിര്‍ദേശിച്ചു. പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍, പോസ്റ്ററുകള്‍ എന്നിവയില്‍ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത പേപ്പര്‍, നൂറ് ശതമാനം കോട്ടണ്‍, ലിനന്‍ പോലുള്ള പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ മുതലായവ ഉപയോഗിക്കണം. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കമ്മീഷന് അറിയിച്ചു.
പിവിസി, ഫ്ളക്സ്, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ ക്ലോത്ത് തുടങ്ങിയ പ്ലാസ്റ്റിക് അടങ്ങിയ വസ്തുക്കള്‍ പാടില്ല.പ്രചാരണ വസ്തുക്കളില്‍ ക്യുആര്‍ കോഡ് പിവിസി ഫ്രീ ലോഗോ, പ്രിന്ററുടെ വിശദാംശങ്ങള്‍ എന്നിവ രേഖപ്പെടുത്തണം.
വിതരണക്കാരും അച്ചടിശാലകളും പ്ലാസ്റ്റിക് ഉള്ള സാമഗ്രികള്‍ ശേഖരിക്കാനോ അച്ചടിക്കാനോ പാടില്ല. റാലികള്‍, കണ്‍വന്‍ഷനുകള്‍, പദയാത്രകള്‍, പരിശീലനങ്ങള്‍ തുടങ്ങിയ പ്രചാരണ പരിപാടികളില്‍ തെര്‍മോകോള്‍, സ്റ്റൈറോഫോം, പ്ലാസ്റ്റിക് ആവരണമുള്ള കപ്പ്, ഡിസ്പോസിബിള്‍ പാത്രങ്ങള്‍ പാടില്ല. ഭക്ഷണം വാഴയിലയിലോ സ്റ്റീല്‍, സെറാമിക് പാത്രങ്ങളിലോ നല്‍കണം. പ്ലാസ്റ്റിക് കുപ്പികളും പാഴ്സല്‍ കവറുകളും പാടില്ല. പോളിംഗ് ബൂത്തുകളില്‍ സ്റ്റീല്‍, ഗ്ലാസ് കപ്പുകളില്‍ വെള്ളം നല്‍കണം.
ഭക്ഷണ വിതരണം പുനരുപയോഗിക്കാവുന്ന പാത്രങ്ങളിലാകണം. വോട്ടര്‍മാര്‍ വോട്ടര്‍ സ്ലിപ്പുകള്‍ പോളിംഗ് ബൂത്ത് പരിസരത്ത് ഉപേക്ഷിക്കരുത്; പ്രത്യേക ബിന്നുകളില്‍ നിക്ഷേപിക്കണം.വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും വിതരണ-സ്വീകരണ കേന്ദ്രങ്ങളിലും മാലിന്യങ്ങള്‍ തരംതിരിച്ചു ശേഖരിച്ചു ശാസ്ത്രീയമായി സംസ്കരിക്കണം.
പ്രചരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ വോട്ടെടുപ്പ് കഴിഞ്ഞ് ഉടന്‍തന്നെ ഹരിത കര്‍മസേനയ്ക്ക് നല്‍കണം. നിര്‍ദിഷ്ട സമയത്തിനുള്ളിൽ നീക്കിയില്ലെങ്കില്‍ തദ്ദേശസ്ഥാപനങ്ങള്‍ അവ നീക്കം ചെയ്ത് സ്ഥാനാര്‍ഥികളില്‍നിന്ന് ചെലവ് ഈടാക്കണം. റാലികള്‍, റോഡ് ഷോ തുടങ്ങിയ പ്രചരണ പരിപാടികള്‍ക്ക് ശേഷം സ്ഥലങ്ങള്‍ വൃത്തിയാക്കേണ്ട ചുമതല പരിപാടി നടത്തിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആയിരിക്കും.

