സംസ്ഥാനത്ത് വൈദ്യുത ഉല്‍പാദനം 31.8 ദശലക്ഷം യൂണിറ്റായി കുതിച്ചുയര്‍ന്നു ! ചൂടു കുറഞ്ഞതിനാല്‍ ഉപഭോഗവും കുറവ്; കല്‍ക്കരി ക്ഷാമകാലത്ത് രാജ്യത്തിന് കേരളം ആശ്വാസമാകുന്നത് ഇങ്ങനെ…

കനത്ത മഴ പ്രളയഭീതി ഉയര്‍ത്തുന്നുണ്ടെങ്കിലും ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സംസ്ഥാനത്തെ എല്ലാ ജലവൈദ്യുത നിലയങ്ങളിലും മുഴുവന്‍ സമയ വൈദ്യുതി ഉല്‍പാദനം തുടരുകയാണ്.

കെഎസ്ഇബിയുടെ വൈദ്യുത ഉല്‍പാദനം 31.8 ദശലക്ഷം യൂണിറ്റായി വര്‍ധിച്ചു. 71 ദശലക്ഷം യൂണിറ്റാണു കേരളത്തിനു പ്രതിദിനം വേണ്ടത്. ഇതില്‍ പകുതിയോട് അടുത്തും കേരളത്തില്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നുവെന്നതാണ് നിലവിലെ അവസ്ഥ.

ഇടുക്കിയില്‍ വെള്ളം അതിവേഗം നിറയുകയാണ്. ഈ സാഹചര്യത്തില്‍ പരമാവധി വൈദ്യുത ഉല്‍പാദനം തുടരാനാണ് തീരുമാനം.

കനത്ത മഴയില്‍ ഉല്‍പാദനം കൂട്ടിയതിനാല്‍ കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നു കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതം കുറഞ്ഞതു സംസ്ഥാനത്തെ ബാധിച്ചിട്ടില്ല.

വൈദ്യുതി ഉപയോഗവും കുറഞ്ഞിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധി 31വരെ തുടരുമെന്നു പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ഇടുക്കി ഉള്‍പ്പെടെയുള്ള ജലവൈദ്യുത നിലയങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിച്ചു രാജ്യത്തെ വൈദ്യുതി വിതരണ മേഖലയെ സഹായിക്കണമെന്നു സംസ്ഥാന സര്‍ക്കാരിനോടു കേന്ദ്രം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനുള്ള സാഹചര്യം പ്രളയം ഒരുക്കിയെന്നതാണ് വസ്തുത.

മാത്രമല്ല മഴ കനത്തതോടെ ചൂട് കുറയുന്നതു മൂലം വൈദ്യുത ഉപഭോഗത്തിലും കുറവു വന്നിട്ടുണ്ടെന്നത് ആശ്വാസകരമാണ്. വരും ദിവസങ്ങളില്‍ സ്ഥിതി മെച്ചപ്പെടുമെന്നും കല്‍ക്കരി ശേഖരം ആവശ്യത്തിനുണ്ടെന്നും കഴിഞ്ഞ എട്ടു ദിവസമായി കല്‍ക്കരി ലഭ്യത ഉയര്‍ന്നുവെന്നും കോള്‍ ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ പ്രമോദ് അഗര്‍വാള്‍ പറഞ്ഞു.

കേരളത്തിലെ മഴയും ആശ്വാസമായി കേന്ദ്രം കാണുന്നു. കല്‍ക്കരി ക്ഷാമം ഉടന്‍ തീരുമമെന്നാണ് പ്രതീക്ഷ. നിലയങ്ങളില്‍ ശരാശരി 4 ദിവസത്തേക്കുള്ള സ്റ്റോക്കാണുള്ളത്. ഈ സ്ഥിതി അത്ര നല്ലതല്ലെങ്കിലും വരും ദിവസങ്ങളില്‍ മെച്ചപ്പെടും.

സംസ്ഥാനങ്ങളോടു കല്‍ക്കരി സൂക്ഷിക്കണമെന്നു പല തവണ അഭ്യര്‍ത്ഥിച്ചതാണ്, പല സംസ്ഥാനങ്ങളും കുടിശിക പോലും അടച്ചിട്ടില്ല. 7,000 കോടി മുതല്‍ 23,000 കോടി വരെ കുടിശികയായ സമയമുണ്ട്.

എന്നിട്ടും വിതരണം നിര്‍ത്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനിടെ, മധ്യപ്രദേശിലെ സഞ്ജയ് ഗാന്ധി താപവൈദ്യുതി നിലയം സാങ്കേതിക തകരാറുമൂലം പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. 500 മെഗാവാട്ട് ശേഷിയുള്ള നിലയമാണിത്.

കല്‍ക്കരി ക്ഷാമത്താലുള്ള വൈദ്യുതി പ്രതിസന്ധി രാജ്യത്തെ ഇരുമ്പ്, ഉരുക്ക്, അലുമിനിയം, സിമന്റ്, എണ്ണ- പ്രകൃതിവാതകം, ഭക്ഷ്യസംസ്‌കരണ മേഖലയെ ദോഷകരമായി ബാധിക്കുന്നുണ്ട്.

മിക്ക ഉരുക്ക് നിര്‍മ്മാണശാലക്കും സ്വന്തം വൈദ്യുതി യൂണിറ്റുണ്ടെങ്കിലും പ്രതിസന്ധി തുടര്‍ന്നാല്‍ സ്ഥിതി സങ്കീര്‍ണമാകും. ചെറുകിട ഉരുക്കുശാലകള്‍ വൈദ്യുതി നിലയങ്ങളില്‍നിന്നുള്ള ഊര്‍ജമാണ് ആശ്രയിക്കുന്നത്. വൈദ്യുതി ക്ഷാമം ഈ സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയാകും.

ആഭ്യന്തര കല്‍ക്കരിയുടെയും ഇറക്കുമതി കല്‍ക്കരിയുടെയും വില കൂടിയത് ഇരുമ്പ്, അലുമിനിയം കമ്പനികളെ പ്രതിസന്ധിയിലാക്കി. ജൂലൈ- ഒക്ടോബറില്‍ ആഭ്യന്തര കല്‍ക്കരി വില 15 ശതമാനവും ഇറക്കുമതി വില 61 ശതമാനവും കൂടി.

പ്രവര്‍ത്തനച്ചെലവേറിയതോടെ ഇരുമ്പ് ഉല്‍പ്പന്ന വില കുതിച്ചുകയറാന്‍ സാധ്യത. വൈദ്യുതി പ്രതിസന്ധി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും പ്രകൃതിവാതകത്തിന്റെയുംആവശ്യകത കൂട്ടി.

എല്‍എന്‍ജി വില അന്താരാഷ്ട്ര വിപണിയില്‍ കുതിച്ചുകയറിയതിനാല്‍ പ്രകൃതിവാതക കമ്പനികള്‍ക്ക് ഇപ്പോഴത്തെ സാഹചര്യം ദോഷം ചെയ്യും.

മണിക്കൂറുകള്‍ നീളുന്ന പവര്‍കട്ട് ശീതീകരിച്ച ഭക്ഷ്യവസ്തു വ്യവസായ മേഖലയ്ക്ക് തിരിച്ചടിയായി.ഡീസല്‍ ജനറേറ്ററുകളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് സ്ഥാപനങ്ങള്‍. എന്തായാലും കനത്ത മഴ ദുരന്തം വിതയ്ക്കുന്നുണ്ടെങ്കിലും മറ്റൊരു തരത്തില്‍ കേരളത്തിന് ആശ്വാസമാകുകയാണ് എന്നു വേണം കരുതാന്‍.

Related posts

Leave a Comment