കണമല: മണ്ഡല കാലം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോൾ എരുമേലി കോയിക്കക്കാവ് മുതൽ കാളകെട്ടി വരെയുള്ള എട്ട് കിലോമീറ്റർ ശബരിമല പരമ്പരാഗത കാനനപാതയിൽ സഞ്ചരിച്ച അയ്യപ്പ ഭക്തരുടെ എണ്ണം പതിനായിരം കവിഞ്ഞു.
ഇന്നലെ വൈകുന്നേരം പാത അടയ്ക്കുന്നതുവരെയുള്ള കണക്ക് പ്രകാരം ഇതുവരെ സഞ്ചരിച്ചവരുടെ മൊത്തം എണ്ണം 11923 ആണെന്ന് വനം വകുപ്പ് അറിയിച്ചു. സ്ത്രീകൾ 20 ഉം കുട്ടികൾ 1500ഉം ആണ്. ദിവസവും 600നും 800നും ഇടയിൽ തീർഥാടകർ എത്തുന്നുണ്ട്. പ്രായാധിക്യവും രോഗങ്ങളും കാൽനട യാത്രയിൽ ബുദ്ധിമുട്ട് വർധിപ്പിക്കുമെന്നതിനാൽ സ്ത്രീകൾ എത്തുന്നത് കുറവാണ്.
ഇതുവരെ വന്യമൃഗങ്ങളുടെ സാന്നിധ്യം പാതയിലുണ്ടായിട്ടില്ലെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ കൃഷ്ണൻ പറഞ്ഞു. രാവിലെ കോയിക്കക്കാവ് ചെക്ക് പോസ്റ്റ് തുറക്കുമ്പോൾ വനം വകുപ്പിന്റെ പട്രോളിംഗ് സ്ക്വാഡ് ഭക്ത സംഘത്തിന് മുന്നിൽ നീങ്ങും. മഴ ശക്തമാകുമെന്ന് കാലാവസ്ഥ പ്രവചനം ലഭിച്ചാൽ അടിയന്തര മുൻകരുതൽ സ്വീകരിക്കും.
വഴിയിൽ പ്ലാസ്റ്റിക് ഉപേക്ഷിച്ചു കളയാതിരിക്കാൻ ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. രാത്രിയിൽ വെളിച്ചത്തിന് ജനറേറ്റർ ഉപയോഗിച്ച് ബൾബുകൾ വഴിയിൽ പ്രകാശിപ്പിക്കുന്നുണ്ട്. പാതയിൽ നൂറോളം താൽക്കാലിക കടകൾക്ക് വനം വകുപ്പ് അനുമതി നൽകിയിരുന്നു.
ഇനിയും കടകൾ ഒരുക്കാത്തവർക്ക് പത്തുവരെ സാവകാശം അനുവദിച്ചിട്ടുണ്ട്. കാളകെട്ടി വരെയാണ് എരുമേലി ഫോറസ്റ്റ് റേഞ്ചിന്റെ പരിധി. തുടർന്ന് അഴുതയിൽനിന്ന് പെരിയാർ കടുവാ സംരക്ഷിത വനമാണ്. പമ്പ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയാണ് ഇവിടം മുതൽ ആരംഭിക്കുന്നത്.

