ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ശത്രുഘ്ന്‍ സിന്‍ഹ ഇപ്പോള്‍ പണികൊടുക്കുന്നത് കോണ്‍ഗ്രസിന് തന്നെ, മുഹമ്മദലി ജിന്നയെ പ്രകീര്‍ത്തിക്കുക മുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ പ്രചാരണത്തിനിറങ്ങുക വരെ ചെയ്യുന്ന ശത്രു പാര്‍ട്ടിക്ക് തലവേദനയാകുന്നത് ഇങ്ങനെ

സിനിമനടനും പിന്നെ എംപിയുമൊക്കെയായി ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങി നിന്നിരുന്ന ശത്രുഘ്ന്‍ സിന്‍ഹ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയത് അടുത്തിടെയാണ്. കോണ്‍ഗ്രസില്‍ ചേര്‍ന്ന സിന്‍ഹയ്ക്ക് പാട്‌ന സാഹിബില്‍ ടിക്കറ്റും നല്കി രാഹുല്‍ ഗാന്ധി. എന്നാല്‍ ശത്രുഘ്ന്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് ശത്രുവിനേക്കാള്‍ വലിയ പണിയാണ് കൊടുത്തു കൊണ്ടിരിക്കുന്നത്.

മുഹമ്മദലി ജിന്നയെ പ്രകീര്‍ത്തിച്ചായിരുന്നു ആദ്യത്തെ സംഭവം. മധ്യപ്രദേശിലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് ജിന്നയുടെ മാഹാത്മ്യം സിന്‍ഹ എടുത്തു കാട്ടിയത്. ഈ പ്രസംഗം ബിജെപി എടുത്തു പ്രയോഗിച്ചതോടെ പാര്‍ട്ടി തന്നെ സിന്‍ഹയെ തള്ളിപ്പറഞ്ഞു. ആരെങ്കിലുമൊക്കെ എന്തെങ്കിലും പറഞ്ഞാല്‍ അതെല്ലാം കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടായിട്ട് എടുക്കേണ്ടെന്ന് പറഞ്ഞാണ് സീനിയര്‍ നേതാവ് പി. ചിദംബരം സിന്‍ഹയെ തള്ളിപ്പറഞ്ഞത്.

തൊട്ടുപിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച രണ്ടാമത്തെ സംഭവമെത്തി. ശത്രുവിന്റെ ഭാര്യ പൂനം സിന്‍ഹ ഇപ്പോള്‍ സമാജ് വാദി പാര്‍ട്ടിയിലാണ്. ലക്‌നൗവില്‍ സ്ഥാനാര്‍ഥിയുമാണ് അവര്‍. കഴിഞ്ഞദിവസം സിന്‍ഹ ഭാര്യയ്ക്കായി വോട്ടുപിടിക്കാനിറങ്ങി. അതും കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയുള്ള മണ്ഡലത്തില്‍.

സ്വന്തം പാര്‍ട്ടിക്കെതിരായി നേതാവ് തന്നെ പ്രചാരണത്തിന് ഇറങ്ങിയതില്‍ അണികള്‍ കലശലായ ദേഷ്യത്തിലാണ്. സിന്‍ഹയ്‌ക്കെതിരേ വ്യാപക പരാതികളാണ് ഹൈക്കമാന്‍ഡിന് ലഭിക്കുന്നത്. ബിജെപി പക്ഷത്തായിരുന്നപ്പോള്‍ നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനായിരുന്ന സിന്‍ഹ അന്ന് അവര്‍ക്ക് വലിയ തലവേദനയായിരുന്നു. ഇപ്പോള്‍ ആ തലവേദന കോണ്‍ഗ്രസിലേക്ക് മാറിയെന്ന് ചുരുക്കം.

Related posts