മാന്നാർ: ബുധനൂർ സഹകരണ ബാങ്കിൽ സ്വർണപ്പണയം തിരിമറി നടത്തിയ വനിതാ സെക്രട്ടറി അറസ്റ്റിൽ. ബാങ്കിലെ സെക്രട്ടറി ഇൻ ചാർജായിരുന്ന ബുധനൂർ വെളുത്തേടത്ത് പുത്തൻവീട്ടിൽ അനീഷ(42)യെ ആണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.2022ൽ അനീഷ സെക്രട്ടറിയുടെ ചാർജ് വഹിച്ചിരുന്ന സമയത്ത് ബുധനൂർ സ്വദേശി രാഹുൽ ബാങ്കിൽ പണയം വച്ചിരുന്ന അഞ്ചേകാൽ പവൻ സ്വർണാഭരണങ്ങൾ കഴിഞ്ഞമാസം തിരിച്ചെടുക്കാൻ ചെന്നപ്പോൾ സ്വർണം ബാങ്കിൽ ഇല്ലെന്നുള്ള മറുപടിയാണ് അധികൃതരിൽ നിന്നുലഭിച്ചത്. തുടർന്ന് മാന്നാർ പോലീസിൽ പരാതി നൽകി.
രാഹുലിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിരിമറി കണ്ടെത്തിയത്. ബുധനൂർ സഹകരണ ബാങ്കിൽ പണയം വച്ച സ്വർണം ഉടമയുടെ അനുവാദമില്ലാതെ അവിടെനിന്നെടുത്ത് മറ്റൊരു ബാങ്കിൽ പണയം വച്ച് സ്വന്തം ആവശ്യത്തിനായി കൂടുതൽ പണം വാങ്ങിയതായി കണ്ടെത്തിയതിനെത്തുടർന്ന് അനീഷയ്ക്കെതിരേ പോലീസ് കേസെടുക്കുകയായിരുന്നു.
മാന്നാർ പോലീസ് ഇൻസ്പെക്ടർ ഡി. രജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി തിരിമറി കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.2023ൽ ബാങ്കിൽ പുതിയ ഭരണസമിതി അധികാരത്തിൽ വന്നപ്പോൾ നടത്തിയ ഓഡിറ്റിംഗിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് അനീഷയെ സസ്പെൻഡ് ചെയ്യുകയും പിന്നീട് ജോലിയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ബുധനൂർ പഞ്ചായത്തംഗം ഹരിദാസിന്റെ ഭാര്യയാണ് അറസ്റ്റിലായ അനീഷ.
ബാങ്കിനു മുന്നിൽ പ്രതിഷേധം
മാന്നാർ: ബുധനൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ അഴിമതിയിൽ മുൻ ബാങ്ക് സെക്രട്ടറി അനീഷ ഹരിദാസ് അറസ്റ്റിലായെ ങ്കിലും ഇനിയും പ്രതികളുണ്ടെന്ന് ബിജെപി ആരോപിച്ചു. പാവങ്ങളുടെ പണം തട്ടിയെടുത്തതിൽ സി പിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കുക, തട്ടിപ്പ് നടത്തിയ മുഴുവൻ ആളുക ളെയും അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്കിനു മുന്നിൽ ബിജെപി പ്രതിഷേധം സംഘടിപിച്ചു. മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീകുമാർ നെടുംചാലിൽ അധ്യക്ഷനായി. കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. പട്ടികജാതി മോർച്ച സംസ്ഥാന സെക്രട്ടറി മോഹൻകുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് രാജേഷ് ഗ്രാമം, പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി. പി. സുന്ദരേശൻ, ഭാരവാഹികളായ കെ. ബാലചന്ദ്രൻ, രാജ്മോഹൻ എന്നിവർ പ്രസംഗിച്ചു.

