ലണ്ടൻ: ബ്രിട്ടനിലെ ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ എംപിയും മുൻ മന്ത്രിയുമായ ടൂലിപ് സിദ്ദിഖിക്ക് ബംഗ്ലാദേശ് കോടതി രണ്ടു വർഷം തടവും പിഴയും വിധിച്ചു. ബംഗ്ലാദേശിൽ സ്ഥാനഭ്രഷ്ടയാക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അടുത്ത ബന്ധുവാണ് ടൂലിപ്.
ഹസീനയെ സ്വാധീനിച്ച് ധാക്ക പ്രാന്തത്തിൽ കുടുംബാംഗങ്ങൾക്ക് ഭൂമി സന്പാദിച്ചുവെന്നാണ് കേസ്. ഹസീനയ്ക്ക് അഞ്ചു വർഷത്തെ തടവും ഈ കേസിൽ വിധിച്ചിട്ടുണ്ട്. ലണ്ടനിൽ താമസിക്കുന്ന ടൂലിപ് സിദ്ദിഖിയുടെയും ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന ഹസീനയുടെയും അഭാവത്തിലാണു വിചാരണ നടന്നത്. ഇരുവരും ശിക്ഷ അനുഭവിക്കാൻ സാധ്യതയില്ല.
ബ്രിട്ടനിൽ ട്രഷറി മന്ത്രിയായിരുന്ന ടൂലിപ്, ഹസീനയുമായുള്ള ബന്ധം വിവാദമായതിനെത്തുടർന്ന് ജനുവരിയിൽ രാജിവയ്ക്കുകയായിരുന്നു.
ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം ഹസീനയ്ക്കും അനുയായികൾക്കും എതിരേ എടുത്ത കേസുകളിലൊന്നാണിത്.
വിദ്യാർഥിപ്രക്ഷോഭത്തെ അടിച്ചമർത്തിയ കേസിൽ ബംഗ്ലാ കോടതി ഹസീനയ്ക്ക് കഴിഞ്ഞമാസം വധശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ച മറ്റൊരു അഴിമതിക്കേസിൽ ഹസീനയ്ക്ക് 21 വർഷം തടവു വിധിച്ചിട്ടുണ്ട്.

