ന്യൂഡൽഹി: പന്ത്രണ്ടു പേരുടെ മരണത്തിനിടയാക്കിയ ഡൽഹി സ്ഫോടനത്തിന് ഉപയോഗിച്ചത് ഉയർന്ന നിലവാരമുള്ള സൈനിക സ്ഫോടക വസ്തുക്കളാണെന്ന് റിപ്പോർട്ട്. സൈന്യം ഉപയോഗിക്കുന്ന രാസവസ്തുവായ അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യമാണു കണ്ടെത്തിയത്. അതേസമയം, മറ്റു പദാർഥങ്ങൾ ഉപയോഗിച്ചിട്ടൂണ്ടോ എന്നതിൽ പരിശോധന തുടരുകയാണ്.
രാജ്യത്തെ നടുക്കിയ സ്ഫോടനത്തിന്റെ അന്വേഷണം എൻഐഎയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. സ്ഫോടനത്തിന്റെ ആസൂത്രണം വിദേശത്തുനിന്നായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ സൂചനകളുണ്ട്. ഫോറൻസിക് സംഘം സംഭവസ്ഥലത്തുനിന്ന് 42ലേറെ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
ഏഴുപേർ കൂടി പിടിയിൽ
ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഏഴുപേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അഞ്ചു ഡോക്ടർമാർ ഉൾപ്പെടെ 15 പേർ അറസ്റ്റിലായി. മൂന്നു പേർ കസ്റ്റഡിയിലുണ്ട്. തിങ്കളാഴ്ച എട്ടുപേർ പിടിയിലായിരുന്നു. ഫരീദാബാദിലെ അൽ ഫലാഹ് യൂണിവേഴ്സിറ്റിയിൽ പരിശോധനകൾ തുടരുകയാണ്. ഇവിടുത്തെ മോസ്കിലെ ഇമാമിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്രീനഗർ സ്വദേശി മുഹമ്മദ് ഇഷ്താഖിനെയാണ് കസ്റ്റഡിയിലെടുത്തത്. യൂണിവേഴ്സിറ്റിയിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
വ്യത്യസ്ത തരം സ്ഫോടകവസ്തുക്കൾ
ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘം ചൊവ്വാഴ്ച രണ്ട് കാട്രിഡ്ജുകളും വ്യത്യസ്ത തരം സ്ഫോടകവസ്തുക്കളുടെ സാമ്പിളുകളും കണ്ടെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. ഇവ വിശദമായ ഫോറൻസിക് വിശകലനത്തിനായി അയച്ചു. അമോണിയം നൈട്രേറ്റിന്റെയും മറ്റൊരു തിരിച്ചറിയപ്പെടാത്ത സ്ഫോടകവസ്തുവിന്റെയും അംശങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചു. സ്ഫോടനത്തിന്റെ സ്വഭാവവും ഉപയോഗിച്ച വസ്തുക്കളും നിർണയിക്കുന്ന അന്തിമ റിപ്പോർട്ട് വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നു.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധമുണ്ടോ?
ഡൽഹി സ്ഫോടനത്തിനു പിന്നിൽ പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്ഷെ ഇ മുഹമ്മദുമായി ബന്ധപ്പെട്ട ഭീകരഘടകമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിനുശേഷം, പാക് ഭീകരർ ഇന്ത്യയിൽ ആക്രമണങ്ങൾക്കു പദ്ധതിയിടുന്നതായി ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി, പാകിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും തീവ്രവാദകേന്ദ്രങ്ങൾ ഇന്ത്യ തകർത്തിരുന്നു.
കാഷ്മീർ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ജെയ്ഷ് ഇ മുഹമ്മദ്, അൻസാർ ഗസ്വത് ഉൽ ഹിന്ദ് എന്നിവയുമായി ബന്ധമുള്ള വെള്ളക്കോളർ ഭീകരവാദവും പുറത്തുവന്നു. സ്ഫോടനത്തിൽ പലർക്കും പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. തീവ്രവാദ സംഘടനയുമായി ബന്ധമുള്ള ആറ് ഡോക്ടർമാരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽപ്പേർ വരുംദിവസങ്ങളിൽ പിടിയിലാകും.
കാഷ്മീർ ഇമാം ഇർഫാൻ അഹമ്മദ് പിടിയിൽ
ഫരീദാബാദിൽ സ്ഫോടകവസ്തുക്കൾ പിടിച്ചതിലും ഡൽഹി ബോംബ് സ്ഫോടനത്തിനും പിന്നിലെ ആസൂത്രകരിലൊരാൾ പിടിയിൽ. ജമ്മു കാഷ്മീരിലെ ഷോപിയാൻ ഇമാം ഇർഫാൻ അഹമ്മദ് വാഗയാണ് പിടിയിലായത്. പാക്കിസ്ഥാൻ തീവ്രവാദസംഘടനകളുമായി ബന്ധമുള്ള ഭീകരനാണ് ഇമാം. ഡോക്ടർമാരെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്തത് ഇയാൾ മുഖേനയെന്നാണ് റിപ്പോർട്ട്.
ഇയാളും ഭാര്യയും ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുകയും തീവ്രവാദവത്കരിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. കാഷ്മീരിലെ നിരവധി യുവാക്കളെയും ഡോക്ടർമാരേയും റിക്രൂട്ട് ചെയ്യുകയും തീവ്രവാദത്തിലേക്ക് നയിക്കുകയും ചെയ്യുന്നവരിൽ പ്രമുഖനാണ് ഷോപിയാൻ ഇമാം. ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളജിലെ (ജിഎംസി) മുൻ പാരാമെഡിക്കൽ ജീവനക്കാരനും നൗഗാമിൽ ഇമാമായും പ്രവർത്തിച്ചിട്ടുള്ള അഹമ്മദ്, മെഡിക്കൽ പ്രൊഫഷണലുകളെ തീവ്രവാദ പ്രത്യയശാസ്ത്രങ്ങളിലേക്ക് ആകർഷിക്കുന്നതിൽ പ്രധാനിയാണ്.
ഒക്ടോബർ 19 ന് നൗഗാമിലെ ബൻപോറയിൽ ജെയ്ഷെ മുഹമ്മദിന്റെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് ഇമാം രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. പോസ്റ്ററുകൾ തങ്ങൾക്ക് നൽകിയത് അഹമ്മദാണെന്ന് പിടിയിലായവർ വെളിപ്പെടുത്തിയിരുന്നു. ചെങ്കോട്ട സ്ഫോടനം നടത്തിയ ഡോ. മുഹമ്മദ് ഉമറിന്റെ അടുത്ത സഹായി ഡോ. മുസമ്മിൽ ഷക്കീലുമായി ഇമാമിനു ബന്ധമുണ്ടെന്നു അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ജെയ്ഷെ വനിതാ വിഭാഗം
ജെയ്ഷെയ്ക്ക് കീഴിൽ വനിതാ വിഭാഗം രൂപീകരിക്കാൻ പദ്ധതിയിട്ട ഷഹീൻ എന്ന ഡോക്ടറുടെ തീവ്രവാദ പ്രവർത്തനവുമായി അഹമ്മദിന്റെ ഭാര്യക്കു ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. അവരുടെ വീട്ടിൽനിന്നു പിടിച്ചെടുത്ത ഫോണുകളിൽനിന്ന് ഭീകരരുമായി ബന്ധിപ്പിക്കുന്ന നിരവധി തെളിവുകളും ലഭിച്ചിട്ടുണ്ട്.

