ന്യൂഡൽഹി: തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. നഗരത്തിലേക്കു പ്രവേശിക്കുന്ന എല്ലാ അതിർത്തി റോഡുകളിലും പോലീസ് പരിശോധന കർശനമാക്കി.
സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ വാണിജ്യ ആവശ്യങ്ങൾക്കായി ഡൽഹിയിലേക്കെത്തുന്ന വാഹനങ്ങൾ പരിശോധനയ്ക്കു വിധേയമാക്കിയാണു കടത്തിവിടുന്നത്. വിദേശരാജ്യങ്ങളുടെ സ്ഥാനപതികാര്യാലയങ്ങൾ ഉൾപ്പെടെ തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ വർധിപ്പിച്ചു.സ്ഫോടനത്തിനു പിന്നാലെ ചെങ്കോട്ടയിലും സമീപപ്രദേശങ്ങളിലെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു.
ദരിയഗഞ്ച്, പഹർഗഞ്ച് പ്രദേശങ്ങളിലെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലുമാണ് പരിശോധന നടത്തിയത്. ഹോട്ടലുകളിലെ രജിസ്റ്ററുകളും പോലീസ് പരിശോധിച്ചു. ഇവിടങ്ങളിലെ ജീവനക്കാരെയും അന്വേഷണസംഘം ചോദ്യം ചെയ്തു. സ്ഫോടനത്തെത്തുടർന്ന് സന്ദർശകർക്കു പ്രവേശനം നിരോധിച്ച ചെങ്കോട്ട വെള്ളിയാഴ്ചയേ തുറക്കൂവെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. പരിശോധന നടക്കുന്നതിനാൽ ഈ പ്രദേശത്തേക്കുള്ള ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്.
രാജ്യതലസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. പ്രാദേശിക മാർക്കറ്റുകൾ, മെട്രോ സ്റ്റേഷനുകൾ, ബസ്സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. സംശയാസ്പദമായ വ്യക്തികൾ, ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ എന്നിങ്ങനെ എല്ലാത്തര ത്തിലും ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. പ്രധാന മേഖലകളിലെല്ലാം വാഹനനിയന്ത്രണം ഏർപ്പെടുത്തി.
ചാവേറിനെ കണ്ടെത്താൻ ഡിഎൻഎ പരിശോധന
ചെങ്കോട്ട സ്ഫോടനത്തിൽ ഡോ. ഉമർ നബി ചാവേറായിരുന്നുവെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തും. സാന്പിൾ ശേഖരിക്കാനായി ഉമർ നബിയുടെ അമ്മ ഷമീമ ബീഗത്തെ അന്വേഷണസംഘം ആശുപത്രിയിലെത്തിച്ചു. രണ്ട് സഹോദരന്മാരും ഒപ്പമുണ്ടായിരുന്നു.
അതേസമയം, സ്ഫോടനം നടത്തിയ കാറിന്റെ ഉടമസ്ഥരെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി മൂന്നുപേരെ ചോദ്യംചെയ്തു. കാറിന്റെ ആദ്യ ഉടമയായ ഗുഡ്ഗാവ് സ്വദേശി മുഹമ്മദ് സൽമാൻ ഉൾപ്പെടെ മൂന്നുപേരെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ ഓക്ലയിലുള്ള ദേവേന്ദ്ര എന്നയാൾക്കു സൽമാൻ കാർ വിറ്റുവെന്നാണ് രേഖകൾ. ഒന്നരവർഷം മുന്പായിരുന്നു ഇത്.
2016 മുതൽ നാലുവർഷം മുഹമ്മദ് സൽമാൻ താമസിച്ചിരുന്ന വാടകവീടിന്റെ ഉടമ ദിനേശിനെയും പോലീസ് ചോദ്യംചെയ്യുന്നുണ്ട്. 2020 നുശേഷം സൽമാനുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് ദിനേശിന്റെ സഹോദരൻ മഹേഷ് അന്വേഷണസംഘത്തോട് പറഞ്ഞു. സൽമാനൊപ്പം ഭാര്യയും രണ്ടു കുട്ടികളും അമ്മയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഒരു സ്വകാര്യകന്പനിയിൽ ജോലിയാണെന്നാണ് അയൽവാസികളോട് ഇയാൾ പറഞ്ഞിരുന്നത്.
ദേവന്ദ്രയിൽനിന്നാണ് അംബാല സ്വദേശിയായ ഒരാൾ ഈ കാർ വാങ്ങിയത്. ഇയാളിൽനിന്നും പുൽവാമ സ്വദേശി താരിഖ് എന്നയാൾ കാർ സ്വന്തമാക്കി. കാർ ഇടപാടുമായി ബന്ധപ്പെട്ട മുഴുവൻ പേരെയും കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.

