ദെയ്ർ അൽ ബലാഹ്: ഗാസ വെടിനിർത്തലിന്റെ അടുത്ത ഘട്ടങ്ങൾ ചർച്ച ചെയ്യുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മരുമകൻ ജാരെദ് കുഷ്നർ എന്നിവർ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി.
ഒക്ടോബർ പത്തിന് നിലവിൽ വന്ന വെടിനിർത്തലിന്റെ ഒന്നാംഘട്ടം അന്ത്യത്തിലേക്ക് അടുക്കുകയാണ്. ഗാസയിലെ ഭരണത്തിനായി താത്കാലിക സമിതിയെ നിയമിക്കുന്നതും രാജ്യാന്തര സ്ഥിരതാ സേനയെ വിന്യസിക്കുന്നതുമാണ് അടുത്ത ഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ ഇത്തരം നടപടികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
ഓരോ ഇസ്രേലി ബന്ദിക്കും പകരമായി 15 പലസ്തീനികളുടെ ഭൗതികാവശിഷ്ടങ്ങൾ ഇസ്രയേൽ മടക്കിനൽകുന്നുണ്ടായിരുന്നു. ഇതുവരെ ലഭിച്ച ഭൗതികാവശിഷ്ടങ്ങൾ 315 ആണെന്നും തിരിച്ചറിഞ്ഞവ 91 മാത്രമാണെന്നുമാണ് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഗാസയിൽ ഡിഎൻഎ കിറ്റുകളുടെ ദൗർലഭ്യമുള്ളതിനാൽ ഫോറൻസിക് പരിശോധന സങ്കീർണമാണ്.
ഇവയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയാണ് ഇപ്പോൾ ചെയ്യുന്നത്. അതേസമയം, ഇസ്രയേലിന്റെ കീഴിലുള്ള വെസ്റ്റ് ബാങ്കിലെ ഉ അൽ ഖയിർ ഗ്രാമത്തിലെ 14 കെട്ടിടങ്ങൾ ഇടിച്ചുനിരത്താൻ ഇസ്രയേൽ തീരുമാനിച്ചതായി താമസക്കാർ പറഞ്ഞു. ഇവ അനധികൃതമായി നിർമിച്ചവയാണെന്ന് ഇസ്രയേൽ അറിയിച്ചു.

