ഒരു ഡസനോളം നിരപരാധികളെ കൊന്ന് ഭീകരർ ഒരിക്കൽകൂടി അവരുടെ മനുഷ്യവിരുദ്ധത “ഭക്തിപൂർവം’ നിർവഹിച്ചിരിക്കുന്നു. എത്ര വിദ്യാഭ്യാസം നേടിയാലും തകർക്കാനാകാത്തത്ര മതഭ്രാന്ത് പ്രാഥമിക മതവിദ്യാഭ്യാസങ്ങളിലൂടെ കൈവരിച്ചിട്ടുള്ളവരാണ് ഡൽഹിയിൽ പൊട്ടിത്തെറിച്ച തീവ്രവാദി ഡോക്ടറും സഹായികളായ ഡോക്ടർമാരുമൊക്കെ.
ഒരിടത്ത് അവരുടെ പേര് ജയ്ഷെ മുഹമ്മദ്, മറ്റൊരിടത്തവർ ഹമാസ്, ഹിസ്ബുള്ള, ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം, ഫുലാനി, റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്… എല്ലാം ഇതര മതസ്ഥരെ ജീവിക്കാൻ അനുവദിക്കാത്ത മുസ്ലിം ബ്രദർഹുഡിന്റെ വംശവെറി ശാഖകൾ മാത്രം. ഡൽഹി ഭീകരാക്രമണത്തിന്റെ അന്വേഷണവും തിരിച്ചടിയും കേന്ദ്രസർക്കാരിനു വിട്ടുകൊടുക്കാം. ഈ രാജ്യത്തിന് അതിനുള്ള ശേഷിയുണ്ട്.
പക്ഷേ, നാം ചർച്ച ചെയ്യേണ്ടത്, ഡൽഹിയിലും കത്തിയ ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ നാന്പുകളെ കേരളത്തിൽ ഉൾപ്പെടെ നട്ടുവളർത്തുന്നതിൽ നമുക്കു പങ്കുണ്ടോ എന്നാണ്. ഏതെങ്കിലും വർഗീയതയെ എതിർക്കുന്നുണ്ടോ എന്നല്ല, എല്ലാ വർഗീയതയെയും എതിർക്കുന്നോ എന്നതാണ് ചോദ്യം. മതമൗലികവാദികൾ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെയും ആസ്ഥാന ബുദ്ധിജീവികളുടെയും സഹായത്തോടെ ഇരവേഷം കെട്ടിച്ച തീവ്രവാദ സംഘടനകൾ ഈ പഞ്ചായത്തു തെരഞ്ഞെടുപ്പിലും ആരുടെയൊക്കെ സ്വീകരണമുറിയിലാണ് ഇരിക്കുന്നതെന്നു നോക്കൂ. ചരിത്രം തെരഞ്ഞെടുപ്പു വിജയങ്ങളെ മാത്രമല്ല, അവിശുദ്ധ സഖ്യങ്ങളെയും കുറിച്ചുവയ്ക്കും.
രാജ്യതലസ്ഥാനത്ത് തിങ്കളാഴ്ച വൈകുന്നേരം 6.52നുണ്ടായ ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാൻ വേരുകളുള്ള ജെയ്ഷെ മുഹമ്മദാണെന്നാണു സൂചനകൾ. സ്ഫോടനത്തിനു മണിക്കൂറുകൾക്കു മുൻപാണ് ജമ്മു കാഷ്മീർ, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്നായി മൂന്ന് ഡോക്ടർമാരടക്കം തീവ്രവാദികളെന്നു കരുതുന്ന എട്ട് പേർ അറസ്റ്റിലായത്. 360 ഗ്രാം ആർഡിഎക്സ് ഉൾപ്പെടെ 2900 കിലോ സ്ഫോടകവസ്തുക്കളാണ് പിടിച്ചെടുത്തത്. “ചുവരുകളുടെ നഗര’മെന്നാണ് ചാന്ദ്നി ചൗക്ക് അറിയപ്പെടുന്നത്.
അതിനും ചെങ്കോട്ടയ്ക്കുമിടയിൽ നടന്ന ഭീകരാക്രമണത്തിന്റെ ചുവരെഴുത്തുകൾ നാം വായിച്ചേ തീരൂ. കഴിഞ്ഞ ഏപ്രിൽ 22ന് പഹൽഗാമിൽ നടന്നത് ഉൾപ്പെടെ എത്രയെത്ര ഭീകരാക്രമണങ്ങൾ ഈ രാജ്യം കണ്ടു, പതിറ്റാണ്ടുകളായി എത്ര നിരപരാധികളാണ് കൊല്ലപ്പെട്ടത്, ഭീകരവിരുദ്ധതയ്ക്കുവേണ്ടി നാമെത്ര പണം ചെലവഴിച്ചു? ഇനിയെന്ത് എന്ന ചോദ്യമുണ്ട്. ഭീകരരുടെ ഇരയായ മലാല യൂസഫ് സായ് ഒരു പരിഹാരം പറഞ്ഞിട്ടുണ്ട്: “തീവ്രവാദികളെ വെടിവച്ചു കൊല്ലാനാകും.
പക്ഷേ, തീവ്രവാദത്തെ വിദ്യാഭ്യാസംകൊണ്ടേ കൊല്ലാനാകൂ.” തീവ്രവാദികളോടു ചോദിക്കൂ, നിങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം എവിടെയായിരുന്നെന്ന്. അതവിടെ നിൽക്കട്ടെ; നമ്മുടെ സ്കൂളുകളിലെ മതമൗലികവാദ നുഴഞ്ഞുകയറ്റത്തെപ്പോലും ചെറുക്കാൻ കോടതികളുടെ സഹായമില്ലായിരുന്നെങ്കിൽ സാധിക്കുമായിരുന്നോ? ഓരോ സന്ദർഭത്തിലും മതമൗലികവാദികൾ എത്ര അനായാസമായാണ് മതേതര നേതാക്കളെ വക്താക്കളായി ഇറക്കുന്നതെന്ന് അടുത്തയിടെയും കേരളം കണ്ടു. മതേതര രാജ്യമായ ഇന്ത്യയിൽ വളരേണ്ടത് മതേതര പാർട്ടികളുടെ ചെലവിലാണെന്ന് തീവ്രവാദികൾക്കറിയാം.
രാഷ്ട്രീയം തീവ്രവാദവുമായി രഹസ്യത്തിൽ ചെയ്യുന്നത് എന്താണ്? സ്വാതന്ത്ര്യസമരകാലത്തും ഇവിടെ വർഗീയതയും മതമൗലികവാദവുമുണ്ടായിരുന്നു. പക്ഷേ, വിഭജനാനന്തരം ഇസ്ലാമിക രാജ്യമായി പാക്കിസ്ഥാൻ രൂപപ്പെട്ടതിനുശേഷമാണ് അവിടേക്കു കുടിയേറിയ തീവ്രവാദം ഭീകരാകാരം പൂണ്ടത്. അവിടത്തെ രാഷ്ട്രീയ പാർട്ടികളും മാറിമാറി വന്ന സർക്കാരുകളും സൈന്യവുമൊക്കെ തീവ്രവാദത്തെ വളർത്തി. അതായത്, രാഷ്ട്രീയ-ഭരണകൂട പിന്തുണയില്ലാതെ മതമൗലികവാദത്തിനു ഭീകരദംഷ്ട്രകൾ പുറത്തെടുക്കാനാകില്ല.
മലാല പറഞ്ഞത് അടിസ്ഥാനമാക്കിയാൽ, തീവ്രവാദികളെ ഉന്മൂലനം ചെയ്യാൻ അതിർത്തി കടന്നും നമുക്കു സാധിച്ചിട്ടുണ്ട്. പക്ഷേ, തീവ്രവാദമെന്ന ആശയത്തെ ചെറുക്കാൻ അതിർത്തിക്കുള്ളിലും നമുക്കാകുന്നില്ല. വിദ്യാഭ്യാസത്തിലൂടെയേ അതു സാധിക്കൂ. ആ മതേതര വിദ്യാഭ്യാസത്തെ പിന്നിൽനിന്നു കുത്തുന്നത് ഇവിടത്തെ മതേതര രാഷ്ട്രീയത്തിന്റെ കപട പതിപ്പുകളാണ്. അവരാണ് സ്കൂളുകളിലേക്കു മതമെത്തിക്കുന്ന സംഘടനകളുടെ അകന്പടിക്കാർ. അമിതമായ മതവിദ്യാഭ്യാസത്തിനു പകരം പൊതു വിദ്യാഭ്യാസമാണ് ഈ മതേതര രാജ്യത്തു വേണ്ടതെന്നു പറഞ്ഞാൽ, പറയുന്നവർ ഇസ്ലാമോഫോബിയ പരത്തുന്നവരാകും.
മതോന്മാദങ്ങളുമായുള്ള രഹസ്യവേഴ്ചകൾ സംസ്കാരികനായകരെ എന്നപോലെ രാഷ്ട്രീയക്കാരെയും സത്യസന്ധതയില്ലാത്തവരാക്കി. തീവ്രവാദത്തിന്റെ ഇരകളായ സൽമാൻ റുഷ്ദി, മലാല യൂസഫ് സായ്, തസ്ലിമ നസ്റിൻ, അയാൻ ഫിർസി അലി തുടങ്ങിയവരെയൊക്കെ വിയോജിപ്പുകളുടെ പേരിൽ കൊല്ലണമെന്നു പറയുന്നവർക്കൊപ്പമാണോ നിങ്ങളെന്ന്, മതവിശ്വാസികളോടല്ല, ഐക്യദാർഢ്യങ്ങളെ വോട്ടുപാധികളാക്കിയ നമ്മുടെ മതേതര രാഷ്ട്രീയക്കാരോടു ചോദിച്ചുനോക്കൂ.
രഹസ്യമായിട്ടല്ല, പൊതുവേദിയിൽ പരസ്യമായി ചോദിക്കണം. അപ്പോൾ വ്യാപിക്കുന്ന നിശബ്ദതയുടെ അല്ലെങ്കിൽ ഉത്തരമില്ലാത്ത ശബ്ദകോലാഹലത്തിന്റെ പേരാണ് കപട മതേതരത്വം അഥവാ വോട്ടിനുവേണ്ടിയുള്ള മതപ്രീണനം. ഒരു പഞ്ചായത്ത് വാർഡിൽ പോലും മതമൗലികവാദ സംഘടനകളെ അകറ്റിനിർത്താൻ ആത്മവിശ്വാസമില്ലാത്ത മതേതരത്വം!
അതുകൊണ്ട് നാം ചർച്ച ചെയ്യേണ്ടത്, ചെങ്കോട്ടയ്ക്കും ജുമാ മസ്ജിദിനും ചാന്ദ്നി ചൗക്കിനുമിടെ എത്ര നാശമുണ്ടായെന്നു മാത്രമല്ല; തന്റെ മതത്തിനും ‘സ്വർഗ’ത്തിനുംവേണ്ടി അവിടെ കൊലക്കളമൊരുക്കാൻ വന്നവരുടെ മാനസികാവസ്ഥ നമ്മുടെ പരിസരങ്ങളിലും രൂപപ്പെടുന്നുണ്ടോ എന്നാണ്. അതിനെയാണ്, ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ഭേദമേതുമില്ലാതെ നാം ചെറുക്കേണ്ടത്.
അതിനായി കൈ കോർക്കാൻ തടസമൊന്നുമില്ല നമുക്ക്, പ്രീണന രാഷ്ട്രീയത്തെ അകറ്റിനിർത്തുക എന്നതല്ലാതെ. വർഗീയതയെ വർഗീയതയെന്നും തീവ്രവാദത്തെ തീവ്രവാദമെന്നും അഭിസംബോധന ചെയ്യാൻ എളുപ്പമല്ല; പക്ഷേ അസാധ്യമല്ല.“തന്നെ അവസാനമേ തിന്നൂ എന്നു കരുതി മുതലയെ തീറ്റിപ്പോറ്റുന്നവരാണ് പ്രീണനക്കാർ”-വിൻസ്റ്റൺ ചർച്ചിൽ
