കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ എറണാകുളം സ്വദേശിയില്‍നിന്ന് 25 കോടി രൂപ തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതികളില്‍ ഒരാളെന്ന് സംശയിക്കുന്ന ഹൈദരാബാദ് സ്വദേശിയ്ക്കായി അന്വേഷണം ഉര്‍ജിതം. ഇയാളെ കണ്ടെത്തുന്നതിനായി കൊച്ചി സിറ്റി പോലീസിലെ മൂന്നംഗ അന്വേഷക സംഘം ഹൈദരാബാദില്‍ തെരച്ചില്‍ നടത്തി വരികയാണ്.
ഹൈദരാബാദ് പോലീസിന്റെ കൂടി സഹായത്തോടെയാണ് തെരച്ചില്‍. തട്ടിയെടുത്ത തുകയില്‍ നിന്ന് 12 കോടി രൂപ ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു.
അറസ്റ്റിലായ കോഴിക്കോടുകാരായ പ്രതികള്‍ കൈവശം വച്ചിരുന്ന വാടക അക്കൗണ്ടുകളില്‍ ചിലത് നേരത്തെ കൈകാര്യം ചെയ്തിരുന്നത് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് സംഘമാണെന്നും അന്വേഷണ സംഘം കണ്ടെത്തുകയുണ്ടായി. ഈ വാടക അക്കൗണ്ടുകള്‍ നിയന്ത്രിച്ചിരുന്നതില്‍ പ്രധാനിയാണ് ഹൈദരാബാദ് സ്വദേശിയെന്നാണ് സൂചന.
കഴിഞ്ഞ 29നാണ് മൂന്നംഗ സംഘം ഹൈദരാബാദ് കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പുറപ്പെട്ടത്. കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ സാന്നിധ്യം കൊച്ചി സിറ്റി സൈബര്‍ പോലീസ് സംശയിച്ചിരുന്നു.
മൊബൈല്‍ഫോണുകള്‍ പരിശോധിക്കുന്നു
പിടിയിലായ മൂന്ന് പ്രതികള്‍ ഹൈദരബാദിലുള്ള സംഘവുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും അന്വേഷക സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ പരിശോധന പുരോഗമിക്കുകയാണ്. ഇവര്‍ കൈകാര്യം ചെയ്ത ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ പരിശോധനയും പുരോഗമിക്കുന്നു.
പ്രധാന പ്രതികളായ കോഴിക്കോട് സ്വദേശികളായ പി.കെ. റഹീസ് (39), വി. അന്‍സാര്‍ (39), സി.കെ. അനീസ് റഹ്മാന് (25) എന്നിവര്‍ റിമാന്‍ഡിലാണ്. ഹൈദരാബാദ് സ്വദേശിയെ കസ്റ്റഡിയിലെടുത്ത ശേഷം മൂന്നു പ്രതികളുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും.
പ്രതികളുടെ വിദേശ ബന്ധത്തെക്കുറിച്ചും വിശദ അന്വേഷണം നടക്കുന്നുണ്ട്. ഇവര്‍ ഗള്‍ഫ് രാജ്യങ്ങില്‍ എത്തിയതായാണ് സൂചന. പ്രതികളുടെ യാത്രാവിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.
തട്ടിയെടുത്ത പണം ക്രിപ്റ്റോ കറന്‍സിയാക്കി മാറ്റി വിദേശരാജ്യങ്ങളില്‍ എത്തി പിന്‍വലിച്ചതായാണ് സംശയിക്കുന്നത്. ‘ക്യാപ്പിറ്റലിക്സ്’ എന്ന വെബ്സൈറ്റ് വഴി ട്രേഡിംഗ് നടത്തി ഉയര്‍ന്നലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് 90 തവണകളായി 25 കോടി രൂപയാണ് സംഘം എറണാകുളം സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത്.

