കായംകുളം: കൃഷ്ണപുരം പഞ്ചായത്തിൽ സിപിഎമ്മിൽനിന്ന് പുറത്താക്കപ്പെട്ടവർ ചേർന്ന് ജനകീയ മുന്നണി രൂപവത്കരിച്ച് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് എൽഡിഎഫിന് തിരിച്ചടിയാകുന്നു.കൃഷ്ണപുരം പഞ്ചായത്തിലെ ആറ്, ഏഴ്, പതിനേഴ് വാർഡുകളിലാണ് ജനകീയമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ ജനകീയ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുകയും വാർഡുകളുടെ വിവിധ ഭാഗങ്ങളിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.സിപിഎം കായംകുളം ഏരിയ സെന്റർ അംഗം കൂടിയായ കൃഷ്ണപുരം പഞ്ചായത്തംഗത്തിന്റെ വാർഡിൽ ഗ്രാമസഭ കൂടുന്നതിൽ വീഴ്ച വരുത്തിയത് സിപിഎം ക
ഗ്രാമസഭ സംബന്ധിച്ച് നൽകിയ പരാതിയിൽ ഒപ്പിട്ടതിനെത്തുടർന്ന് ലോക്കൽ കമ്മിറ്റി അംഗം വിപിൻദാസ്, ബ്രാഞ്ച് സെക്രട്ടറിമാരായ ശ്യാം, രാജേന്ദ്രൻ, മോഹനൻപിള്ള എന്നിവരെയാണ് പാർട്ടി വിചിത്രമായ നടപടി എടുത്തു പുറത്താക്കിയത്.പാർട്ടിയിൽനിന്നു വിട്ടുപോയവരെ തിരികെ എത്തിക്കാൻ സംസ്ഥാന കമ്മിറ്റിയുടെ നിർദേശമുണ്ടെന്നിരിക്കെ ഒരു നേതാവിനുവേണ്ടി പാർട്ടി മൂല്യങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് പ്രദേശത്തെ 24 പാർട്ടി അംഗങ്ങൾ പാർട്ടിയുമായി സഹകരിക്കാതിരുന്നത്.
പാർട്ടിയുടെ ജില്ലാ, ഏരിയ നേതാക്കൾ കുറ്റക്കാരനായ വാർഡ് അംഗത്തെ സംരക്ഷിച്ചതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് എല്ലാവരെയും ഉൾപ്പെടുത്തി ജനകീയ വികസന സമിതി രൂപവത്കരിച്ചത്. സമാന ചിന്താഗതിയുള്ളവരെ ഉൾപ്പെടുത്തി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും സ്ഥാനാർഥികളെ നിർത്താനും നീക്കമുണ്ട്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി പുറത്താക്കപ്പെട്ടവർ സിപിഎമ്മിനും വിവിധ ഘടകങ്ങൾക്കും കത്തു നൽകിയതിനെ ത്തുടർന്ന് ഏരിയ കമ്മിറ്റി ഓഫീസിൽ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം കെ.എച്ച്. ബാബുജാനും ജില്ലാ സെക്രട്ടേറിയറ്റംഗം എ. മഹേന്ദ്രനും ഏരിയ സെക്രട്ടറി ബി. അബിൻഷായും പുറത്താക്കപ്പെട്ടവരെ വിളിച്ചു വിശദീകരണം തേടിയിരുന്നു.
പാർട്ടിയോടൊപ്പം നിൽക്കാൻ അവർ സന്നദ്ധത അറിയിച്ചെങ്കിലും ഏരിയ സെന്റർ അംഗം വഴങ്ങാത്തതിനെത്തുടർന്ന് ചർച്ച ഉപേക്ഷിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ജനകീയ വികസനസമിതി രൂപവത്കരിച്ചത്.

