ചൈനയിൽനിന്ന് വലിയതോതിലുള്ള പിവിസി റെസിന്റെ ഇറക്കുമതി ഇന്ത്യക്കാരുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയ ഗുണനിലവാരമില്ലാത്ത പിവിസി റെസിൻ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ചൈനയിൽനിന്ന് വലിയതോതിൽ ഇറക്കുമതി ചെയ്യുന്നതുമൂലം ഇന്ത്യയുടെ പൊതുജനാരോഗ്യം ഗുരുതര ഭീഷണി നേരിടുന്നുവെന്ന് സെന്റർ ഫോർ ഡൊമസ്റ്റിക് ഇക്കണോമി പോളിസി റിസർച്ചിന്റെ പുതിയ പഠന റിപ്പോർട്ടിലാണ് മുന്നറിയിപ്പ്.
പിവിസി റെസിൻ അഥവാ പോളി വിനൈൽ ക്ലോറൈഡ് എന്നത് പൈപ്പ്, കേബിൾ, മെഡിക്കൽ സാമഗ്രികൾ തുടങ്ങിയവ നിർമിക്കാൻ ഉപയോഗിക്കുന്ന കൃത്രിമ പ്ലാസ്റ്റിക് പോളിമറാണിത്. വിനൈൽ ക്ലോറൈഡ് മോനോമർ (വിസിഎം) എന്ന രാസവസ്തുവിൽ നിന്ന് പൊളിമറൈസേഷൻ പ്രക്രിയയിലൂടെ ഉണ്ടാകുന്ന ഒരു തെർമോ പ്ലാസ്റ്റിക് പൊളിമർ ആണ് പിവിസി റെസിൻ. വെള്ളനിറത്തിലുള്ള പൊടി പോലുള്ള രൂപത്തിലാണ് കാണപ്പെടുന്നത്. ഇത് ചൂടായാൽ മൃദുവാകുന്നു. രൂപം കൊടുക്കാൻ എളുപ്പമാകുന്ന സ്വഭാവമുള്ളതിനാൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമിക്കാൻ ഉപയോഗിക്കാം.
ചൈനയിൽനിന്നുള്ള പിവിസിയിൽ ഉയർന്ന അളവിൽ റെസിഡ്യൂവൽ വിനൈൽ ക്ലോറൈഡ് മോണോമർ (ആർവിസിഎം) അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓണ് കാൻസർ ഈ ആർവിസിഎമ്മിനെ കാറ്റഗറി 1എ കാർസിനോജൻ (മനുഷ്യരിൽ കാൻസറിനു കാരണമാകുന്ന പദാർഥം) ആയി തിരിച്ചറിഞ്ഞിട്ടുണ്ട്. ആഗോള തലത്തിൽ അംഗീകരിച്ചതിന്റെ അഞ്ചിരട്ടി അധികമാണ് ഇതിന്റെ സാന്നിധ്യം.
‘ബാലൻസിംഗ് ഗ്രോത്ത് ആൻഡ് പബ്ലിക് ഹെൽത്ത് സേഫ്റ്റി: ക്രിട്ടികാലിറ്റി ഓഫ് പിവിസി ക്യുസിഒ ഇൻ ഇന്ത്യ’ എന്ന തലക്കെട്ടിലുള്ള പഠന റിപ്പോർട്ട് ഐഐടി ഡൽഹിയിൽ പുറത്തിറങ്ങി. ഇന്ത്യയുടെ സന്പദ്വ്യവസ്ഥയുടെ ഏകദേശം 30 ശതമാനം വരുന്ന പിവിസി ജലവിതരണം, ശുചിത്വം, ജലസേചനം, ആരോഗ്യ സംരക്ഷണം, നിർമാണം തുടങ്ങിയ നിർണായക മേഖലകളിൽ ഉപയോഗിക്കുന്നുണ്ടെന്ന് ഇത് എടുത്തുകാണിക്കുന്നു. ഇത്തരം നിർണായക മേഖലയിൽ ഉപയോഗിക്കുന്ന റെസിന്റെ ഗുണനിലവാരം താഴുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
പിവിസി റെസിനു ഗുണനിലവാര നിയന്ത്രണ ഉത്തരവ് (ക്യുസിഒ) കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് വകുപ്പ് (ഡിസിപിസി) ആദ്യമായി പുറപ്പെടുവിച്ചത് 2024 ഓഗസ്റ്റിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2024 മുതൽ ഇത് നടപ്പിലാക്കാൻ കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് വകുപ്പ് നിർദേശിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇപ്പോൾ 2025 ഡിസംബറിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
അമേരിക്ക, യൂറോപ്യൻ യൂണിയൻ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇതിനകം തന്നെ പിവിസി റെസിനിലെ ആർവിസിഎം അളവ് 0.5 നും 3 പിപിഎമ്മിനും ഇടയിൽ നിയന്ത്രിക്കുന്നുണ്ട്. ഇതിനു വിപരീതമായി, ഇന്ത്യക്ക് നിലവിൽ ഒരു ദേശീയ പരിധിയില്ല. ചൈനയിൽനിന്ന് 5 മുതൽ 10പിപിഎം വരെയുള്ള ആർവിസിഎം ലെവലുകളിലുള്ള ഇറക്കുമതികൾ അനുവദിക്കുന്നു.

