എരുമേലി: ശബരിമല മണ്ഡലകാലത്തിലേക്ക് ഇനി മൂന്നു ദിവസം മാത്രം. ശരണം വിളികളാൽ എരുമേലി മുഖരിതമാകും. ആയിരക്കണക്കിന് അയ്യപ്പൻമാരാണ് ദിവസവും എത്തുക. ടൗൺ റോഡിൽ അടുത്ത ദിവസം മുതൽ വൺവേ ട്രാഫിക് ഏർപ്പെടുത്തും.
ക്രമീകരണങ്ങൾപൂർത്തിയായിട്ടില്ല
സർക്കാർ വക ഉൾപ്പെടെ ക്രമീകരണങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾപോലും ഇത്തവണയില്ലെന്ന ആക്ഷേപം ശക്തമാണ്. വിവിധ വകുപ്പുകളുടെ ഓഫീസുകൾ 16ന് ആരംഭിക്കും. പക്ഷേ ഇതിനുള്ള തയ്യാറെടുപ്പായില്ല. ദേവസ്വം ബോർഡിന്റെ വലിയ പാർക്കിംഗ് ഗ്രൗണ്ടിൽ ഇനിയും പണികൾ പൂർത്തിയായിട്ടില്ല. സീസണിന് മുമ്പ് തോടുകൾ ശുചീകരിക്കുമെന്ന പ്രഖ്യാപനം നടപ്പിലായില്ല. താത്കാലിക ആശുപത്രികളുടെയും വിശുദ്ധിസേനയുടെയും പ്രവർത്തനത്തിന് ദേവസ്വം ബോർഡ് സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് പരാതി പറയുന്നു.
ഫയർ ഫോഴ്സ് യൂണിറ്റിനുള്ള ഷെഡ് നിർമിച്ചിട്ടില്ല. പമ്പ സ്പെഷൽ സർവീസുകൾ നാളെ മുതൽ സജീവമാകുമെന്നിരിക്കെ കെഎസ്ആർടിസി ഓഫീസിന് മുറികൾ നൽകാമെന്ന വാഗ്ദാനവും ദേവസ്വം ബോർഡ് പാലിച്ചിട്ടില്ല. കെഎസ്ആർടിസി സ്റ്റാൻഡിൽ പഞ്ചായത്ത് നടത്തിയ കുഴിയടക്കൽ കോൺക്രീറ്റ് ജോലികൾ പ്രയോജനപ്പെടില്ലെന്ന് നാട്ടുകാർ പറയുന്നു.
പോലീസ് കൺട്രോൾ റൂം 16ന് പ്രവർത്തനം ആരംഭിക്കുമെങ്കിലും ടൗണിലും പരിസരങ്ങളിലുമായുള്ള 56 നിരീക്ഷണ കാമറകളിൽ പകുതിപോലും പ്രവർത്തിക്കുന്നില്ല.കനത്ത മഴ പെയ്താൽ സംസ്ഥാന, ദേശീയ പാതകൾ തോടായി മാറും. മിക്കയിടത്തും ഓട തെളിക്കൽ നടത്തിയിട്ടില്ല. പ്രധാന റോഡുകളിൽ നടത്തിയ താത്കാലിക കുഴിയടയ്ക്കൽ മഴയിൽ പൊളിയാറായ നിലയിലാണ്.
റോഡിന്റെ വശങ്ങളിലെ കാടുവെട്ട് പൂർത്തിയായിട്ടില്ല. സീബ്രാ വരകൾ, സെന്റർ ലൈൻ വരകൾ, റിഫ്ലക്ടറുകൾ, അപകടസാധ്യതാ അറിയിപ്പ് ബോർഡുകൾ, ദിശാബോർഡുകൾ തുടങ്ങിയവയൊന്നും പുതിയത് സ്ഥാപിച്ചിട്ടില്ല. പഴയ ബോർഡുകളും ലൈനുകളും ചെളിയും അഴുക്കുംമൂലം മറഞ്ഞ നിലയിലാണ്. സൈൻ ബോർഡുകൾ, ഹംപുകളുടെ പുനഃക്രമീകരണം എന്നിവയൊക്കെ നിർദേശങ്ങളിൽ ഉണ്ടായിരുന്നെങ്കിലും നടപ്പായില്ല.
പരമ്പരാഗത കാനനപാത തെളിക്കൽ തുടങ്ങിയെങ്കിലും കോയിക്കക്കാവ്, കണമല, അഴുത എന്നിവിടങ്ങളിൽ മെഡിക്കൽ സേവനം വേണമെന്ന ആവശ്യം നടപ്പിലായിട്ടില്ല. കാനനപാതയിൽ ഓക്സിജൻ പാർലർ സൗകര്യവുമായിട്ടില്ല. പാമ്പിൻ വിഷത്തിനുള്ള ആന്റിവെനം, പേവിഷബാധയ്ക്കുള്ള മരുന്നുകൾ എന്നിവ എരുമേലി ആശുപത്രിയിൽ എത്തിയിട്ടില്ല.
ക്ഷേത്രത്തിൽ പെയിന്റിംഗ്, മരാമത്തുപണികൾ അവസാന ഘട്ടത്തിലാണ്. ഷവർ ബാത്ത് സൗകര്യം, ശുചിമുറികൾ തുടങ്ങിയവ സജ്ജമാക്കുന്ന ജോലികൾ തീരാറായി. ഇത്തവണയും താത്കാലിക വിരിപ്പന്തലാണ് സജ്ജമാക്കുന്നത്. അഗ്നിസുരക്ഷാ സേനയ്ക്ക് എരുമേലി, കണമല, കോയിക്കക്കാവ്, അഴുത, കാളകെട്ടി എന്നിവിടങ്ങളിൽ സേവനം നൽകുന്നതിന് സൗകര്യം ഒരുക്കാൻ വൈകുകയാണ്.
ദേവസ്വത്തിന്റെയും ജമാഅത്തിന്റെയും സ്വകാര്യ വ്യക്തികളുടെയും ഉൾപ്പെടെ 12 പാർക്കിംഗ് മൈതാനങ്ങൾ സജ്ജമാണ്. ഇവിടങ്ങളിൽ ഉൾപ്പെടെ ടൗൺ പരിസരങ്ങളിലുമായി നൂറിൽപരം താത്കാലിക കടകളാണ് തുറന്നിരിക്കുന്നത്.

