ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ചാവേർ സ്ഫോടനം നടത്തിയ ഉമർ നബിയുടെ ജമ്മു കാഷ്മീരിലെ വീട് സുരക്ഷാസേന തകർത്തു. തെക്കൻ കാഷ്മീരിലെ പുൽവാമയിലുള്ള ഇയാളുടെ വീട് ഇന്നു പുലർച്ചെ ബോംബ് വച്ചാണു തകർത്തത്.
ചെങ്കോട്ടയ്ക്കടുത്തുള്ള നേതാജി സുഭാഷ് മാർഗിലെ ട്രാഫിക് സിഗ്നലിനു സമീപം പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാർ ഓടിച്ചിരുന്നതെന്ന് ഉമർ നബിയാണെന്നു കണ്ടെത്തിയിരുന്നു. ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിലെ ഡോക്ടറായിരുന്നു ഇയാൾ. ഇന്ത്യൻ മണ്ണിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നവർക്ക് ഒരു സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കാഷ്മീരിലെ ഇയാളുടെ വീട് പൊളിച്ചുമാറ്റിയത്. നേരത്തെ, പഹൽഗാം ഭീകരാക്രമണ ഗൂഢാലോചനയിൽ ഉൾപ്പെട്ടവരുടെയും വീടുകൾ പൊളിച്ചിരുന്നു.
വിവിധ നഗരങ്ങളിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ട് കരുതിയിരുന്ന 2,900 കിലോഗ്രാം ബോംബ് നിർമാണ സാമഗ്രികളും അസോൾട്ട് റൈഫിളുകൾ പോലുള്ള അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തിരുന്നു. ഉമറിന്റെ കൂട്ടാളികളും ഡോക്ടർമാരുമായ മുസമ്മിൽ, ഷഹീൻ സയീദ് എന്നിവരിൽ നിന്നാണ് ഇവ കണ്ടെടുത്തത്. ഫരീദാബാദിൽ സ്ഫോടകവസ്തുക്കൾ ശേഖരിച്ചതിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ രണ്ട് ഡോക്ടർമാരെയും ഇപ്പോൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജെയ്ഷെ ഇ മുഹമ്മദ്, അൻസാർ ഗസ്വത് ഉൽ ഹിന്ദ് എന്നിവരുമായി ബന്ധമുള്ള ഘടകം വളരെ വലിയ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു. ഡൽഹി സ്ഫോടനത്തിനു കാരണം ഉമർ നബിയുടെ കൂട്ടാളികൾ അറസ്റ്റിലായതിനെത്തുടർന്ന് പരിഭ്രാന്തിയിലായതിന്റെ ഫലമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.
ഫരീദാബാദിലെ സ്ഫോടകവസ്തുക്കൾ കണ്ടെടുക്കലും ഡൽഹിയിലെ മാരകമായ സ്ഫോടനവും പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ജെയ്ഷെ ഇ മുഹമ്മദ് പോലുള്ള തീവ്രവാദ സംഘടനകൾ ഭീകരപ്രവർത്തനങ്ങൾക്കായി ഡോക്ടർമാരെപ്പോലുള്ള ഉന്നത വിദ്യാഭ്യാസമുള്ള പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തുന്നു.
മൂന്നു ഭീകരർക്ക് വിദേശബന്ധം
ഡൽഹി സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ രണ്ടു വിദേശ ഹാൻഡ്ലർമാരുടെ പങ്കു വെളിപ്പെട്ടതായി അന്വേഷണവൃത്തങ്ങൾ അറിയിച്ചു. പാക് ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദുമായി ഇവർ അടുത്തബന്ധം പുലർത്തിയിരുന്നു. ചാവേറായ പൊട്ടിത്തെറിച്ച് ഉമർ നബി, കൂട്ടാളികളായ ഡോ. മുസമ്മിൽ ഷക്കീൽ, ഡോ. ഷഹീൻ സയീദ് എന്നിവർ ഹാൻഡ്ലർമാരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. രണ്ട് ഡോക്ടർമാരും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
ഭീകരരെ കൈകാര്യം ചെയ്തിരുന്നത് ഡോ. ഒകാസ, ഡോ. ഹാഷിം എന്ന ആരിഫ് നിസാർ എന്നീ രഹസ്യനാമങ്ങളിലുള്ളവരാണെന്ന് വൃത്തങ്ങൾ അറിയിച്ചു. ഭീകരവാദികളെ നിയന്ത്രിച്ചിരുന്നത് പാക്കിസ്ഥാൻകാരൻ നിസാറും തുർക്കിക്കാരനായ ഒകാസയുമാണ് അന്വേഷണ ഏജൻസികൾ വിശ്വസിക്കുന്നു. രണ്ട് ഹാൻഡ്ലർമാരും ഒരേ വ്യക്തിയായിരിക്കാമെന്ന് സ്രോതസുകൾ സൂചിപ്പിക്കുന്നു. സെഷൻ, ടെലിഗ്രാം, സിഗ്നൽ, മറ്റ് ആപ്പുകൾ എന്നിവ ഉപയോഗിച്ചാണ് ഭീകരർ ആശയവിനിമയം നടത്തിയതെന്ന് അവർ കൂട്ടിച്ചേർത്തു.

