ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ ദേവസേന എന്ന ഒറ്റ കഥാപാത്രത്തിലൂടെ രാജ്യത്തുടനീളം ആരാധകരെ സ്വന്തമാക്കിയ താരമാണ് അനുഷ്ക ഷെട്ടി. ബാഹുബലിക്ക് ശേഷം അപൂര്‍വമായി മാത്രമേ അനുഷ്ക അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഓരോ കഥാപാത്രം തെരഞ്ഞെടുക്കുന്നതിലും അതീവശ്രദ്ധ പുലര്‍ത്തുന്നുണ്ട് അനുഷ്ക.
കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ചലച്ചിത്ര ലോകത്ത് സജീവമായ അനുഷ്ക ഒരു സിനിമയ്ക്ക് ആറുകോടി പ്രതിഫലം വാങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 120 മുതല്‍ 134 കോടി വരെയാണ് അവരുടെ ആസ്തി എന്നും വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി കൂടിയാണ് അനുഷ്ക. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ ആഡംബര വീട്ടിലാണ് അനുഷ്കയുടെ താമസം.
ഹൈദരാബാദില്‍ താരത്തിന് ഒരു ഫാംഹൗസുമുണ്ട്. കൂടാതെ, കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലും സ്വത്തുണ്ട്. നാല് ആഡംബര കാറുകളാണ് അനുഷ്കയ്ക്കുള്ളത്. ഒരു ബിഎംഡബ്ല്യു 6 സീരിസ്, ഓഡി ക്യു5, ഓഡി എ6, ടൊയോട്ട കോറോള അല്ട്ടിസ് എന്നിവയെല്ലാം അനുഷ്കക്ക് സ്വന്തമായുണ്ട്.
വ്യക്തിജീവിതം ഇപ്പോഴും സ്വകാര്യമായി സൂക്ഷിക്കുന്ന വ്യക്തിയാണ് അനുഷ്ക. സൂപ്പര്‍, അരുന്ധതി, ബാഹുബലി, സിങ്കം തുടങ്ങി അനുഷ്ക വേഷമിട്ട ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റാണ്. നായികാ പ്രാധാന്യമുള്ള ചിത്രങ്ങള്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് അനുഷ്ക നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഫിലിംഫെയര്‍ അവാര്‍ഡ്, നന്തി അവാര്‍ഡ്, സൈമ, തമിഴ്നാട് ചലച്ചിത്ര പുരസ്കാരം എന്നിവയെല്ലാം അനുഷ്കയ്ക്ക് ലഭിച്ചിട്ടുണ്ട്.
1981 നവംബര്‍ ഏഴിന് മംഗലാപുരത്താണ് ജനനം. സ്വീറ്റി ഷെട്ടി എന്ന പേര് സിനിമയിലെത്തിയ ശേഷം അനുഷ്ക ഷെട്ടി എന്നു മാറ്റുകയായിരുന്നു. 2005ല്‍ സൂപ്പര്‍ എന്ന തെലുങ്ക് ചിത്രത്തിലാണ് അനുഷ്ക ആദ്യമായി വേഷമിട്ടത്. നാഗാര്‍ജുന, പ്രഭാസ്, അല്ലു അര്ജുന്, റാണ ദുഗുബാട്ടി തുടങ്ങിയ പ്രമുഖ തെലുങ്ക് താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള അനുഷ്ക തമിഴ് ചിത്രങ്ങളിലും നിറസാന്നിധ്യമായിരുന്നു. ദക്ഷിണ കന്നഡ ജില്ലയിലെ തുളു സംസാരിക്കുന്ന കുടുംബത്തിലെ അംഗമാണ് അനുഷ്ക. രണ്ട് സഹോദരന്മാരാണുള്ളത്.
ബംഗളൂരുവിലെ മൗണ്ട് കാര്‍മല്‍ കോളജിലായിരുന്നു പഠനം. ബിസിഎ ബിരുദധാരിയായ അനുഷ്ക യോഗ പരിശീലക കൂടിയാണ്. നായിക പ്രാധാന്യമുള്ള സിനിമകളെ ഗംഭീര വിജയമാക്കുന്ന നടി കൂടിയായ അനുഷ്ക അഭിനയിച്ച മിക്ക സിനിമകളും ഹിറ്റാണ്. ബാഹുബലിക്കുശേഷം പിന്നീടു തുടര്‍ച്ചയായി അവരുടെ സിനിമകള്‍ വന്നില്ല.
സിനിമ തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങി. 44 വയസുകാരിയായ അനുഷ്ക അവിവാഹിതയാണ്. പ്രഭാസുമായി അനുഷ്ക പ്രണയത്തിലാണെന്ന് ഇടയ്ക്കിടെ വാർത്തകൾ വരാറുണ്ടെങ്കിലും രണ്ടുപേരും ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകുകയോ വിവാഹത്തിൽ എത്തുകയോ ചെയ്തിട്ടില്ല.

