പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ തകർന്നടിഞ്ഞ കോൺഗ്രസ്. കഴിഞ്ഞ തവണ 19 സീറ്റുകളിൽ വിജയിച്ച കോൺഗ്രസിന് 1 സീറ്റിൽ മാത്രമാണ് മുന്നേറാനാകുന്നത്.
കോൺഗ്രസിന്റെ വീഴ്ചയിൽ രാഷ്ട്രീയ ലോകം പഴിക്കുന്നത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയാണ്. ആർജെഡിയുമായി സഖ്യത്തിലാണ് മത്സരിച്ചതെങ്കിലും ഒവൈസിയുടെ പാർട്ടിയേക്കാൾ കുറവ് സീറ്റുകളിലാണ് കോൺഗ്രസിന് മുന്നേറാനാകുന്നത്.
എസ്ഐആറിനെതിരെ ബിഹാറിൽ വോട്ടർ അധികാർ യാത്രയും ദേശീയ തലത്തിൽ തന്നെ വോട്ട് ചോരി അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചെങ്കിലും രാഹുലിന് ബിഹാറിൽ ഒരു സ്വാധീനവും ചെലുത്തനായിട്ടില്ല. ജനം രാഹുലിന്റെ വാദങ്ങൾ എല്ലാം തള്ളുന്ന കാഴ്ചയാണ് ബിഹാറിൽ കണ്ടത്.ന്യൂനപക്ഷ വോട്ടുകൾ കൂടുതൽ ഉള്ള മേഖലകളിൽ പോലും കോൺഗ്രസിന് മുന്നേറാൻ സാധിച്ചിട്ടില്ല.
സീമാഞ്ചൽ മേഖലയിലടക്കം കോൺഗ്രസിന് കനത്ത തിരിച്ചടിയാണ്. ഇവിടെയെല്ലാം ഒവൈസിയുടെ പാർട്ടിക്കാണ് മുന്നേറാൻ സാധിച്ചത്. രാഹുലിനെ ന്യൂനപക്ഷങ്ങൾ പോലും തള്ളുന്നത് ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹത്തെ അപ്രസക്തനാക്കുന്നുണ്ട്.
ഇനി നടക്കാനിരിക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളെയും ഈ ഫലം സ്വാധീനിക്കാനാണ് സാധ്യത. രാഹുൽ പ്രവർത്തന ശൈലി മാറ്റിയില്ലെങ്കിൽ ഇനിയും തിരിച്ചടികൾ തുടരുമെന്ന കാര്യം ഉറപ്പാണ്. കുളത്തിൽ ചാടുന്നതടക്കമുള്ളതല്ല യഥാർഥ പ്രചാരണ രീതി എന്നതും ബിഹാറിലെ ജനങ്ങൾ ഓർമിപ്പിക്കുന്നു.
വോട്ടെണ്ണൽ ആറ് മണിക്കൂർ പിന്നിടുന്നോൾ എൻഡിഎ കുതിക്കുകയാണ്. 200 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്. വെറും 37 സീറ്റിൽ മാത്രമാണ് മഹാസഖ്യം മുന്നിലുള്ളത്.

