പരവൂർ: ട്രെയിനുകളിലും പ്ലാറ്റ്ഫോം സ്റ്റാളുകളിലും റസ്റ്ററന്റുകളിലും ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് ക്യൂആർ കോഡ് ഉൾപ്പെടുത്തിയുള്ള യൂണിഫോമുകൾ നൽകാൻ ഐആർസിറ്റിസി തീരുമാനം.ദീർഘഭൂര ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഭക്ഷ്യവസ്തുക്കൾക്ക് അമിത നിരക്ക് ഈടാക്കുന്ന പരാതികൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്ഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിറ്റിസി) ഈ നടപടി.
ഇതിന്റെ പ്രാരംഭ നടപടികൾ കോർപ്പറേഷൻ ആരംഭിച്ച് കഴിഞ്ഞു. പുതിയ യൂണിഫോമുകളിലെ ക്യൂആർ കോഡുകളിൽ ഭക്ഷ്യവസ്തുക്കളുടെ മെനു, ഔദ്യോഗിക നിരക്കുകൾ യാത്രക്കാർക്ക് പരാതിപ്പെടാനുള്ള ഹെൽപ്പ് ലൈൻ നമ്പർ എന്നിവ ഉണ്ടാകും.ക്രിസ്മസ്-പുതുവത്സര അവധിക്കാലം മുതൽ ഈ സംവിധാനം പ്രാബല്യത്തിൽ വരും.
വന്ദേ ഭാരത്, രാജധാനി എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിലെ ജീവനക്കാർക്ക് നേവി ബ്ലൂ ജാക്കറ്റുകളാണ് യൂണിഫോം.മറ്റ് ട്രെയിനുകളിലെയും പ്ലാറ്റ്ഫോം സ്റ്റാളുകളിലെയും ജീവനക്കാർക്ക് ഇളം നീല ഷർട്ടുകളുമാണ് യൂണിഫോമുകളായി ധരിക്കാൻ നൽകുക.യൂണിഫോമുകളിലെ ക്യൂആർ കോഡ് വഴി യാത്രക്കാർക്ക് ഡിജിറ്റൽ പേയ്മെന്റുകൾ നടത്താനും അവസരമുണ്ടാകും.
അമിതനിരക്ക് ഈടാക്കുന്നതിനെക്കുറിച്ചുള്ള പരാതികൾക്ക് പരിഹാരം കാണാൻ ഒരു ഹെൽപ്പ് ലൈൻ നമ്പറുമായി യൂണിഫോമിലെ ക്യൂആർ കോഡിനെ ബന്ധപ്പെടുത്തും.റെയിൽവേയിലെയും ട്രെയിനുകളിലെയും ഭക്ഷണ വസ്തുക്കളുമായി ബന്ധപ്പെട്ട് പ്രതിദിനം ശരാശരി ആയിരത്തോളം പരാതികളാണ് വിവിധ സോണുകളിൽ നിന്ന് ഐആർസിറ്റിസിക്ക് ലഭിക്കുന്നത്.
കുപ്പിവെള്ളത്തിന്റെ നിരക്ക് സംബന്ധിച്ചും സ്വകാര്യ കരാറുകാർ ഏറ്റെടുത്ത് നടത്തുന്ന പാൻട്രി കാർ വഴി നൽകുന്ന ഭക്ഷണത്തിന്റെ അമിത നിരക്കും സംബന്ധിച്ചാണ് 35 മുതൽ 40 ശതമാനം വരെയും പരാതികൾ.ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മ, ശുചിത്വക്കുറവ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് ബാക്കിയുള്ളതിൽ ഭൂരിഭാഗവും. പുതിയ സംവിധാനം വരുന്നതോടെ ഇത്തരം പരാതികൾ പരമാവധി ഒഴിവാക്കാൻ സാധിക്കുമെന്നാണ് ഐആർസിറ്റിസിയുടെ പ്രതീക്ഷ.
- എസ്.ആർ. സുധീർ കുമാർ

