കോട്ടയം: ജെസ്ന മരിയ ജയിംസ് തിരോധാന കേസ് രണ്ടാംഘട്ടം അന്വേഷണവും ഫലം കാണാതെ സിബിഐ പിന്വാങ്ങുന്നതായ വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് ജെസ്നയുടെ പിതാവ് ജയിംസ് കുന്നത്ത് വ്യക്തമാക്കി. സിബിഐ അന്വേഷണസംഘം എരുമേലി പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസില്‍ ക്യാമ്പ് ചെയ്ത് അന്വേഷിച്ചുവരികയാണെന്നും അന്വേഷണം നിർത്താന്‍ നിര്‍ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജെസ്ന തിരോധാന കേസില്‍ സിബിഐ ആദ്യം നടത്തിയ അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിജെഎം കോടതിയില്‍ ജയിംസ് നല്കിയ ഹര്‍ജിയിലാണു തുടരന്വേഷണത്തിനു കഴിഞ്ഞ വര്‍ഷം ഉത്തരവായത്. ഏതാനും സഹപാഠികള്‍, സുഹൃത്തുക്കള്‍, സാഹചര്യങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവരിലേക്ക് അന്വേഷണം എത്തിയില്ലെന്നായിരുന്നു പരാതി.
പുലിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്കാണ് ജെസ്നയെ കാണാതായതെന്നും ഈ സ്ഥലങ്ങളില്‍ സിബിഐ അന്വേഷണം എത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാം വര്‍ഷം ബികോം വിദ്യാര്‍ഥിനിയായിരുന്ന ജെസ്നയെ 2018 മാര്‍ച്ച് 22നാണ് കാണാതായത്.
രാവിലെ 9.30ന് മുക്കൂട്ടുതറയ്ക്കുസമീപം കൊല്ലമുളയിലെ വീടിനു മുന്നില്‍നിന്നും ഓട്ടോയില്‍ കയറി മുക്കൂട്ടുതറയില്‍ എത്തി. പിന്നീട് ബസില്‍ എരുമേലി ബസ് സ്റ്റാന്‍ഡില്‍ എത്തിയതായും വിവരം ലഭിച്ചു. പക്ഷേ, അതിനുശേഷം ജെസ്നയ്ക്ക് എന്ത് സംഭവിച്ചെന്നോ എവിടേക്കാണ് പോയതെന്നോ ഏഴു വര്‍ഷമായിട്ടും അറിയില്ല.

