തൃപ്പൂണിത്തുറ: യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് അമ്പലമുകള്‍ സ്വദേശിനിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത ആള് പിടിയിലായി. തൃപ്പൂണിത്തുറ നടമ മുളക്കര വീട്ടില്‍ വിനയ് വിന്‍സെന്റിനെയാണ് (31) ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. അമ്പലമുകള്‍ അയ്യങ്കുഴി വള്ളക്കോട്ട് വീട് രാജുവിന്റെ ഭാര്യ മിനിയുടെ പരാതിയിലാണ് പ്രതിയുടെ അറസ്റ്റ്.
ഇവരുടെ മകന് അതുല്‍ രാജിനെ യു.കെയില്‍ ജോലിക്ക് അയയ്ക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2023 ഫെബ്രുവരി മുതല്‍ പല തവണയായി ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും അഞ്ചുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ജോലി ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടങ്കിലും ലഭിക്കാതെ വന്നതോടെ 2024 നവംബറില്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

