കണ്ണൂർ: ഭാര്യയെ കൊന്ന കേസിലെ പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ കഴുത്തറത്ത് ആത്മഹത്യ ചെയ്തു. വയനാട് കേണിച്ചിറ സ്വദേശി ജിൽസനാണ് (44) മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് കഴുത്തറത്തത്.
മൂർച്ചയുള്ള ചെറിയ ആയുധം ഉപയോഗിച്ചാണ് കഴുത്തറത്തത്. മുറിവിൽ നിന്ന് കൈകൊണ്ട് രക്തം ഞെക്കിക്കളയുകയായിരുന്നുവെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏഴ് മാസം മുമ്പാണ് ഇയാളെ മാനന്തവാടി സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്കു കൊണ്ടുവന്നത്. ഇതിനുമുമ്പ് രണ്ടുതവണ ഇയാൾ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായി ജയിൽ അധികൃതർ പറഞ്ഞു.
തുടർച്ചയായി കൗൺസലിംഗ് കൊടുത്തുവരികയായിരുന്നു. മികച്ച ചിത്രകാരനായിരുന്ന ജിൽസന്റെ ചിത്രപ്രദശനം നടത്താനൊരുങ്ങവെയാണ് ആത്മഹത്യ. സിസിടിവി ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും ജയിൽ അധികൃതർ പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ 14 ന് കേണിച്ചിറയിൽ ഭാര്യ ലിഷയെ കൊലപ്പെടുത്തിയ കേസിലാണ് ജിൽസൺ അറസ്റ്റിലായത്. അന്ന് ജീവനൊടുക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. കടബാധ്യതയെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രണ്ടു മക്കളെയും മുറിയിൽ പൂട്ടിയിട്ടതിനുശേഷമായിരുന്നു ഭാര്യയെ കൊലപ്പെടുത്തിയത്. വാട്ടർ അഥോറിറ്റി ജീവനക്കാരനായിരുന്നു ജിൻസൺ.

